കാനഡയിൽ പാർട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസ ലോൺ തീർക്കാനാകുമോ? യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇങ്ങനെ
വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ ലോണെടുത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. 2012-13 വർഷത്തെ അപേക്ഷിച്ച് 215 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് സർക്കാർ കണക്ക്. 2012-2022 കാലയളവിൽ ഏകദേശം 4.61 ലക്ഷം വിദ്യാർത്ഥികളാണ് ലോണെടുത്തതെന്നും കണക്കുകൾ പറയുന്നു. പത്ത് വർഷം മുൻപേ ഇത് വെറും 69,898 ആയിരുന്നു.
വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണവും കുത്തനെ കുടിയിട്ടുണ്ട്. 2022 ൽ 750,365 പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായി പറന്നത്.സാധാരണയായി യുകെ, കാനഡ, ഓസ്ട്രേലിയ, ജർമ്മിനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പൊതുവേ ഇന്ത്യയിൽ നിന്നും കൂടുതലായി വിദ്യാർത്ഥികൾ പോകുന്നത്. ഇവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വരുന്ന ഏകദേശ ചെലവ് 40 മുതൽ 50 ലക്ഷം വരെയാണ്.

വിദ്യാഭ്യാസ ലോണെടുത്ത് പോകുന്ന വിദ്യാർത്ഥികളിൽ പഠനത്തിനിടയിൽ പാർട്ട് ടൈം ജോലി ചെയ്താണ് തങ്ങളുടെ ലോൺ തുക അടച്ച് തീർക്കാൻ പണം സമ്പാദിക്കാറുള്ളത്. എന്നാൽ പാർട്ട് ടൈം ജോലിയിലൂടെ നിങ്ങളുടെ ലക്ഷങ്ങൾ വരുന്ന കടങ്ങൾ തീർക്കാൻ പറ്റുമോയെന്നതാണ് പലരും ഉയർത്തുന്ന ചോദ്യം. പരിശോധിക്കാം
പഠന വിസയിൽ യുകെയിൽ എത്തുന്ന ഒരാൾക്ക് ആഴ്ചയിൽ 20 മണിക്കൂറാണ് പാർട്ട് ടൈം ആയി ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. യുഎസിലും ഇതേ സമയം ആണ് ലഭിക്കുക. കാനഡയിൽ എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം. ജർമ്മിനിയിൽ ഫുൾ ടൈം ജോലിയാണെങ്കിൽ 120 ദിവസും പാർട്-ടൈം ആണെങ്കിൽ 240 ദിവസവുമാണ്.എങ്കിലും പാർട്ട് ടൈം ജോലിയെടുത്ത് ദൈംദിന ചെലവുകൾക്കായി സമ്പാദിക്കുകയെന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപെടുന്നത്.
അതേസമയം 40 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്താൽ തന്റെ ചെലവുകൾ സുഖമമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് ഓസ്ട്രേലിയയിലെ അഡ്‌ലെയ്‌ഡ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ദ്രുവിൻ ഗബാനി പറയുന്നത്. അതേസമയം 40 മണിക്കൂർ ജോലിയും പഠനവും ഒരുമിച്ച് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് ദ്രൂവിൻ പറയുന്നു.

ഓസ്‌ട്രേലിയ ആണ് വിദേശ വിദ്യാർത്ഥികൾക്ക് മണിക്കൂറിൽ കൂടുതൽ വേതനം ഉറപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്ന്. ഓസ്ട്രേലിയയെ കൂടാതെ ലക്‌സംബർഗ്, ന്യൂസിലാൻഡ്, ഫ്രാൻസ്, യുകെ, ജർമ്മനി എന്നിവടങ്ങളിലും വിദ്യാർത്ഥികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നുണ്ട്. എന്നാൽ അത് എല്ലായപ്പോഴും ആശ്വാസമാകണമെന്നില്ലെന്ന് വിദഗ്ദർ പറയുന്നു.
കാരണം ഉയർന്ന വേതനം ലഭിക്കുന്ന മിക്ക രാജ്യങ്ങളിലും ജീവിത ചെലവും ഉയർന്നതാകാം. മാത്രമല്ല അതത് രാജ്യങ്ങളിലെ പണപ്പെടുപ്പം, ജീവിത ചെലവുകൾ, ജോലി സമയം ഇത് സംബന്ധിച്ചെല്ലാം വിദ്യാർത്ഥികൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ വായ്പ പാർട്ട് ടൈം ജോലിയിലൂടെ അടച്ച് തീർക്കാനാകുമോ?
കൊവിഡിന് ശേഷം വിദേശ പഠന ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. താമസ ചെലവ്, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ചെലവുകൾ വർധിച്ചതാണ് ഇതിന് പ്രധാന കാരണം.ഇത്തരമൊരു സാഹചര്യത്തിൽ വിദേശത്ത് പാർട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ അടച്ചുതീർക്കുകയെന്നത് ശ്രമകരമായ കാര്യമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നിലവിൽ യുകെയിൽ ഒരു മണിക്കൂറിൽ മിനിമം ലഭിക്കുന്ന വേതനം 800 രൂപയാണ്, ഓസ്ട്രേലിയയിൽ 1150, കാനഡ-900, അയർലെന്റ് -950 , യുഎസ്എ-1100 (നഗരങ്ങൾ മാറുന്നതിന് അനുസരിച്ച് തുകയിലും മാറ്റം വരാം) എന്നിങ്ങനെയാണ് വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തുക.

ഓരോ രാജ്യങ്ങളിലും ലഭിക്കുന്ന അവസരങ്ങളും ജീവിത ചെലവുകൾ നിർവഹിക്കാനുള്ള ജോലി ലഭിക്കാനുള്ള സാധ്യതയുമെല്ലാം അടിസ്ഥാനപ്പെടുത്തിയാകും പഠനത്തോടൊപ്പം തന്നെ ജോലിയെടുത്ത് വിദ്യാഭ്യാസ വായ്പ അടച്ചു തീർക്കാനാകുമോയെന്നത് പറയാനാകുക', ഇഎഎസ് ഗ്ലോബൽ ഡയറക്ടർ റോഹിത് സേതിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളായിരിക്കും വിദേശ പഠനത്തിന് ഏറ്റവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ട് ടൈം ജോബ് കൊണ്ട് വിദ്യാഭ്യാസ ലോൺ അടച്ച് തീർക്കുകയെന്നത് വലിയ ബുദ്ധമുട്ടാണെന്നാണ് ചില വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.' പാർട്ട് ടൈം ജോലി കൊണ്ട് മാത്രം വിദ്യാഭ്യാസ ലോൺ പൂർത്തിയാക്കാൻ സാധിക്കില്ല, അതേസമയം വിദേശ വിദ്യാർത്ഥികളെ സംബന്ധിച്ച് പാർട്ട് ടൈം ജോലി ഒരു അനുഗ്രഹമാണ്. അവരുടെ ദൈംന ദിന ചെലവുകൾ കണ്ടെത്താൻ അത് സഹായിക്കും', യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥിയായ ഷർവി ഗദികർ പറഞ്ഞു.
മാത്രമല്ല പാർട്ട് ടൈം ജോലിയെന്നത് ശരിയായ രീതിയിലാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അത് വിദേശ ജോലി മാർക്കറ്റിൽ ഒരു ഫുൾ ടൈം ജോലി നേടാൻ സാധിക്കുന്ന എൻട്രി പോയിന്റ് ആയി മാറുമെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ അവർ പഠിക്കുന്ന കോഴ്സുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഒരു പാർട്ട് ടൈം ജോലിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പഠനത്തിന് ശേഷം ഫുൾ ടൈം ജോലിയായും അല്ലെങ്കിൽ പാർട്ട് ടൈം എക്സ്റ്റന്റ് ചെയ്തോ മുന്നോട്ട് പോകാൻ സാധിക്കും.
വിദ്യാർത്ഥികൾ അവരുടെ കോളേജുകളിൽ നിന്ന് ബിരുദം നേടിക്കഴിഞ്ഞാൽ, ഭൂരിഭാഗം രാജ്യങ്ങളും പോസ്റ്റ്-സ്റ്റഡി വർക്ക് വിസകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് വിദ്യാർത്ഥികൾക്ക് അവിടെ തുടരാനും അവരുടെ കഴിവും പരിശ്രമങ്ങളും അവിടുത്തെ തൊഴിൽ വിപണികളിൽ ഫലപ്രദമായി ഉപയോഗിക്കാനും അനുവദിക്കുന്നതാണ്. അതുകൊണ്ട് തന്നെ പണം എന്നതിന് ഉപരി ഭാവി കൂടി മനസിൽ കണ്ടൊരു പാർട്ട് ടൈം ജോലി തിരഞ്ഞെടുക്കാം.












Click it and Unblock the Notifications