സുരേഷ് ഗോപിയുടെ ആ ശീലം നല്ലതല്ലെന്ന് തുറന്ന് പറഞ്ഞു: മമ്മൂട്ടി അന്ന് പറഞ്ഞതും ദിലീപ് ഓർക്കുന്നു
ഗരുഡന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അതിഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനിടെ ദിലീപ് അടക്കമുള്ള താരങ്ങളോട് തനിക്കുള്ള ബന്ധത്തെക്കുറിച്ചും സുരേഷ് ഗോപി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിത് അന്ന് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളില്‍ പ്രതികരണവുമായി ദിലീപും രംഗത്ത് വന്നിരിക്കുകയാണ്.
സ്‌നേഹത്തോടെ ശകാരിക്കുന്ന ആളാണ് ദിലീപ് എന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ വാക്കുകളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ''അവന്‍ എനിക്കിട്ട് പാര വച്ചത് എന്റെ ഫുഡ് പ്ലേറ്റിലാണ്. നിങ്ങളെയുണ്ടല്ലോ സുരേഷേട്ടാ, ആ വയറ്, ആ തൈര് എന്ന് പറയുന്ന സാധനം മേലാല്‍ കഴിക്കരുത്. ചേച്ചി ഇനി സുരേഷേട്ടന് തൈര് കൊടുക്കരുത്. ഇതാണ് സ്‌നേഹത്തോടെയുള്ള ശകാരം." എന്നായിരുന്നു ജിഞ്ചർ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.

ട്വന്റി-20 എന്ന പടത്തില്‍ എന്റെയടുത്തു നിന്നും 20 ദിവസത്തെ ഡേറ്റ് വാങ്ങിയിട്ട് ഒടുവില്‍ 60 ദിവസമെങ്ങാണ്ട് മെനക്കെട്ടു ഞാന്‍. വമ്പന്മാരുടെയൊക്കെ ആവശ്യത്തിന് എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു. ഇതിനിടെയ്ക്ക് എന്റെ ഒരു പടവും നിന്നു പോയി. ഇന്നു വരെ ഇറങ്ങിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ബാന്ദ്ര സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ സുരേഷ് ഗോപി പറഞ്ഞ ഈ കാര്യങ്ങള്‍ അവതാരകന്‍ കാണിച്ചുകൊടുത്തപ്പോള്‍ തൈരിന്റെ വിഷയമൊക്കെ സത്യമാണെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒരാളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ പിന്നീട് ഒരു സമയത്ത് കാണുമ്പോള്‍ അദ്ദേഹം തടിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു.
ഉച്ചയ്ക്ക് തൈരൊക്കെ കുടിക്കുന്നത് ശീലമായിരുന്നു. ഇത് അധികം നല്ലതെന്ന് ഞാന്‍ ഒരു ഏട്ടനോട് എന്നത് പോലെ പറയുമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നീ നാലുപേരെ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ലാലേട്ടെന്റെ മുഖത്ത് ക്ലാപ്പ് അടിച്ച് തുടങ്ങിയ വ്യക്തിയാണ് ഞാന്‍. എന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അക്കാര്യമൊന്നും ഒഴിവാക്കാന്‍ സാധിക്കില്ല.
സൈന്യത്തിന്റെ സെറ്റില്‍ മമ്മൂക്ക വരുന്ന സമയത്ത് ഞാന് ദൂരെ മാറി നില്‍ക്കുകയാണ്. അദ്ദേഹം എന്നെ കണ്ടതും അടുത്തേക്ക് വിളിച്ച് കോമിക്കോള എന്ന പരിപാടി കാണാറുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് കോമിക്കോള കാണുന്നത് അപൂർവ്വമാണ്. ആ സെറ്റില്‍ ഞാന്‍ അവരില്‍ ഒരാളായി മാറി. നിനക്ക് ഒരു സീറ്റ് എന്റെ അരികില്‍ ഉണ്ട്. അത് നീയായിട്ട് കളയരുതെന്ന് മമ്മൂക്ക അന്ന് മുതല്‍ തന്നെ പറയാറുണ്ടായിരുന്നുവെന്നും ദിലീപ് പറയുന്നു.
മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ വെച്ചാണ് ഞാന്‍ സുരേഷേട്ടനെ ആദ്യമായി കാണുന്നത്. ജയറാമേട്ടനെ എന്റെ തലതൊട്ടപ്പനായിട്ടാണ് കാണുന്നത്. എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ആളാണ്. ഇവർ ആരേയും മറന്നിട്ട് എനിക്ക് സിനിമ ജീവിതത്തെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications