ജർമ്മനിയിലേക്ക് പറന്നോളൂ, ഇനി എളുപ്പം ജോലി നേടാം; തൊഴിൽ കരാർ വേണ്ട,അവസരമൊരുക്കി 'ഓപ്പർച്യൂനിറ്റി കാർഡ്'
യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്നുള്ളവരാണോ നിങ്ങൾ? എന്നാൽ ഇതാ ജർമ്മനിയിൽ ജോലി ചെയ്യാനുള്ള മികച്ച അവസരമാണ് ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്, അതും സ്ഥിരമായൊരു തൊഴിൽ കാർഡ് ഇല്ലാതെ തന്നെ. ജർമ്മനി പുറത്തിറക്കിയ ഓപ്പർച്യൂനിറ്റി കാർഡ് ആണ് ഉദ്യോഗാർത്ഥികൾക്ക് ഇതിന് അവസരം ഒരുക്കുന്നത്. വിദഗ്ധ തൊഴിലാഴികളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ജർമ്മനിയുടെ നീക്കം.
ഉദ്യോഗാർത്ഥികൾ വൈദഗ്ധ്യമുള്ള തൊഴിലാളികളായി അംഗീകരിക്കപ്പെടണം അല്ലെങ്കിൽ പോയിൻ്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തിൽ കുറഞ്ഞത് ആറ് പോയിൻ്റെങ്കിലും നേടിയിരിക്കണം.മാത്രമല്ല താമസത്തിന് ആവശ്യമായ സാമ്പത്തികം ബോധ്യപ്പെടുത്താനും ഉദ്യോഗാർത്ഥികൾക്ക് സാധിക്കണം.

എന്തുകൊണ്ട് ഓപ്പർച്യൂനിറ്റി കാർഡ്
നിയപരമായ രീതിയിൽ ജർമ്മനിയിലേക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാകുന്ന സംവിധാനമാണിത്. നല്ല വരുമാനം നേടാനുള്ള അവസരത്തിന് പുറമെ സ്ഥിര താമസത്തിനുള്ള സാധുതയും ഇതിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് ഉടനടി വർക്ക് പെർമിറ്റ് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ജർമ്മനിയിൽ എത്തിയാൽ ജോലി തിരയുകയെന്ന പ്രക്രിയ എളുപ്പത്തിലാക്കാൻ ഓപ്പർച്യൂനിറ്റി കാർഡ് നിങ്ങളെ സഹായിക്കുന്നു. അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത പരിശീലനം അല്ലെങ്കിൽ അവരുടെ മാതൃരാജ്യത്താൽ അംഗീകരിക്കപ്പെട്ട ഒരു യൂണിവേഴ്സിറ്റി ബിരുദവും ജർമ്മൻ (A1) അല്ലെങ്കിൽ ഇംഗ്ലീഷ് (B2) ഭാഷയിലുള്ള പ്രാവീണ്യവും ആവശ്യമാണ്. സാമ്പത്തിക ഭദ്രയുണ്ടെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണ്. അതുപക്ഷെ പാർട്ട് ടൈം ജോലിയിലൂടെയും ഉറപ്പാക്കാം. ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാം.
സ്ഥിരമായ പെർമിറ്റിന് സാധ്യതയുള്ള ഒരു വർഷത്തെ താമസം. മാത്രമല്ല 1000 യൂറോയിൽ കൂടുതൽ പ്രതിമാസ വരുമാനം നേടാനുള്ള അവസരം.
ഓപ്പർച്യുനിറ്റി കാർഡിനുള്ള നിങ്ങളുടെ പോയിന്‍റുകൾ എങ്ങനെ കണക്കാക്കാം
ഭാഷാ വൈദഗ്ധ്യം,പ്രവൃത്തി പരിചയം, പ്രായം,ജർമനിയുമായുള്ള ബന്ധം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പോയിന്റ് നിശ്ചയിക്കുക. യോഗ്യത നേടുന്നതിന് ആറ് പോയിന്റാണ് ആവശ്യം. അടിസ്ഥാന ആവശ്യകതകളിൽ ഭാഷാ പ്രാവീണ്യവും സാമ്പത്തിക ഭദ്രതയും ഉൾപ്പെടുന്നു. ഇത് പാർട്ട് ടൈം ജോലി മുഖേനയും തെളിയിക്കാം.
വിദേശ പ്രഫഷനൽ യോഗ്യതകൾ ഉണ്ടെങ്കിൽ നാല് പോയിന്റ് ലഭിക്കും. അധ്യാപനം, എന്‍ജിനീയറിങ് എന്നീ തൊഴില്‍ ചെയ്യാനുള്ള അംഗീകൃത യോഗ്യതയുണ്ടെങ്കിലും 4 പോയിന്റുകള്‍ നേടാം
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അഞ്ച് വർഷത്തെ പ്രഫഷനൽ പരിചയം അല്ലെങ്കിൽ ബി2 ലെവലിൽ ജർമൻ ഭാഷാ വൈദഗ്ദ്ധ്യം എന്നിവയ്ക്ക് മൂന്ന് പോയിന്‍റുകൾ ലഭിക്കും
വൊക്കേഷണൽ പരിശീലനത്തിന് ശേഷമുള്ള രണ്ട് വർഷത്തെ പ്രൊഫഷണൽ പരിചയത്തിനും അല്ലെങ്കിൽ അപേക്ഷകന് 35 വയസ്സിന് താഴെയാണെങ്കിൽ, B1 ലെവലിൽ ജർമ്മൻ ഭാഷാ വൈദഗ്ധ്യത്തിനും രണ്ട് പോയിൻ്റുകൾ നേടാം
40 വയസ്സിന് താഴെയുള്ള അപേക്ഷകർ (ടൂറിസ്റ്റ് സന്ദർശനങ്ങൾ ഒഴികെ) മുൻപ് ജർമ്മനിയിൽ താമസിച്ചവരെങ്കിൽ 1 പോയിന്റ്
ഇംഗ്ലിഷിലെ മികവ് (സി1), ജർമൻ മികവ് (എ2), തൊഴിലാളികളിൽ കുറവുള്ള തൊഴിലുകളിലെ യോഗ്യതകൾ അല്ലെങ്കിൽ പങ്കാളികളുമായുള്ള സംയുക്ത അപേക്ഷകൾ എന്നിവയ്ക്ക് കൂടുതൽ പോയിന്റ് ലഭിക്കും
ഓപ്പർച്യുണിറ്റി കാർഡിന് എങ്ങനെ അപേക്ഷിക്കാം
വിദേശത്തുള്ള ജർമൻ മിഷനിൽ (ഉദാ. ജർമൻ എംബസി അല്ലെങ്കിൽ കോൺസുലേറ്റ്) അപേക്ഷിക്കാം. ഇപ്പോൾ ജർമ്മനിയിൽ ഉള്ളവരാണെങ്കിൽ പ്രാദേശിക വിദേശികളുടെ റജിസ്ട്രേഷൻ ഓഫിസിൽ അപേക്ഷ നൽകാം.
ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കണം. യോഗ്യതകൾ, ഭാഷാ വൈദഗ്ദ്ധ്യം, പാർട്ട് ടൈം ജോലിക്കുള്ള തൊഴിൽ കരാർ പോലുള്ള സാമ്പത്തിക മാർഗങ്ങൾ എന്നിവയുടെ തെളിവ് നൽകണം.
ജർമനിയിൽ ആറ് മാസത്തെ താമസം സ്ഥിരീകരിക്കുന്നതിനായി വാടക കരാറുകൾ, സർവീസ് ചാർജ് സ്റ്റേറ്റ്‌മെൻ്റുകൾ, തൊഴിൽ കരാറുകൾ അല്ലെങ്കിൽ വേതന പേയ്‌മെൻ്റ് റെക്കോർഡുകൾ പോലുള്ള രേഖകൾ സമർപ്പിക്കാം.
ഓപ്പർച്യൂനിറ്റി കാർഡ് ലഭിക്കുന്നതിന് ജർമ്മൻ ഭാഷ A1 ലെവലോ ഇംഗ്ലീഷ് ഭാഷ ബി2 ലെവലിലോ ഉള്ള പ്രാവീണ്യം ആവശ്യമാണ്.












Click it and Unblock the Notifications