ഗള്‍ഫ് ജോലി തേടുന്നവരില്‍ അടിമുടി മാറ്റം; മലയാളികള്‍ പിന്നോട്ട്... കൂടുതല്‍ ഈ രണ്ട് സംസ്ഥാനക്കാര്‍
കേരളം പച്ചപിടിച്ചതിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഗള്‍ഫ് പുരോഗതിയിലേക്ക് കുതിച്ചപ്പോള്‍ അതോടൊപ്പം മുന്നേറിയവരാണ് മലയാളികള്‍. ഇന്നത്തെ രൂപത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ മാറ്റിയതിന് പിന്നില്‍ മലയാളികളുടെ അധ്വാനവുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടായിരുന്നത് കേരളത്തില്‍ നിന്നായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ മറിച്ചാണ്.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങളാണ് (ജിസിസി) ഗള്‍ഫിലുള്ളത്. ഈ രാജ്യങ്ങളിലേക്ക് ബ്ലൂ കോളര്‍ ജോലി തേടി പോകുന്നവരില്‍ ബഹുഭൂരിഭാഗവും മലയാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് ഹണ്ട്ആര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇടത്തരം ജോലികള്‍ തേടി പശ്ചിമേഷ്യയിലേക്ക് പോകുന്ന മലയാളികളുടെ എണ്ണം 90 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പകരം ഈ ജോലികള്‍ക്ക് ഗള്‍ഫിലെത്തുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് കൂടുതല്‍ പേര്‍ ജോലി തേടി വരുന്നത്. ശേഷം ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിങ്ങനെയാണ് കണക്ക്.
ബ്ലൂ കോളര്‍ ജോലി തേടി കൂടുതല്‍ പേര്‍ എത്തുന്നത് സൗദി അറേബ്യയിലേക്കാണ്. പിന്നെ യുഎഇ. ശേഷണാണ് ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തില്‍ ബ്ലൂ കോളര്‍ ജോലി തേടി ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലെത്തുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദുബായിലേക്ക് ജോലി തേടി പോകുന്നവരില്‍ കൂടുതലും 20-40 പ്രായമുള്ളവരാണ്. പഠനം കഴിഞ്ഞാല്‍ ഉടനെ ഗള്‍ഫിലേക്ക് പോകാന്‍ താല്‍പ്പര്യപ്പെടുന്ന സമൂഹം ഇപ്പോഴുമുണ്ട് എന്ന് സാരം. സാധാരണ പുരുഷന്മാരാണ് ജോലിക്കായി ഗള്‍ഫിലേക്ക് പോകാറുള്ളതെങ്കില്‍ വനിതകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു എന്നാണ് മറ്റൊരു പ്രധാന മാറ്റം. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്നതിനാണ് സ്ത്രീകള്‍ കൂടുതലും പോകുന്നത്.
സാധാരണ വിദ്യാഭ്യാസം നേടിയവര്‍ മുതല്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ വരെ ഗള്‍ഫ് ജോലി തേടുന്നു. കൃഷി, തയ്യല്‍, മെക്കാനിക്‌സ് തുടങ്ങി നാടന്‍ തൊഴില്‍ മുതല്‍ ചെറിയ വൈദഗ്ധ്യമുള്ള ജോലി വരെ ഉള്‍പ്പെടുന്നതാണ് ബ്ലൂ കോളര്‍ ജോലി. ഗള്‍ഫിലേക്ക് ജോലി തേടുന്നവരില്‍ കൂടുതലും കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള കുടുംബാംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് എല്ലാവരും ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്നത്. നിര്‍മാണ തൊഴിലാളികള്‍, ടെക്‌നീഷ്യന്‍മാര്‍, ആശുപത്രി സ്റ്റാഫ്, ആരോഗ്യ സുരക്ഷാ സഹായ ജോലിക്കാര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷം ദുബായില്‍ കൂടുതല്‍ തൊഴില അവസരങ്ങള്‍ വരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ രംഗങ്ങളിലെല്ലാം വന്‍തോതിലുള്ള നിക്ഷേപം യുഎഇയില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications