ജോലിയിൽ പ്രവേശിക്കാൻ ഒരു മണിക്കൂർ മുൻപ് ഓഫർ റദ്ദാക്കി കമ്പനി, ദുരനുഭവം പങ്കുവെച്ച് യുവാവ്
ഇന്നത്തെ കാലത്ത് ഒരു ജോലി കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പല ഘട്ടങ്ങളായുള്ള അഭിമുഖങ്ങളും കഠിനമായ മത്സരങ്ങളും കഴിഞ്ഞാണ് ഒരാൾക്ക് ജോലി ലഭിക്കുന്നത്. എന്നാൽ, എല്ലാ നടപടികളും പൂർത്തിയാക്കി, ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുത്ത് നിൽക്കുന്ന ഒരു സമയത്ത് ആ ജോലി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ ആലോചിക്കാനാകുമോ?
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെയാണ് ഈ ഉദ്യോഗാർത്ഥി തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്. ജോലിയിൽ പ്രവേശിക്കാൻ വെറും ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് കമ്പനി പെട്ടെന്ന് ജോലി ഓഫർ റദ്ദാക്കിയത്.
സംഭവം ഇങ്ങനെയാണ്. എല്ലാ തയ്യാറെടുപ്പുകളും നടത്തി, ഓഫീസിലേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് കമ്പനിയിൽ നിന്നുള്ള ഇമെയിൽ സന്ദേശം വരുന്നത്. ബഡ്ജറ്റ് വെട്ടിക്കുറയ്ക്കൽ കാരണമാണ് ഈ പദവിയിലേക്കുള്ള നിയമനം പെട്ടെന്ന് റദ്ദാക്കേണ്ടി വന്നതെന്നാണ് കമ്പനി ഇമെയിലിൽ നൽകിയ വിശദീകരണം.

യുവാവ് തന്റെ പോസ്റ്റിൽ എഴുതി: "എനിക്ക് ഇപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല, വാക്കുകൾ കിട്ടുന്നില്ല. പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അവർ എന്റെ ഓഫർ ലെറ്റർ റദ്ദാക്കിയത്. കമ്പനിയുടെ ആഭ്യന്തര ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണമാണ് ഇതെന്നാണ് അവർ പറയുന്നത്. എന്റെ ലാപ്ടോപ്പും മറ്റ് സാധനങ്ങളും ഓഫീസിലേക്ക് പോകാനായി ഞാൻ പാക്ക് ചെയ്തു വെച്ചിരിക്കുകയായിരുന്നു."
ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കും കോർപ്പറേറ്റ് കമ്പനികൾക്കെതിരെയുള്ള കടുത്ത പ്രതിഷേധങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റം തികച്ചും പ്രൊഫഷണൽ അല്ലാത്തതും ക്രൂരവുമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
ഈ ജോലി ഉറപ്പായതിനെത്തുടർന്ന് ഉദ്യോഗാർത്ഥി മറ്റ് കമ്പനികളിൽ നിന്നുള്ള അവസരങ്ങൾ നിരസിച്ചിട്ടുണ്ടാകാമെന്നും, ഇത് വ്യക്തിയുടെ കരിയറിനെ വലിയ രീതിയിൽ ബാധിക്കുമെന്നും ആളുകൾ ചൂണ്ടിക്കാണിച്ചു. ജീവനക്കാർ നോട്ടീസ് പീരിയഡ് നൽകാതെ ജോലി വിട്ടുപോയാൽ നിയമനടപടി സ്വീകരിക്കുന്ന കമ്പനികൾ, ഉദ്യോഗാർത്ഥികളോട് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന് പലരും കുറിച്ചു.
പെട്ടെന്നുണ്ടായ ഈ മാനസിക-സാമ്പത്തിക നഷ്ടത്തിന് കമ്പനിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും ഭൂരിഭാഗം പേരും ഉദ്യോഗാർത്ഥിക്ക് നിർദ്ദേശം നൽകുന്നു.














Click it and Unblock the Notifications