കാനഡയിലും യുകെയിലുമെല്ലാം പഠിക്കാന്‍ പോയാല്‍ രക്ഷപ്പെട്ടോ: സൂക്ഷിച്ചില്ലെങ്കില്‍ 'പണി കിട്ടും'
പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന പല മലയാളികളുടേയും ലക്ഷ്യം ജോലി നേടി ആ രാജ്യങ്ങളില്‍ തന്നെ സ്ഥിരതാമസമാക്കുകയെന്നതാണ്. ഇതിനോടകം തന്നെ കാനഡ, യുകെ, ജർമ്മനി, പോളണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ നിരവധിയാണ്. ആദ്യ കാലങ്ങളില്‍ ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവരാണ് ഇപ്പോഴും പലർക്കും പ്രചോദനമായി മാറുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ഇതില്‍ നിന്നും തീർത്തും വ്യത്യസ്തമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ജോലി എന്ന ലക്ഷ്യവുമായി ലക്ഷക്കണക്കിന് രൂപ ലോണ്‍ എടുത്ത് കാനഡ ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് പഠന ശേഷം ആവശ്യമായ ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ല. പഠന സമയത്ത് പാർട് ടൈം ജോലി പല ഏജന്‍സികളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജോലി കിട്ടാതെ ബുദ്ധിമുട്ടുന്നുവരും നിരവധിയാണ്. ഇതോടെ ചിലവുകള്‍ക്ക് നാട്ടില്‍ നിന്ന് പണം അയച്ച് നല്‍കേണ്ട സാഹചര്യം വരെ നിലനില്‍ക്കുന്നുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണി കാരണമാണ് അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ തൊഴിലവസരങ്ങൾ ഗണ്യമായി കുറച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം പല കമ്പനികളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. പുതിയ നിയമനങ്ങള്‍ നടത്തുന്നില്ലെന്ന് മാത്രമല്ല, ചിലയിടത്ത് പിരിച്ചുവിടലും ശക്തമാണ്. പിരിച്ചു വിടല്‍ പ്രക്രിയയില്‍ സ്വദേശികളെ നിലനിർത്തി വിദേശികളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.
യുഎസ്, സിംഗപ്പൂർ, യുകെ, അയർലൻഡ്, ഫ്രാൻസ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലെ മുൻനിര കോളേജുകളിൽ പഠിച്ചിട്ടുള്ള നിരവധി വിദ്യാർത്ഥികൾക്ക് പോലും ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാവുന്നില്ല. ഇതോടെ പലരും ഗള്‍ഫ് പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നു. അവിടേയും അവസരം ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങിയവരും കുറവല്ല.
ന്യൂയോർക്കിലെ പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ജസ്കിരത് പഞ്ജരത്ത് എന്ന വിദ്യാർത്ഥിക്ക് ഇതുവരെ തന്റെ പ്രൊഫൈലിന് അനുയോജ്യമായ ജോലി ലഭിച്ചിട്ടില്ലെന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 150 ഓളം അപേക്ഷകളാണ് പഞ്ജരത്ത് ജോലിക്കായി നല്‍കിയത്. കുറച്ചുപേർ അഭിമുഖത്തിനായി ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം പേരും മറുപടി പോലും നല്‍കിയില്ലെന്നും റിപ്പോർട്ട് പറയുന്നു.
ന്യൂയോർക്ക് സിറ്റിയിലെ കുത്തനെയുള്ള താമസ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ നിലവിൽ ഒരു ബന്ധുവിന്റെ കൂടെയാണ് വിദ്യാർത്ഥിയിപ്പോള്‍ താമസിക്കുന്നത്. ഓരോ ദിനവും ഏറെ കഷ്ടപ്പെട്ടാണ് മുന്നോട്ട് തള്ളി നീക്കുന്നത്. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ സ്വദേശികള്‍ക്കാണ് പല കമ്പനികളും മുന്‍തൂക്കം നല്‍കുന്നത്. അടുത്ത വേനൽക്കാലത്തേക്കുള്ള ഇന്റേൺഷിപ്പുകൾ പോലും ലഭിക്കാൻ പ്രയാസമുള്ള സാഹചര്യമാണെന്നും വിദ്യാർത്ഥി പറയുന്നു.
"യൂറോപ്പിലോ സിംഗപ്പൂരിലോ നിലവില്‍ പുതിയ ജോലി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, സിംഗപ്പൂരിൽ, മിക്ക കമ്പനികളും സിംഗപ്പൂർക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നത്. യൂറോപ്പിലെ നിങ്ങൾക്ക് പ്രാദേശിക ഭാഷ അറിയില്ലെങ്കിൽ, യുകെയില്‍ ജോലി നേടുകയെന്ന സാധ്യത മാത്രമേ നിലനില്‍ക്കുന്നുള്ളു," ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ ദുബായിൽ ഒരു കൺസൾട്ടിംഗ് സ്ഥാപനത്തിൽ ജോലി കണ്ടെത്തിയ അനന്യ ഗുപ്തയെന്ന വിദ്യാർത്ഥി പറയുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2022-ൽ 770,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശത്ത് പഠിക്കാൻ പോയത്. പ്രമുഖ കോളേജുകളില്‍ നിന്നും ബിരുദം നേടിയവർക്ക് പോലും ജോലി ലഭിക്കാന്‍ വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നതെന്ന് വിദ്യാഭ്യാസ കൺസൾട്ടൻസിയായ കോളേജിഫൈയുടെ സിഇഒ ആദർശ് ഖണ്ഡേൽവാളിനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം നിര സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക്, ഒരു ജോലി ലഭിക്കുക അസാധ്യമാണ്. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications