ജർമ്മനിയിൽ പഠനം, അതും സ്റ്റൈപന്റോടെ, പഠിച്ച് കഴിഞ്ഞാൽ ജോലിയും; മലയാളികൾക്ക് അവസരം
പ്ലസ്ടു കഴിഞ്ഞാൽ എന്തെന്ന ചോദ്യത്തിന് ഇന്ന് പലരുടേയും ആദ്യ ഉത്തരം വിദേശ പഠനം എന്നായിരിക്കും. വിദേശത്ത് ലോകപ്രശസ്ത സ്ഥാപനങ്ങളിലെ പഠനവും അതുകഴിഞ്ഞുള്ള ജോലിയുമെല്ലാം പല കുട്ടികളുടേയും സ്വപ്നമാണ്. എന്നാൽ മാതാപിതാക്കളെ സംബന്ധിച്ചാകട്ടെ ഇത് അൽപം ആശങ്ക നിറഞ്ഞ ഓപ്ഷനും. പഠനത്തിന്റെ പണം കണ്ടെത്തിനപ്പുറം മറ്റൊരു രാജ്യത്തേക്ക് കുട്ടികളെ അയക്കുന്നത് സുരക്ഷിതമാണോ, അവർ എങ്ങനെ അവിടെ പഠിക്കും, ജീവിക്കും ഇങ്ങനെ ചോദ്യങ്ങളുടെ ഒരുവലിയ ലിസ്റ്റ് തന്നെ മനസിൽ കാണും.
യാതൊരു ആശങ്കയും വേണ്ടാതെ മക്കളെ വിട്ടേക്കൂ എന്ന ഉറപ്പ് നൽകുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക. പ്ലസ്ടുവിന് ശേഷം സ്റ്റൈപ്പന്റോടെ വിദേശ നഴ്സിങ് പഠനവും തുടര്‍ന്ന് ജോലിയ്ക്കും അവസരം ഒരുക്കുകയാണ് സ്ഥാപനം. ജർമ്മനിയിലേക്ക് പോകാനാണ് അവസരം, നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് അവസരം ലഭിക്കുക. പ്രോഗ്രാമിന്റേ രണ്ടാം ബാച്ചിലേയ്ക്കാണ് ഇപ്പോൾ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ ല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 6 വരെ നീട്ടിയതായി നോർക്ക റൂട്ട്സ് അറിയിച്ചു. നേരത്തേ ഒക്ടോബര്‍ 31 വരെയായിരുന്നു.

എന്തൊക്കെയാണ് യോഗ്യതയെന്ന് അറിയണ്ടേ?
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീം ആയിരിക്കണം പഠിച്ചിരിക്കേണ്ടത്. പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ജർമ്മനിയിലേക്കാണല്ലോ പോകുന്നത്, തീർച്ചയായും ജർമ്മൻ ഭാഷ പഠിച്ചിരിക്കണം. ജര്‍മ്മന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായവർക്ക് (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) ആണ് അപേക്ഷിക്കാൻ സാധിക്കുക.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച്, ഇംഗ്ലീഷില്‍ തയാറാക്കിയ വിശദമായ സി വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷാ യോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അടുത്ത വർഷം മാർച്ചിൽ അഭിമുഖം നടക്കും.
ഏത് പ്രായത്തിലും ഉള്ളവർക്ക് അപേക്ഷിക്കാമോ?
18 നും 27 നും ( as on March 1 st, 2025) ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. ഫോൺ- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications