കാനഡയിലെ സാഹചര്യം കഷ്ടം തന്നെ: 5 ലക്ഷം രൂപ ശമ്പളം, എന്നിട്ടും നല്ല ജീവിതമില്ല; ഇന്ത്യക്കാരി പറയുന്നു
കോവിഡിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മൂന്ന് വർഷങ്ങള്‍ക്ക് ഇപ്പുറം കാര്യങ്ങള്‍ നേരെ കീഴ്മേല്‍ മറഞ്ഞിരിക്കുന്നുവെന്ന് വേണം പറയാന്‍. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ളവർ ഇന്ന് വിവിധ തരത്തിലുള്ള വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ജീവിത ചിലവ് വലിയ തോതില്‍ വർധിച്ചതാണ് കാനഡയില്‍ വസിക്കുന്നവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ഉയർന്ന ശമ്പളം ലഭിക്കുന്നവർക്ക് പോലും മാന്യമായ രീതിയില്‍ ജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നതിന് നിരവധി ഉദാഹാരണങ്ങള്‍ കാനഡയില്‍ നിന്നും പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ ഒരു വ്യക്തിയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ സ്ത്രീക്ക് ഒരു വർഷം ലഭിക്കുന്ന ശമ്പളം 60 ലക്ഷത്തോളം രൂപയാണ്. അതായത് മാസം അഞ്ച് ലക്ഷത്തോളം രൂപ. നാട്ടിലെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത്രയധികം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും കാനഡയില്‍ സുഖപ്രദമായ ജീവിതം നയിക്കാന്‍ ഇവർക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
ഇത്രയും ശമ്പളം ഇന്ത്യയിലായിരുന്നു ലഭിക്കുന്നതെങ്കില്‍ ആഢംബരപൂർണ്ണമായ ജീവിതത്തിനൊപ്പം വലിയ തുക നിക്ഷേപമായി മാറ്റാനും അവർക്ക് കഴിയുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാല്‍ കാനഡയിലെ സാഹചര്യം അതല്ല. ഉയർന്ന വീട്ടു വാടക, ഉയർന്ന തോതിലുള്ള ദൈനംദിന ചിലവുകള്‍, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, നികുതി തുടങ്ങിയ വിവിധ ഘടകങ്ങളാണ് കാനഡയിലെ ജീവിത ചിലവ് ഉയർത്തുന്ന പ്രധാന ഘടകം.
അടുത്തകാലത്തായി വർധിച്ച പണപ്പെരുപ്പവും കാനഡയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാക്കി. കാനഡയിലെ ടിഡി ബാങ്കിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സ്ത്രീ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള അവർക്ക് 95,000 ഡോളർ, അതായത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ വർഷം 60 ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്.
പിയൂഷ് മോംഗ എന്ന വ്യക്തിയുടെ സാലറിസ്കെയില്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് യുവതി തന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ തുറന്ന് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി കാനഡയില്‍ ജീവിച്ച് വരികയാണ് വീഡിയോയില്‍ കാണുന്ന സ്ത്രീ. ഈ കാലയളവിനുള്ളില്‍ കാനഡയിലെ ജീവിതച്ചിലവ് ഏതൊക്കെ തരത്തിലാണ് വർധിച്ചതെന്ന് യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഓരോ വസ്തുവിന്റെയും കാര്യത്തിലുണ്ടായിരുന്ന വില വർധനവ് യുവതി എണ്ണിയെണ്ണി പറയുന്നു. 'മൂന്ന് വർഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇവിടെ വരുമ്പോള്‍ ബട്ടറിന്റെ വില നാല് ഡോളറിന്റെ അടുത്തായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അത് നേരെ ഇരട്ടിയായി. ഇന്ന് അതേ അളവിനുള്ള ബട്ടറിന് എട്ട് ഡോളറോളം നല്‍കണം. ഇത്തരത്തില്‍ എല്ലാ തരത്തിലും കാനഡയില്‍ ജീവിത ചിലവ് വർധിച്ചു' യുവതി പറയുന്നു.
ടൊറന്റോയിലാണ് ഞാന്‍ താമസിക്കുന്നത്. രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമുള്ള വീടിന് മാസവാടകയായി നല്‍കേണ്ടത് 1600 ഡോളറാണ്. ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ ഇത് ഏകദേശം 1.34 ലക്ഷം രൂപയാണെന്നും യുവതി വ്യക്തമാക്കുന്നു.
ഇത്രയും ശമ്പളം ലഭിക്കുന്നവർക്ക് കാനഡയില്‍ മാന്യമായ രീതിയില്‍ ജീവിച്ച് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇതില്‍ കുറവ് ശമ്പളം ലഭിക്കുന്നവരുടെ അവസ്ഥ കൂടുതല്‍ കഷ്ടമായിരിക്കുമല്ലോ എന്ന് തുടങ്ങിയ കമന്റുകള്‍ ഈ വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കും. പാർട് ടൈം ജോലി ലക്ഷ്യത്തോടെ കാനഡയിലേക്ക് കുടിയേറിയിരിക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാർത്ഥികളാണ്. ഉയർന്ന് വരുന്ന ജീവിത ചിലവ് ഇവരേയും കടുത്ത പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications