ഡിജിറ്റൽ നൊമാഡ് വിസ; ജോലി ചെയ്ത് തന്നെ ഈ രാജ്യങ്ങളൊക്കെ കറങ്ങാമെന്നേ, ഇന്ത്യക്കാർക്ക് ഇതാ അവസരം
കൊവിഡിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ ഡിജിറ്റൽ നൊമാഡ് വിസ അവസരിപ്പിച്ച് തുടങ്ങിയത്. റിമോട്ട് ജോലി ഉളളവർക്ക് ഡിജിറ്റൽ നൊമാഡ് വിസയുള്ള രാജ്യങ്ങളിൽ പോയി ജോലി ചെയ്യാനും പുതിയ ഇടങ്ങൾ ആസ്വദിക്കാനും അവസരങ്ങൾ ഒരുക്കുന്നതാണ് ഈ വിസ. ടൂറിസ്റ്റ് വിസകളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞത് ആറ് മാസം മുതൽ 1 വർഷം വർഷം വരെ ഡിജിറ്റ് നൊമാഡ് വിസയിലെത്തി വിദേശ രാജ്യത്ത് തുടരാമെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ ഇന്ത്യക്കാർക്ക് ഡിജിറ്റൽ നൊമാഡ് വിസ അനുവദിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്തോനേഷ്യ
ഇന്തോനേഷ്യ പ്രത്യേകമായി ഡിജിറ്റൽ നൊമാഡ് വിസ അനുവദിക്കുന്നില്ലെങ്കിലും ഇന്ത്യക്കാർക്ക് E33G വിസയിൽ ഒരു വർഷത്തേക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കും. ഫണ്ട് സംബന്ധിച്ചും ഇന്തോനേഷ്യക്ക് പുറത്തുള്ള നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് വിസ അപേക്ഷിക്കാനായി നൽകേണ്ടത്. 150 ഡോളർ വരെയാണ് വിസ ഫീസ്.

മൗറീഷ്യസ്
മൗറീഷ്യസ് പ്രീമിയം ട്രാവൽ വിസ ആറ് മാസം മുതൽ ഒരു വർഷം വരെ രാജ്യത്ത് ജോലി ചെയ്യാനും അവിടെ തുടരാനും അനുവദിക്കും.അപേക്ഷകർ മിനിമം പ്രതിമാസ വരുമാനം, മൗറീഷ്യസിന് പുറത്തുള്ള തൊഴിൽ, മതിയായ താമസവും ഇൻഷുറൻസും എന്നീ വിവരങ്ങളാണ് നൽകേണ്ടത്. ഈ വിസയ്ക്ക് പ്രത്യേക ഫീസ് ഇല്ല.
പോർച്ചുഗൽ
EU/EEA ഇതര താമസക്കാർക്കാണ് പോർച്ചുഗൽ ഡിജിറ്റൽ നോമാഡ് വിസ അനുവദിക്കുക. ഒരു വർഷം വരെയായിരിക്കും കാലാവധി. അപേക്ഷകർ 18 വയസ്സിനു മുകളിലായിരിക്കണം. ജോലി സംബന്ധിച്ച വിവരങ്ങളും താമസം,സാമ്പത്തിക മാർഗങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകണം. 90 യൂറോ ആണ് അപേക്ഷിക്കാനുള്ള ചെലവ്.
ജർമ്മനി
പ്രത്യേക ഡിജിറ്റൽ നൊമാഡ് വിസ ഇല്ലെങ്കിലും വിദൂര തൊഴിലാളികൾക്ക് അനുയോജ്യമായ ഫ്രീലാൻസ് വിസ ലഭിക്കും. ഒരു വർഷം വരെ താമസിക്കാനുള്ള അനുമതിയാണ് ലങിക്കുക. 75 യൂറോയാണ് വിസ ഫീസ്.
ഗ്രീസ്
യൂറോപ്യൻ യൂണിയൻ ഇതര താമസക്കാർക്കാണ് ഡിജിറ്റൽ നൊമാഡ് വിസ ലഭിക്കുക. സാമ്പത്തിക സ്ഥിരത, താമസ ക്രമീകരണങ്ങൾ എന്നിവയ്‌ക്കൊപ്പം തൊഴിൽ ചെയ്യുന്ന വിവരങ്ങളും അപേക്ഷിക്കുമ്പോൾ നൽകണം. 75യൂറോയാണ് ഫീസ്. ഒരു വർഷം വരെ താമസിക്കാൻ സാധിക്കും.
സ്പെയിൻ
സ്പെയിനിന് പുറത്ത് റിമോട്ട് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കാണ് ഡിജിറ്റൽ നോമാഡ് വിസ ലഭിക്കുക. ബിരുദമോ അല്ലെങ്കിൽ പ്രവൃത്തി പരിചയം ഒപ്പം തൊഴിൽ, താമസം, ആരോഗ്യ ഇൻഷുറൻസ് എന്നീ വിവരങ്ങൾ കൈമാറണം. 73.26 യൂറോയാണ് ചെലവ്.












Click it and Unblock the Notifications