കാനഡ സ്വർഗ രാജ്യമോ? കുടിയേറിയാൽ ജോലിയും ജീവിതവും മെച്ചപ്പെടുമോ?; ഇവർ പറയുന്നു
ഒറ്റാവോ: ഇന്ത്യക്കാരെ സംബന്ധിച്ച് കാനഡ എന്നത് അവരുടെ സ്വപ്നരാജ്യമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം, ജീവിതശൈലി, സൗജന്യ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.കൂടാതെ, കാനഡയുടെ പൗരത്വ പ്രക്രിയ മറ്റേതൊരു യൂറോപ്യൻ അല്ലെങ്കിൽ വടക്കേ അമേരിക്കൻ രാജ്യത്തേക്കാളും എളുപ്പവും ഹ്രസ്വവും ചെലവ് കുറഞ്ഞതുമാണ്.
2021ലെ കണക്കുകൾ പ്രകാരം 1.4 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ലെ 32,828-ൽ നിന്ന് 2022-ൽ 118,095 ആയി വർധിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കാനഡയിലേക്ക് ചേക്കേറാൻ വിദ്യാർത്ഥികൾ കണ്ടെത്തുന്ന എളുപ്പ മാർഗങ്ങളിലൊന്ന് വിദ്യാർത്ഥി വിസയാണ്. ഈ വർഷം 9 ലക്ഷം അന്തർദേശീയ വിദ്യാർത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ മികച്ച ജോലിയും ജീവിതവും എന്ന സ്വപ്നം കാനഡയിൽ പോയാൽ സാധ്യമാകുമോയെന്നതാണ് പ്രധാന ചോദ്യം. ഇവർ പറയുന്നത് നോക്കൂ
ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 25 കാരനായ വൈഭവ് 2021 സെപ്റ്റംബറിലാണ് കാനഡയിലേക്ക് പോയത്. കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് ബിരുദദാരിയാണ് വൈഭവ്. ബിസിനസ് അനലിറ്റിക്‌സ്, ഐടി പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിനായി സ്റ്റുഡന്റ് വിസയിലാണ് വൈഭവ് കാനഡയിലെത്തിയത്.
മൂന്നുമാസം സൂപ്പർസ്റ്റോർ ക്ലാർക്കായും ഒരു മാസത്തേക്ക് കരാറിൽ ഐടി സപ്പോർട്ട് സ്റ്റാഫറായും 11 മാസം ഉപഭോക്തൃ സേവന പ്രതിനിധിയായും വൈഭവ് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ജോലി ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി ജോലി അന്വേഷിക്കുകയാണ് വൈഭവ്. ഇതുവരേയും വൈഭവിനെ ഭാഗ്യം തുണച്ചിട്ടില്ല.
'കാനഡയിലെ ജീവിതം തനിക്ക് ഒട്ടും ആശ്വാസകരമല്ല. ഇവിടെ പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിലയിലാണ്. വാടക കൂടുതലാണ്. പലചരക്ക് സാധനങ്ങൾ ചെലവേറിയതാണ്. നിരവധി കുടിയേറ്റക്കാർ ലഭ്യമായ ഏതെങ്കിലും തരത്തിലുള്ള ജോലി അന്വേഷിക്കുകയാണ്, പക്ഷേ നിരാശയാണ് ഫലം',വൈഭവ് പറയുന്നു.
അഞ്ച് വർഷം മുൻപ് കാനഡയിൽ എത്തിയതാണ് സോഫ്റ്റ്വെയർ എൻജിനിയറായ അഭിഷേക് മിശ്ര. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദം എടുക്കാനാണ് 2018 ൽ അഭിഷേക് കാനഡയിൽ എത്തിയത്. ആദ്യപ്രതിസന്ധി കൊവിഡ് ആയിരുന്നു. കോഴ്സ് കഴിഞ്ഞും ജോലി കണ്ടെത്താൻ പ്രയാസപ്പെട്ടു. എന്നാൽ തൊഴിലില്ലാത്തതിനാൽ സർക്കാരിൽ നിന്ന് ധനസഹായമായി ഏകദേശം 20,000 ഡോളർ എനിക്ക് ലഭിച്ചു', അഭിഷേക് പറഞ്ഞു. കാനഡയിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങളും പെൻഷനുകളും മറ്റ് സാമൂഹിക സേവനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പൗരൻമാർക്ക് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംബിഎ യോഗ്യതയ്ക്ക് അനുസൃതമായി ജോലി അഭിഷേകിന് ലഭിച്ചിരുന്നില്ല. അതിനാൽ തന്റെ എഞ്ചിനിയറിംഗ് യോഗ്യതയും പ്രവൃത്തി പരിചയവും പ്രയോജനപ്പെടുത്തിയതോടെ അഭിഷേകിന് ജോലി ലഭിച്ചു.
അതേസമയം കനേഡിയൻ അനുഭവസമ്പത്ത് ഇല്ലാത്തതത് ആദ്യം വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ, കാനഡയിൽ പരിമിതമായ ജോലികൾ മാത്രമാണ് ഉള്ളത്. വളരെ അധികം സ്വപ്നങ്ങൾ ഉള്ളവരാണെങ്കിൽ യുഎസിലെ ഏതെങ്കിലും സർവകലാശാലയിൽ ചേരുന്നതാണ് നല്ലതെന്നും അഭിഷേക് ഉപദേശിക്കുന്നു.
49കാരനായ അശ്വനി അഗർവാൾ കഴിഞ്ഞ 10 വർഷമായി കാനഡയിൽ കഴിയുന്നു. കാനഡയിൽ വിജയിക്കുന്നത് എളുപ്പമല്ല, എന്നാൽ കഠിനാധ്വാനവും സത്യസന്ധതയും കഴിവുകളും വിജയിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അശ്വനി പറയുന്നു.
'ഞാൻ ഒരു സർക്കാർ ജോലിക്കാരന്റെ മകനായിരുന്നു, വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. 35 വയസുള്ളപ്പോൾ എന്റെ വരുമാനം 80,000 രൂപയായിരുന്നു. കുടുംബത്തിന് ചെറിയ വീട് വാങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് എനിക്ക് ഒരു ആഡംബര കാർ ഉണ്ട്, ഞാൻ സ്വപ്നം കണ്ടതിലും മികച്ച ഒരു വീട്. സന്തോഷകരമായ കുടുംബം, സമാധാനം, സമ്പത്ത് എല്ലാം ഉണ്ട്', അദ്ദേഹം പറഞ്ഞു.തന്നെ സംബന്ധിച്ച് കാനഡ ഒരു ഭാഗ്യനാടാണെന്ന് ദ്ദേഹം പറയുന്നു.
20 വർഷമായി കാനഡയിൽ കഴിയുന്ന പിയൂഷ് ഗുപ്ത പറയുന്നത് എന്ത് ജോലിയും ചെയ്യാൻ മനസുണ്ടെങ്കിലേ കാനഡയിലേക്ക് വരാവൂ എന്നാണ്. മാത്രമല്ല തൊഴിൽ വിപണി, പാർപ്പിടം, ജീവിതശൈലി എന്നിവയെ കുറിച്ചെല്ലാം വിശദമായി മനസിലാക്കിയ ശേഷം മാത്രമേ കാനഡയിലേക്ക് വിമാനം കയറാവൂ എന്നും അദ്ദേഹം ഉപദേശിക്കുന്നു.












Click it and Unblock the Notifications