പഠനം കഴിഞ്ഞാൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി; യുകെ,കാനഡ,യുഎസ് എവിടെ പഠിക്കണം? അറിയാം
വിദേശ രാജ്യത്ത് പഠനവും ജോലിയും സ്വപ്നം കണ്ട് ആയിരിക്കണക്കിന് പേരാണ് കേരളത്തിൽ നിന്നുൾപ്പെടെ പലയിടങ്ങളിലേക്കും പറക്കുന്നത്. പഠിച്ച് കഴിഞ്ഞാൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയും പൗരത്വവുമൊക്കെ പ്രതീക്ഷിച്ചാണ് പലരും പോകുന്നതെങ്കിലും എല്ലാവരുടേയും ആഗ്രഹം സഫലമാകണമെന്നില്ല. അതിന് പ്രധാന കാരണം ഏത് രാജ്യത്ത് എന്ത് പഠിക്കണം എങ്ങനെ ജീവിക്കണം എങ്ങനെ വിദേശ പഠനം കൃത്യമായി പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങളിൽ ഉള്ള വ്യക്തതക്കുറവാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പോകാൻ ഇഷ്ടപ്പെടുന്ന ഏറ്റവും ജനപ്രിയമായ 3 രാജ്യങ്ങളെക്കുറിച്ചും വിദ്യാഭ്യാസ അവസരങ്ങൾ, സാമ്പത്തികം, ജോലികൾ എന്നിവയ്ക്കുള്ള സാധ്യതകളെ കുറിച്ചും വിശദമായി അറിയാം

യുഎസ്എ
ഇന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശപഠനത്തിനായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് യുഎസ്എയാണ്. കംപ്യൂട്ടർ സയൻസ് മുതൽ ബിസിനസ് അടക്കമുള്ള കോഴ്സുകൾ വിദ്യാർത്ഥികൾ ഇവിടെ തിരഞ്ഞെടുക്കുന്നു. പ്രായോഗിക അനുഭവത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനം എന്നതാണ് യുഎസിനെ മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.എഞ്ചിനീയറിംഗ്, ടെക്നോളജി പ്രോഗ്രാമുകളിൽ നേരിട്ട് ഇൻ്റേൺഷിപ്പുകൾക്കുള്ള അവസരങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളെ സംബന്ധിച്ച് അതത് മേഖലയിൽ പ്രവൃത്തിപരിചയം നേടാനും ജോലി ലഭിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഉയർന്ന ശമ്പളവും യുഎസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നു.
അതേസമയം പഠനത്തിന് ഏത് പ്രവിശ്യകൾ തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് കൃത്യമായ പ്ലാനിങ് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.കാലിഫോർണിയ യൂണിവേഴ്സിറ്റി, കിഴക്കൻ തീരം (എൻവൈസി, ബോസ്റ്റൺ, ഡിസി ), നോർത്ത് കരോലിന, ടെക്സസ് അല്ലെങ്കിൽ ഇല്ലിനോയിസ് തുടങ്ങിയ പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം. ഇവിടങ്ങളിൽ ജോലി സാധ്യത ഏറെയാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടെ പഠനചെലവ് കൂടും കേട്ടോ. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് 35 ലക്ഷം മുതൽ 70 ലക്ഷം വരെ ചെലവഴിക്കേണ്ടി വരും. പഠനത്തിന് ശേഷം നല്ല ജോലി ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിൽ, ഈ കോഴ്‌സുകൾക്കായി വിദ്യാഭ്യാസ വായ്പ എടുക്കുന്നത് പിന്നീട് വലിയ ഭാരമായി മാറിയേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്നത് ഇവിടെ എളുപ്പമല്ല. F1 സ്റ്റുഡൻ്റ് വിസയിൽ യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ ജോലി ചെയ്യാൻ മാത്രമേ യുഎസ്എയിൽ അനുവാദമുള്ളൂ.
യുകെ
പതിറ്റാണ്ടുകളായി ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സ്ഥലമാണ് യുകെ. പഠനത്തിന് ശേഷം രണ്ട് വർഷം രാജ്യത്ത് തുടരാൻ വിദേശ വിദ്യാർത്ഥികൾക്ക് അനുമതി ഉണ്ട്. അതേസമയം ജോലി സാധ്യത ഇവിടെ വളരെ പരിമിതമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാർട്ട് ടൈം ജോലി ലഭിക്കാനുള്ള സാധ്യതയും കുറവാണത്രേ. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. എംബിഎ, ഫിനാൻസ് പോലുള്ള കോഴ്സുകൾക്ക് യുകെ മികച്ചൊരു ലക്ഷ്യസ്ഥാനമാണ്. എന്നാൽ മറ്റ് വിവിധ മേഖലകൾക്കായി യുകെയിൽ ലഭ്യമായ ജോലികളുടെ എണ്ണം വളരെ പരിമിതമാണ്.
കാനഡ
വിദേശ പഠനത്തിന് വളരെ എളുപ്പത്തിൽ അനുമതി ലഭിക്കുന്ന രാജ്യമാണ് കാനഡ.മാത്രമല്ല വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനത്തിനായി നിരവധി ഓപ്ഷനുകളും ഇവിടെ ഉണ്ട്. 319,130-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ കാനഡയിൽ ഉപരിപഠനം നടത്തുന്നുണ്ടെന്നാണ് കണക്കുകൾ. അക്കൗണ്ടിംഗ്, എംബിഎ, മാനേജ്‌മെൻ്റ്, സിവിൽ & എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്, ഫിനാൻസ് എന്നിവയാണ് മികച്ച തൊഴിൽ സാധ്യതകൾക്ക് വഴിയൊരുക്കുന്ന കോഴ്സുകൾ. കോഴ്സുകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾ വളരെ അധികം ശ്രദ്ധ പുലർത്തണം.ടൊറൻ്റോ, വാൻകൂവർ, മോൺട്രിയൽ, കാൽഗറി എന്നീ പ്രവിശ്യകൾ പഠനത്തിനായി തിരഞ്ഞെടുക്കാം.












Click it and Unblock the Notifications