കാനഡയുടെ തീരുമാനത്തിലൊന്നും വിറക്കില്ല; ഇന്ത്യക്കാരോടാണോ കളി, കളം മാറ്റി വിദ്യാർത്ഥികളും
ഡൽഹി: വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ രണ്ടു വർഷത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ. 364,000ഓളം സ്റ്റഡി പെർമിറ്റുകളായി പരിധി നിശ്ചയിക്കാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശം വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം മൂന്നിലൊന്നായി കുറയാൻ കാരണമാകും.
നീക്കം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളുടെ മോഹങ്ങള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.
നിയന്ത്രണം വിദ്യാർത്ഥികൾക്കിടയിൽ മത്സരവും സമ്മർദ്ദവും വർധിക്കാൻ കാരണമാകുമെന്നാണ് അക്കാദമിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്, പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച്. അക്കാദമിക് പരീക്ഷകളിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകളിലും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മേൽ സമ്മർദ്ദം വർധിക്കാൻ നടപടി വഴിവെക്കുമെന്നും ഇവർ പറയുന്നു.

അതേസമയം നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാകില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ പ്രധാനമായും ബിരുദ ബിരുദാനന്തര-പിഎച്ച്ഡി കോഴ്സുകൾക്കാണ് കാനഡയിലേക്ക് പോകുന്നത്. നിയന്ത്രണങ്ങൾ ഈ മേഖലയ്ക്ക് ഇല്ലെന്നാണ് ഇവർ പറയുന്നത്. എന്നിരുന്നാലും വിസ നിരസിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
ഡിപ്ലോമ കോഴ്സ് പഠിക്കാൻ ലക്ഷ്യം വെച്ച് കാനഡ തിരഞ്ഞെടുക്കുന്നവർക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുകയെന്നും നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇവർ മറ്റ് സാധ്യതകൾ പരിശോധിക്കുമെന്നും ന്യൂഡൽഹി ആസ്ഥാനമായുള്ള വിദ്യാഭ്യാസ കൺസൾട്ടൻസിയായ എംഎം അഡ്വൈസറി സർവീസസിൻ്റെ ഡയറക്ടർ മരിയ മത്തായി പറയുന്നു. എന്നാൽ കാനഡയ്ക്ക് പകരം മറ്റ് രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവർക്കും ഉപരിപഠനം എന്നത് എളുപ്പമാകില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു വർഷമായി കൂടുതൽ രാജ്യങ്ങൾ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇവർ പറയുന്നത്.
ഓസ്ട്രേലിയയുടെ കാര്യം പരിശോധിച്ചാൽ അടുത്തിടെ അവർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ സർക്കാർ കർശനമാക്കിയിരുന്നു. ബിരുദ പഠനത്തിന് വിസ തേടുന്നവർക്ക് ഇൻ്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് സിസ്റ്റത്തിൽ (IELTS) 6.5 സ്കോർ ആവശ്യമാണെന്നാണ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. വിസ ആപ്ലിക്കേഷനുകളിലുള്ള ഫീസ് ഘടനയിലും അടുത്തിടെ ഓസ്ട്രേലിയ വർധനവ് വരുത്തിയിരുന്നു.
വിദേശ വിദ്യാർത്ഥികളുടെ ആശ്രിത വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു യുകെയിൽ നിന്നുള്ള തിരിച്ചടി. ഡിഗ്രിക്കോ മറ്റ് ചെറുകിട കോഴ്സുകൾക്കോ ബ്രിട്ടണിലെത്തുന്ന വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ലെന്നായിരുന്നു യുകെ വ്യക്തമാക്കിയത്. അതേസമയം പ്രധാന രാജ്യങ്ങൾ കുടിയേറ്റം നിയന്ത്രിക്കാനുളള നീക്കങ്ങൾ ശക്തമാക്കിയതോടെ
കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങൾക്കപ്പുറം മറ്റ് രാജ്യങ്ങളിലേക്ക് പറക്കുകയാണ് വിദ്യാർത്ഥികൾ എന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.
ട്യൂഷൻ ഫീസ്, പഠനാനന്തര തൊഴിൽ അവസരങ്ങൾ, അനുകൂലമായ ഇമിഗ്രേഷൻ നയങ്ങൾ എന്നിവ നൽകുന്ന നെതർലാൻഡ്‌സ്, അയർലൻഡ്, ദക്ഷിണ കൊറിയ, തായ്‌വാൻ, മാൾട്ട, ഹംഗറി, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ വിദ്യാർത്ഥികൾ കൂടുതൽ തിരഞ്ഞെടുക്കുനന്തെന്നാണ് വിദ്യാഭ്യാസ കൺസൾട്ടന്റുമാർ പറയുന്നത്. മാത്രമല്ല ഇംഗ്ലീഷ് സ്പീക്കിംഗ് രാജ്യങ്ങൾക്ക് പകരം യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ പറക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications