80 ലക്ഷം രൂപ വരെ വാർഷിക ശമ്പളം! വീട്ടിലിരുന്ന് പഠിച്ച് എഐ എൻജിനീയർ ആകാം; 6 മാസത്തെ പ്ലാൻ
കൃത്രിമ ബുദ്ധി അഥവാ എഐ വ്യാപകമായതോടെ ഇന്ത്യൻ തൊഴിൽ മേഖല ഇതുവരെ കാണാത്ത തരത്തിലുള്ള വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. എഐ കാരണം പല വമ്പൻ കമ്പനികളും തങ്ങളുടെ ജോലിക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. എപ്പോ വേണമെങ്കിലും ജോലി പോകുമെന്ന പേടിയിലാണ് പലരും ഇന്ന് ജീവിക്കുന്നത്. എന്നാൽ അതെ എഐ ഉപയോഗിച്ച് ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി നേടിയെടുക്കാൻ സാധിക്കും.
വരും വർഷങ്ങളിൽ ഇന്ത്യയിൽ ഏകദേശം 10 ലക്ഷം എഐ എൻജിനീയർമാരുടെ ആവശ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ആവശ്യത്തിന് ആളുകളില്ലാത്ത അവസ്ഥയാണ് ഈ മേഖലയിലുള്ളത്. അതായത്, എഐ രംഗത്ത് ആവശ്യത്തിന് ഒഴിവുകളുണ്ടെങ്കിലും അതിനനുസരിച്ചുള്ള യോഗ്യരായ ആളുകളില്ല. കൃത്യമായ സ്കില്ലുകൾ കൈവശമുണ്ടെങ്കിൽ കമ്പനികൾ നിങ്ങളെ തിരഞ്ഞുപിടിച്ച് ജോലി തരും. പ്രതിവർഷം 10 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന മികച്ച 10 എഐ തസ്തികകളും ജോലി എങ്ങനെ നേടിയെടുക്കാമെന്നും അറിയാം.
തുടക്ക ശമ്പളം തന്നെ ലക്ഷങ്ങൾ
എഐ മേഖലയിലെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്നത് മെഷീൻ ലേണിംഗ് എൻജിനീയർമാരെയാണ്. വിവിധ തട്ടിപ്പുകൾ തടയുന്നതിനും ഫോർകാസ്റ്റിംഗിനുമുള്ള എഐ മോഡലുകൾ വികസിപ്പിക്കുന്നത് ഇവരാണ്. പ്രതിവർഷം 20 മുതൽ 55 ലക്ഷം രൂപ വരെയാണ് ഇവരുടെ ശമ്പളം. ഈ രംഗത്തെ പുതിയ മേഖലയാണ് ചാറ്റ് ജിപിടി, ക്ലോഡ് തുടങ്ങിയ വലിയ ലാംഗ്വേജ് മോഡലുകൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്ന പ്രോംപ്റ്റ് എൻജിനീയർമാർ. 15 മുതൽ 40 ലക്ഷം രൂപ വരെയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം.

ചാറ്റ്ബോട്ടുകളും വോയ്‌സ് അസിസ്റ്റന്റുകളും വികസിപ്പിക്കുന്ന എൻഎൽപി എൻജിനീയർമാർക്ക് 18 മുതൽ 45 ലക്ഷം രൂപ വരെയും, എഐ മോഡലുകളെ തടസ്സമില്ലാതെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്ന എംഎൽഓപ്സ് എൻജിനീയർമാർക്ക് 22 മുതൽ 55 ലക്ഷം രൂപ വരെയും ശമ്പളം ലഭിക്കുന്നുണ്ട്. കോഡിംഗ് ഒട്ടും അറിയാത്തവർക്കും കടന്നുവരാൻ പറ്റിയ വലിയൊരു തസ്തികയാണ് എഐ പ്രൊഡക്റ്റ് മാനേജർ. ബിസിനസ്സും എഐ സാങ്കേതികവിദ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇവർക്ക് 20 മുതൽ 50 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. മെഡിക്കൽ ഇമേജിംഗും ഫേസ് റെക്കഗ്നിഷനും കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടർ വിഷൻ എൻജിനീയർമാർക്ക് 18 മുതൽ 45 ലക്ഷം രൂപ വരെയാണ് ശമ്പളം.
ഇവ കൂടാതെ ഡാറ്റാ സയന്റിസ്റ്റ് (15-40 ലക്ഷം), ജനറേറ്റീവ് എഐ ഡെവലപ്പർ (18-45 ലക്ഷം), ഉയർന്ന യോഗ്യത ആവശ്യമുള്ള എഐ റിസർച്ച് സയന്റിസ്റ്റ് (30-80 ലക്ഷം), സോഫ്റ്റ്‌വെയർ ബഗുകൾ കണ്ടുപിടിക്കുന്ന എഐ ടെസ്റ്റിംഗ് എൻജിനീയർ എന്നിവയാണ് ഈ രംഗത്തെ മറ്റ് പ്രധാന ഉയർന്ന ശമ്പളമുള്ള ജോലികൾ. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ സർവീസ് കമ്പനികളും ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി പോലുള്ള പ്രൊഡക്റ്റ് കമ്പനികളും സർവം എഐ, കൃത്രിം പോലുള്ള പുതിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമാണ് ഇപ്പോൾ എഐ പ്രതിഭകൾക്കായി വല വീശുന്നത്.
6 മാസത്തെ മാസ്റ്റർ പ്ലാൻ
വലിയ ചെലവുകളില്ലാതെ സ്വന്തമായി പഠിച്ച് 6 മാസം കൊണ്ട് ഈ മേഖലയിൽ ജോലി നേടാൻ താഴെ പറയുന്ന പ്ലാൻ സഹായിക്കും. പൈത്തൺ ലാംഗ്വേജ്, PyTorch അല്ലെങ്കിൽ TensorFlow ഫ്രെയിംവർക്ക്, ബേസിക് SQL, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ (AWS/GCP), ലാംഗ്ചെയിൻ, ഡോക്കർ എന്നിവയാണ് ഇതിനായി പ്രധാനമായും പഠിക്കേണ്ടത്.
ഒന്നാം മാസവും രണ്ടാം മാസവും: ദിവസവും 4 മണിക്കൂർ വീതം പൈത്തൺ കോഡിംഗ് പഠിക്കുക. ഒപ്പം യൂട്യൂബിൽ നിന്നോ ഖാൻ അക്കാദമിയിൽ നിന്നോ ബേസിക് സ്റ്റാറ്റിസ്റ്റിക്‌സും ലീനിയർ ആൽജിബ്രയും പഠിച്ചെടുക്കുക. ചെറിയൊരു റിഗ്രഷൻ മോഡൽ സ്വന്തമായി നിർമ്മിക്കാൻ ശ്രമിക്കാം.
മൂന്നാം മാസവും നാലാം മാസവും: കോർസേരയിലുള്ള ആൻഡ്രൂ എൻജിയുടെ വിഖ്യാതമായ മെഷീൻ ലേണിംഗ് കോഴ്സ് പൂർത്തിയാക്കുക. സ്കീക്കിറ്റ്-ലേൺ ട്യൂട്ടോറിയലുകൾ ചെയ്യുകയും കാഗിൽ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുക.
അഞ്ചാം മാസം: നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം (Computer Vision, NLP, GenAI അല്ലെങ്കിൽ MLOps) തിരഞ്ഞെടുത്ത് അതിൽ കൂടുതൽ സ്പെഷ്യലൈസ് ചെയ്യുക.
ആറാം മാസം: നിങ്ങൾ ചെയ്ത പ്രൊജക്ടുകൾ ഉൾപ്പെടുത്തി ഗിറ്റ്ഹബിൽ ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കുക. ലിങ്ക്ഡ്ഇൻ വഴി എഐ ഹയറിംഗ് മാനേജർമാർക്ക് നേരിട്ട് മെസ്സേജുകൾ അയച്ചും നൗക്രി, എഞ്ചൽലിസ്റ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കുക. നിങ്ങളുടെ മികച്ച പോർട്ട്ഫോളിയോ കണ്ടാൽ തീർച്ചയായും അഭിമുഖങ്ങളിലേക്കുള്ള വിളി വരും. ഒന്ന് പരിശ്രമിച്ചാൽ ജോലി കളയുമെന്ന് പേടിച്ച എഐ ഉപയോഗിച്ച് മാസം ലക്ഷങ്ങൾ സമ്പാദിക്കാം.












Click it and Unblock the Notifications