കാനഡയിൽ പിആർ നേടിയവർക്കെല്ലാം ജോലി ലഭിക്കുന്നുണ്ടോ? ആശങ്കപ്പെടുത്തുന്ന കണക്കുകൾ ഇങ്ങനെ
ഉപരിപഠനവും ജോലിയും ലക്ഷ്യം വെച്ച് ലക്ഷക്കണക്കിന് ആളുകളാണ് പ്രതിവർഷം ഇന്ത്യയിൽ നിന്ന് അടക്കം കാനഡയിലേക്ക് പോകുന്നത്. എന്നാൽ ഇത്തരത്തിൽ പ്രതീക്ഷളുമായി വിമാനം കയറുന്നവർക്ക് കാനഡയിൽ പ്രതീക്ഷിച്ച ജോലി ലഭിക്കുന്നുണ്ടോ? വിശദമായി പരിശോധിക്കാം.
2006-നും 2023-നും ഇടയിൽ, കാനഡയിൽ പുതിയതായി പിആർ ലഭിച്ചതോ അല്ലെങ്കിൽ ജോലി തേടി എത്തിവരോ ആയ കുടിയേറ്റക്കാരുടെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 7.7% ആണ്. കൊവിഡ് പ്രതിസന്ധി തീർത്ത 2020 ജൂണിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് ഈ വിഭാഗത്തിനിടയിൽ രേഖപ്പെടുത്തിയത്, അതായത് 14.6 ശതമാനത്തിന്റെ വർധനവ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് 2022 ജൂണിൽ ആയിരുന്നു 5 ശതമാനം.

അഞ്ചോ അതിൽ താഴെയോ വർഷമായി കാനഡയിൽ താമസിച്ചിരുന്ന കുടിയേറ്റക്കാരുടെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 11.7% ശതമാനമായിരുന്നു. കാനഡയിൽ പിആർ നേടി 5 നും 10 നും ഇടയിൽ വർഷത്തിലുള്ള കുടിയേറ്റക്കാരുടെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 8.9% ആയിരുന്നു. 2020 ജൂണിൽ 16.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ. അതേസമയം 2022 ഡിസംബറിൽ 4.5 ശതമാനം എന്ന താഴ്ന്ന നിലയിലും എത്തി. പത്തോ അതിലധികമോ വർഷമായി കാനഡയിൽ കഴിഞ്ഞിരുന്ന കുടിയേറ്റക്കാർക്കിടയിലാണ് ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തത്, 6.6 ശതമാനം.
ഈ കണക്കുകൾ പരിശോധിച്ചാൽ ഉയരുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് അഞ്ച് വർഷത്തിൽ താഴെയായി കാനഡയിൽ താമസിക്കുന്ന കുടിയേറ്റക്കാർക്കിടയ്ൽ ഇത്ര ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഉണ്ടാകുന്നതെന്നാണ്. പുതുതായി പിആർ ലഭിച്ച ആളുകൾ പുതിയ കോഴ്സുകൾ പഠിക്കാനോ പ്രത്യേക മേഖലയിൽ അക്രഡിറ്റേഷൻ നേടി തൊഴിൽ നേടാനുള്ള ശ്രമങ്ങളോ നടത്തുന്നവരായിരിക്കാം. മറ്റൊന്ന് പുതിയ കുടിയേറ്റക്കാരുടെ മക്കൾ (15 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ) സ്വാഭാവികമായും അവിടെ ഉപരിപഠനം നടത്തുന്നവരായിരിക്കും. ഇവരയും തൊഴിലില്ലാത്തവരുടെ വിഭാഗത്തിൽ ആയിരിക്കും ഉൾപ്പെടുത്തുക.പുതിയതായി എത്തിയവർക്ക് പലപ്പോഴും കനേഡിയൻ തൊഴിൽ വിപണയിലെ മത്സരങ്ങളോട് കിടപിടക്കാൻ കഴിയാതെ പോകുന്ന സാഹചര്യവും ഉണ്ട്. മതിയായ പ്രവൃത്തി പരിചയം ഇതിന് തടസം തീർക്കാറുണ്ട്
കാനഡയിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത കുടിയേറ്റക്കാർക്ക് (പിആർ പദവി ലഭിക്കുന്നതിന് മുമ്പ്) മറ്റുള്ളവരെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ രാജ്യത്ത് തൊഴില്‍ ഒഴിവുകളുടെ എണ്ണം ജുലൈയില്‍ 5.8 ശതമാനായി കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. തൊഴിൽ ഒഴിവുകളുടെ എണ്ണം വർഷം തോറും 28.1 ശതമാനം അല്ലെങ്കിൽ 273700 എണ്ണം കുറഞ്ഞുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications