കാനഡയിൽ നിന്നൊരു സന്തോഷ വാർത്ത; പിആർ നേടുകയാണോ ലക്ഷ്യം..ഇതാ വൻ അവസരം
ഒറ്റാവോ: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ കുടിയേറുന്ന വിദേശ രാജ്യങ്ങളിലൊന്ന് കാനഡയാണ്. 2021-ൽ പുതിയ കനേഡിയൻ സ്ഥിരതാമസക്കാരിൽ ഏകദേശം മൂന്നിലൊന്നും ഇന്ത്യൻ പൗരന്മാരാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മികച്ച ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.
കാനഡയിൽ എത്തിക്കിട്ടിയാൽ പിന്നെ എല്ലാവർക്കും ഒറ്റലക്ഷ്യമേയുള്ളൂ. എങ്ങനെയെങ്കിലും രാജ്യത്ത് പി ആർ നേടിയെടുക്കുകയെന്നത്. പി ആർ ലഭിച്ചാലുള്ള വലിയ സാധ്യതകൾ തന്നെയാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഓരോ വർഷവും കാനഡ സർക്കാർ അപേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ഇവിടേക്ക് ചേക്കേറുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ അടുത്തിടെ രാജ്യത്ത് ഉയർന്ന് വന്ന തൊഴിലില്ലായ്മ അടക്കമുള്ള പ്രതിസന്ധികളെ തുടർന്ന് കൂടുതൽ പേർക്ക് ഇനി പിആർ അനുവദിക്കില്ലേയെന്ന ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ആശങ്കകളെല്ലാം തള്ളിക്കൊണ്ടുളള റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2024-ൽ 485,000 പേർക്ക് പെർമനെന്റ് റസിഡന്റ്സ് (പി ആർ) നൽകാനൊരുങ്ങുകയാണ് കാനഡ.

2025-ൽ 500,000 പേരെയും 2026-ൽ 500,000 സ്വാഗതം ചെയ്യുമെന്നും ഇമിഗ്രേഷൻ റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ ആർ സി സി ) അറിയിച്ചു. രാജ്യത്തെ നിർണായക മേഖലകളിലെ (ഉദാഹരണത്തിന് ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം , വ്യാപാരം, ഗതാഗതം, കൃഷി) തൊഴിൽ ശക്തികളുടെ വിടവ് നികത്താൻ ലക്ഷ്യം വെച്ചാണ് നീക്കം.
എക്സ്പ്രസ് എൻട്രിയിലൂടെ 2024-ൽ 110,700 സ്ഥിര താമസക്കാരേയും 2025-ലും 2026-ലും 117,500 കുടിയേറ്റക്കാരുമാണ് ലക്ഷ്യം വെയ്ക്കുന്നത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം ( പി എൻ പി ) വഴി 2024-ൽ 110,000 കുടിയേറ്റക്കാരേയും 2025 ലും 26 ലും 120,000 കുടിയേറ്റക്കാരേയും സ്വാഗതം ചെയ്യും. സ്പൗസൽ പാട്ണർ ആന്റ് ചിൽഡ്രൻ സ്പോൺസർഷിപ്പ് പ്രോഗ്രാമിലൂടെ 2024 ൽ 84000 പേരേയും ലക്ഷ്യമിടുന്നുണ്ട്. എന്നാൽ പാരന്റ്സ് ആന്റ് ഗ്രാന്റ് പാരന്റ്സ് പ്രോഗ്രാം (പി ജി പി ) വഴി 32,000 വിസകളാണ് 2024 ൽ അനുവദിക്കുക. 2025 ൽ 34,000 വിസകൾ വരെ അനുവദിക്കുമെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications