ജർമ്മനിയില്‍ ജോലി വേണോ? എങ്കില്‍ നോർക്ക തന്നെ ശരണം: ഇതുവരെ പറന്നത് 600 പേർ; ഇനിയും അവസരം
നോർക്ക നടത്തുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയിലൂടെ ജർമ്മനിയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത് 16 പേർ. പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്നു ജോലിക്കും അവസരമൊരുക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. മുന്‍പ് അഭിമുഖം നടത്തി ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും 18 വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം എംപ്ലോയര്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത്.
അഭിമുഖങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്നും ജര്‍മ്മന്‍ സംഘം പറഞ്ഞു. നോര്‍ക്ക സെന്ററിലെത്തിയ ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം പ്രതിനിധിസംഘം വ്യക്തമാക്കി. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ (Katrin Pischon), ഇന്റഗ്രേഷൻ ഓഫിസർ-നഴ്സിംഗ് അങ്കെ വെൻസ്കെ , ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ ഭാഗമായ സെൻട്രൽ ഫോറിന്‍ ആൻഡ് സ്പെഷലൈസ്ഡ് പ്ലേസ്മെന്റ് സർവീസ് (ZAV) പ്രതിനിധി മാർക്കസ് മത്തേസൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

കേരളത്തില്‍ നിന്ന് വിദേശ ജോലി ലക്ഷ്യമിടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി ജര്‍മ്മനി മാറിയെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി അഭിപ്രായപ്പെട്ടു. അതേസമയം, പദ്ധതിയുടെ നാലാമത് ബാച്ചില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകള്‍ പാസായവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ അജിത് കൊളാശ്ശേരിയാണ് പെർമിറ്റ് കൈമാറിയത്.
വർക്ക് പെർമിറ്റ് ലഭിച്ചവർ മൂന്നുമാസത്തിനുള്ളില്‍ ജര്‍മ്മനിയില്‍ എത്തും. അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ഭാഷാ പരിശീലനം ജര്‍മ്മനിയില്‍ പൂര്‍ത്തിയാക്കണം. അംഗീകൃത പരീക്ഷകള്‍ പാസായതിനു ശേഷം ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനമനുഷ്ഠിക്കാന്‍ സാധിക്കും. ഇതുവരെ 600 പേരെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സിനായി. വരുന്ന വര്‍ഷത്തോടെ ഇത് ആയിരമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും നഴ്‌സിംഗ് കോളജുകളില്‍ നിന്ന് പ്രതിവര്‍ഷം 25,000 മലയാളികളാണ് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നത്. ജര്‍മ്മനിക്ക് ആവശ്യമുള്ള മികച്ച നഴ്‌സുമാരെ നല്‍കാന്‍ കേരളം പൂര്‍ണ സജ്ജമാണ്. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വലിയ തൊഴില്‍ അവസരമാണ് കാത്തിരിക്കുന്നതെന്നെന്നും നോർക്ക മേധാവി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications