രണ്ടര വർഷം കൊണ്ട് ഡിഗ്രിയും നാല് വർഷം കൊണ്ട് ഓണേഴ്സും; കേരള മോഡൽ പയറ്റാൻ യുജിസി;തൊഴിൽ അവസരം കൂടും
വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് ഡിഗ്രിയും നാല് വർഷം കൊണ്ട് ഓണേഴ്സും പൂർത്തിയാക്കാനാകുന്ന തരത്തിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന് തയ്യാറെടുക്കുകയാണ് യുജിസി. അടുത്ത അക്കാദമിക വർഷം തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് യുജിസി ചെയർമാൻ എം ജഗഗീഷ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചത്. കേരളം ഇതിനോടകം തന്നെ നടപ്പാക്കിയ പദ്ധതിയാണ് ദേശീയ തലത്തിൽ നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് ശ്രദ്ധേയം.
ഈ വർഷമാണ് ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകി നാല് വർഷ ബിരുദ കോഴ്‌സുകൾ കേരളത്തിൽ നടപ്പാക്കിയത്. 177 ക്രെഡിറ്റുകൾ പൂർത്തീകരിച്ചാൽ ഓണേഴ്‌സ് ബിരുദവും 133 ക്രെഡിറ്റുകൾ മൂന്നുവർഷംകൊണ്ട് പൂർത്തിയാകുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് പദ്ധതി. ഓണേഴ്‌സ് ബിരുദം ലഭിക്കുന്നവർക്ക് നാലാം വർഷം കൂടുതൽ ആഴത്തിലുള്ള ഗവേഷണവും ഇന്റേൺഷിപ്പടക്കമുള്ള പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കും.

ഒരു സെമസ്റ്ററിൽ 23 ക്രെഡിറ്റുകൾ ലഭിക്കണം. 28 ക്രെഡിറ്റ് വരെ നേടാം. വിഷയത്തിന്റെ ഓൺലൈൻ കോഴ്സുകൾ ജയിച്ചാൽ 5 ക്രെഡിറ്റുകൾ കിട്ടും. ഇത്തരത്തിൽ ഓരോ സെമസ്റ്ററിനും നേടുന്ന അധിക ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിൽ നിക്ഷേപിച്ച് ആറാം സെമസ്റ്റർ ഒഴിവാക്കി ബിരുദം നേടാം.
അധിക ക്രെഡിറ്റ് നേടാൻ ഏതെങ്കിലും ഓൺലൈൻ കോഴ്സ് പഠിച്ചാൽ പോര കേട്ടോ. കേന്ദ്രസർക്കാർ, യു ജി സി, എം എച്ച് ആർ ഡി, ഐ ഐ ടികൾ, വിദേശ വാഴ്സിറ്റികൾ കൂടാതെ യു ജി സി അംഗീകരിച്ച മൂക്, സ്വയം തുടങ്ങിയ പോർട്ടലുകളിലെ കോഴ്സുകളും പഠിക്കാം. മികച്ച തൊഴിൽ ഗവേഷണ സാധ്യതകൾ തന്നെയാണ് പുതിയ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം.












Click it and Unblock the Notifications