ഡെന്‍മാർക്കിലേക്ക് കുടിയേറണോ? ഇലക്ട്രീഷനും പ്ലംമ്പറുമടക്കം 66 ജോലികള്‍: വിദേശികളെ വിളിച്ച് രാജ്യം
പല പാശ്ചാത്തന്‍ രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്നം വിവിധ മേഖലകളില്‍ ആവശ്യത്തിന് വിദഗ്ധരായ തൊഴിലാളികളെ ലഭിക്കാനില്ലെന്നുള്ളത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡ, യുകെ, ജർമ്മനി ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ കാതലായ പരിഷ്കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. നിയമത്തില്‍ ഇളവ് നല്‍കുന്നതിലൂടെ വിദഗ്ധരായ കൂടുതല്‍ തൊഴിലാളികളെ തങ്ങളുടെ രാജ്യത്തിലേക്ക് എത്തിക്കുകയെന്നാണ് ഭരണകർത്താക്കള്‍ ലക്ഷ്യമിടുന്നത്.
കുടിയേറ്റ നിയമങ്ങളിലെ പരിഷ്കരണം വിദേശ ജോലികള്‍ ലക്ഷ്യമിടുന്ന മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി ഇന്ത്യക്കാർക്ക് ഏറെ ഗുണകരമായി മാറുന്നുണ്ട്. ഇപ്പോഴിതാ മറ്റ് രാജ്യങ്ങളുടെ പാത പിന്തുടന്ന് ഡെന്മാർക്കും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിടുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. രാജ്യം നേരിടുന്ന തൊഴിലാളി ദൗർലഭ്യത്തിന് പരിഹാരം തേടാനായി വിദേശ തൊഴിലാളികളെ അന്വേഷിക്കുന്ന തൊഴിലുകളുടെ പുതുക്കിയ ലിസ്റ്റാണ് ഡെന്‍മാർക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഡാനിഷ് ഏജൻസി ഫോർ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ (SIRI) വകുപ്പ് 2023 ജൂലൈ 1 മുതൽ, രണ്ട് പുതിയ മേഖലകളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവർക്കുള്ള ലിസ്‌റ്റും വിദഗ്ധ തൊഴിലാളികൾ ആവശ്യമുള്ള മേഖലകളിൽ ജോലി ചെയ്യുന്ന ആളുകളുടെ പട്ടികയുമാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ള ആളുകൾക്കുള്ള പുതിയ ലിസ്റ്റിൽ ആകെ 30 തൊഴിലുകളാണ് അടങ്ങിയിരിക്കുന്നത്. അതേസമയം വിദഗ്ധ തൊഴിലാളികൾക്കുള്ള ലിസ്റ്റിൽ 36 തൊഴിലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവിൽ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ കുറവ് അനുഭവിക്കുന്ന തൊഴിലുകളുടെ ഒരു പട്ടികയാണ് ഉന്നത വിദ്യാഭ്യാസമുള്ള ആളുകൾക്കുള്ള ലിസ്റ്റ് എന്നതുകൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ജോലികള്‍ക്കായി എത്തുന്ന വിദേശികള്‍ക്ക് ഡെന്മാർക്കിൽ റസിഡൻസ് പെർമിറ്റിനും വർക്ക് പെർമിറ്റിനും അപേക്ഷിക്കാന്‍ സാധിക്കും. നിർദ്ദിഷ്ട മേഖലയില്‍ മികച്ച വിദ്യാഭ്യാസം ഉള്ളവർക്ക് മാത്രമായിരിക്കും ഈ ജോലികള്‍ക്ക് അർഹതയുണ്ടാവുകയുള്ളു. അതോടൊപ്പം ഡാനിഷ് വർക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകന് രാജ്യത്തെ ഏതെങ്കിലും കമ്പനിയില്‍ നിന്നും ജോലി ഓഫറും ലഭിച്ചിരിക്കണം.
ഉൽപ്പന്ന സേവന മേഖലയിലെ മാനേജർമാർ, പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദമോ മാസ്റ്റർ ബിരുദമോ ഉള്ള ഓട്ടോമേഷൻ എഞ്ചിനീയർ, പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദമോ മാസ്റ്റർ ബിരുദമോ ഉള്ള സിവിൽ എഞ്ചിനീയർ, ബിരുദാനന്തര ബിരുദമുള്ള ടൗൺ പ്ലാനർ എന്നിവയോടൊപ്പം ഡോക്ടർമാർ, നഴ്സ്, കെയർ ടേക്കർ തുടങങി ആരോഗ്യ മേഖലയിലെ വിവിധ ജോലികളും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദമുള്ള വൊക്കേഷണൽ അപ്പർ സെക്കൻഡറി അധ്യാപകർ, മാസ്റ്റർ ബിരുദമുള്ള ബിസിനസ് കോളേജ് അധ്യാപകർ, പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദമുള്ള പ്രൈമറി സ്കൂൾ അധ്യാപകർ, പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദമുള്ള ചൈൽഡ് കെയർ വർക്കർ,
പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദമുള്ള സോഷ്യൽ എഡ്യൂക്കേഷൻ വർക്കർ എന്നിവർക്കാണ് വിദ്യാഭ്യാസ മേഖലയില്‍ അവസരം.
വിദഗ്ധ ജോലികൾക്കായുള്ള ഡെൻമാർക്കിന്റെ ലിസ്റ്റ് വർഷത്തിൽ രണ്ടുതവണ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു, പുതുതായി അപ്‌ഡേറ്റ് ചെയ്‌ത ലിസ്റ്റിന് കീഴിൽ ലബോറട്ടറി ടെക്നീഷ്യൻ,
പ്ളംബർ, ടെക്നിക്കല്‍ ഡിസൈനർ തുടങ്ങിയ തൊഴിലുകള്‍ വരുന്നു. സെയിൽസ് ആൻഡ് അക്കൗണ്ട് മാനേജർ, ലോജിസ്റ്റിക് എംപ്ലോയി - സെയില്‍സ് ആന്‍ഡ് പർച്ചേഴ്സ്, മെഡിക്കൽ സെക്രട്ടറി, ഐടി ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്‍റ്റ് തുടങ്ങിയ ജോലികളേയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബുക്ക് കീപ്പർ, ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടിംഗ് ക്ലർക്ക്, ഷെഫ്, ഹെയർഡ്രെസ്സെർ, ലാന്‍ഡ് സ്കേപ്പ് ഗാർഡനർ, കിച്ചണ്‍ ഫിറ്റർ, കാർപെന്റർ, ബിൽഡിംഗ് പെയിന്റിങ്, ഇൻഡസ്ട്രിയൽ ടെക്നീഷ്യൻ, CNC-ഓപ്പറേറ്റർ മെക്കാനിക്ക് (പാസഞ്ചർ കാറുകൾ, വാനുകൾ), ഇലക്ട്രീഷ്യൻ,
ഓട്ടോമാറ്റിക് ടെക്നീഷ്യൻ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ടെലികമ്മ്യൂണിക്കേഷൻ ടെക്നീഷ്യൻ തുടങ്ങിയ ജോലികളും രണ്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.












Click it and Unblock the Notifications