സിഐഎസ്എഫില്‍ 403 ഹെഡ് കോൺസ്റ്റബിൾ ഒഴിവുകള്‍: എഴുത്ത് പരീക്ഷയില്ല; വേണ്ടത് ഈ യോഗ്യത
കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി ഐ എസ് എഫ്) യില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സ്പോർട്സ് ക്വോട്ടയിൽ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് സി ഐ എസ് എഫ് അപേക്ഷ ക്ഷണിച്ചു. ആകെ 403 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ എന്തെല്ലാം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങള്‍ താഴെ വിശദമായി നല്‍കുന്നു.
വുഷു, ടായ്ക്വോണ്ടോ, കരാട്ടെ, പെൻകാക് സിലാറ്റ്, ആർച്ചറി, കയാക്കിംഗ്, കനോയിംഗ്, റോവിംഗ്, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, ബോക്സിംഗ്, ജിംനാസ്റ്റിക്സ്, വെയ്റ്റ് ലിഫ്റ്റിംഗ്, റെസ്‌ലിംഗ്, അത്‌ലറ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഈ റിക്രൂട്ട്മെന്റ് വഴി, കായിക മേഖലയിൽ സംസ്ഥാന/ദേശീയ/അന്തർദേശീയ തലങ്ങളിൽ പ്രതിനിധാനം ചെയ്തിട്ടുള്ള അപേക്ഷകർക്ക് അവസരം ലഭിക്കും.

യോഗ്യത
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് വിജയിച്ചിരിക്കണം.
പ്രായപരിധി: 2025 ഓഗസ്റ്റ് 1-ന് 18 മുതൽ 23 വയസ്സ് വരെ. (നിയമപ്രകാരമുള്ള ഇളവുകൾ ബാധകം)
കായിക യോഗ്യത: സംസ്ഥാന, ദേശീയ, അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചവർക്ക് മുൻഗണന.
ശാരീരിക യോഗ്യത: ഉയരം, ശരീരഭാരം, നെഞ്ചളവ് എന്നിവയിൽ സി ഐ എസ് എഫ് മാനദണ്ഡങ്ങൾ പാലിക്കണം.
ശമ്പളം എത്ര കിട്ടും
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ലെവൽ - 4 ശമ്പള സ്കെയിലിൽ 25500 രൂപ മുതൽ 81100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കൂടാതെ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും.
അപേക്ഷ രണ്ട് ഘട്ടങ്ങളിലായി
ഉദ്യോഗാർത്ഥികള്‍ക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. എഴുത്ത് പരീക്ഷ ഇല്ലാത്തതിനാൽ, കായിക മികവും ശാരീരിക യോഗ്യതയുമാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന മാനദണ്ഡങ്ങൾ. അപേക്ഷാ പ്രക്രിയ രണ്ട് ഘട്ടങ്ങളായിട്ടാണ് പൂർത്തിയാക്കുക.
ഒറ്റത്തവണ രജിസ്ട്രേഷൻ: സി ഐ എസ് എഫിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (cisfrectt.cisf.gov.in) ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇതിനായി ഒരു സ്ഥിരമായ രജിസ്ട്രേഷൻ ഐ ഡിയും പാസ്‌വേഡും ലഭിക്കും.
അപേക്ഷാ ഫോം പൂരിപ്പിക്കൽ: രജിസ്ട്രേഷൻ ഐ ഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂർത്തിയാക്കണം. ആവശ്യമായ രേഖകൾ (12-ാം ക്ലാസ് സർട്ടിഫിക്കറ്റ്, കായിക മെഡലുകളുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്) അപ്‌ലോഡ് ചെയ്യണം.
എങ്ങനെ അപേക്ഷിക്കാം
- സി ഐ എസ് എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.cisfrectt.cisf.gov.in സന്ദർശിക്കുക.
- ഹോംപേജിലെ 'ലോഗിൻ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- 'ന്യൂ രജിസ്ട്രേഷൻ' ഓപ്ഷൻ തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡി, പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- ഫീസ് (ആവശ്യമെങ്കിൽ) അടച്ച് അപേക്ഷ സമർപ്പിക്കുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.
കായിക വിഭാഗത്തിൽ പ്രാവീണ്യം തെളിയിക്കല്‍, തിരഞ്ഞെടുത്ത കായിക ഇനത്തിലെ കഴിവുകൾ പരിശോധിക്കൽ, ശാരീരിക മാനദണ്ഡങ്ങൾ (ഉയരം, ശരീരഭാരം, നെഞ്ചളവ്) പരിശോധിക്കൽ, വിദ്യാഭ്യാസ, കായിക യോഗ്യതാ രേഖകൾ പരിശോധിക്കൽ, ആരോഗ്യപരമായ യോഗ്യത ഉറപ്പാക്കല്‍ എന്നിവ പൂർത്തിയാക്കിയിരിക്കും തിരഞ്ഞെടുപ്പ്.
ജനറൽ/ ഒ ബി സി / ഇ ഡബ്ല്യൂ എസ് വിഭാഗങ്ങൾക്ക് നൂറ് രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി /വനിതാ അപേക്ഷകർ ഫീസ് നല്‍കേണ്ടതില്ല. ഫീസ് ഓൺലൈൻ വഴി (നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്) അടയ്ക്കണം.












Click it and Unblock the Notifications