വീണ്ടും കാനഡയുടെ കടുംവെട്ട്: കുടിയേറ്റം കൂടുതല്‍ ദുരിതമാകും, ആശങ്കയില്‍ ആയിരക്കണക്കിന് വിദ്യാർത്ഥികള്‍
വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള അതിശക്തമായ നീക്കങ്ങളുമായി കാനഡ മുന്നോട്ട് പോകുന്നു. വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ആകർഷിച്ചിരുന്ന സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (SDS) പദ്ധതിക്ക് കീഴില്‍ വരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് ഈ നിരയിലെ ഏറ്റവും അവസാനത്തെ നടപടി. നവംബർ 8 മുതല്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ നിലവിലുണ്ടാകില്ലെന്നാണ് അറിയിപ്പ്.
മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ ആശ്രയിച്ചിരുന്ന പദ്ധതിയായിരുന്നു ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ. കാനഡയുടെ പുതിയ തീരുമാനം കാനഡ മോഹങ്ങള്‍ വെച്ച് പുലർത്തുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥി വിസ പ്രക്രിയ കൂടുതല്‍ ദുഷ്കരമായേക്കും എന്നതാണ് പദ്ധതി പിന്‍വലിച്ചതിന്റെ പ്രധാന അനന്തരഫലം.

ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ പ്രക്രിയകള്‍ ലളിതമാക്കുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു 2018 ല്‍ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ ആർ സി സി) ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ പദ്ധതി അവതരിപ്പിക്കുന്നത്. 20635 കനേഡിയന്‍ ഡോളർ മൂല്യമുള്ള കനേഡിയൻ ഗ്യാരൻ്റീഡ് ഇൻവെസ്റ്റ്‌മെൻ്റ് സർട്ടിഫിക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാന യോഗ്യത സർട്ടിഫിക്കറ്റും ഉള്ളവർക്ക് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ പദ്ധതിക്ക് കീഴില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിസ അനുവദിക്കുന്നതായിരുന്നു പദ്ധതി.
രാജ്യത്തെ വർധിച്ച് വരുന്ന വിദേശകുടിയേറ്റം കുറയ്ക്കുകയെന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കവും. വലിയതോതില്‍ വിദേശീയർ പഠനത്തിനും മറ്റുമായി കാനഡയിലേക്ക് എത്തിയത് രാജ്യത്ത് പാർപ്പിട മേഖലയിലും തൊഴില്‍ മേഖലയിലുമൊക്കെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍
പ്രാദേശിക ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അടക്കം എണ്ണം കുറയ്ക്കാന്‍ കാനഡ തീരുമാനിക്കുകയായിരുന്നു.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഉൾപ്പെടെ എല്ലാ തലത്തിലുള്ള വിദ്യാഭ്യാസത്തിനുമായി രാജ്യത്തേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 437000 ആയി നേരത്തെ തന്നെ കാനഡ നിശ്ചയിച്ചിട്ടുണ്ട്. പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി), അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പങ്കാളികൾക്കുള്ള വിസയിലെ നിയന്ത്രണ തുടങ്ങിയ കർശനമായ നിർദേശങ്ങളും നടപ്പിലാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.












Click it and Unblock the Notifications