കാനഡ പോയെങ്കിൽ പോട്ടെന്ന്; ജർമ്മനി വിളിക്കുന്നു..ഒരുങ്ങുന്നത് വൻ അവസരം, നിയന്ത്രണങ്ങൾ നീക്കി
കാനഡ, യു കെ, ഓസ്ട്രേലിയ,ന്യൂസിലാന്റ് പോലുള്ള വിദേശ രാജ്യങ്ങൾ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുമ്പോൾ വിദേശികൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുമായി ജർമ്മനി. ഏറ്റവും ഒടുവിലായി വിദഗ്ധരായ വിദേശ പ്രൊഫഷണലുകൾക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്.
ജർമ്മനിയിൽ, നിയന്ത്രിത തൊഴിലുകളിൽ ജോലി ചെയ്യുന്നതിനായി പ്രൊഫഷണൽ യോഗ്യത സംബന്ധിച്ച് ഔപചാരികമായ അംഗീകാരം (ഫോർമൽ റെക്കഗിനിഷൻ) ആവശ്യമാണ്. ഉദാഹരണത്തിന് ആരോഗ്യ സംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രൊഫഷണൽ യോഗ്യതകളുടെ ഔപചാരികമായ അംഗീകാരം ആവശ്യമായിരുന്നു. എന്നാൽ ഇനി മുതൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ വിദഗ്ധരായ തൊഴിലാളികൾക്ക് ജർമ്മനിയിൽ എത്തുമ്പോൾ തന്നെ തൊഴിലുടമകളുമായി സഹകരിച്ച് നടപടികൾ ആരംഭിക്കാം.ഈ രീതിയിൽ, വിദേശ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ വേഗത്തിൽ ജോലി ചെയ്യാൻ കഴിയും.

യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കും വിദ്യാർത്ഥികൾക്കും അപ്രൻ്റീസുകൾക്കും പുതിയ നിയമങ്ങൾ ബാധകമാകും. ജർമ്മനിയിൽ എത്തുമ്പോൾ തന്നെ
തൊഴിലുടമകളും ജീവിക്കാനക്കാരും തിരിച്ചറിയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട്.രണ്ട് വർഷത്തെ പരിശീലനം അല്ലെങ്കിൽ ഒരു യൂണിവേഴ്സിറ്റി ബിരുദം കൂടാതെ ജർമ്മൻ ഭാഷാ വൈദഗ്ധ്യം (പ്രാഫിഷ്യൻ ലെവൽ A2) എന്നിവയാണ് അംഗീകാര പങ്കാളിത്തത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത.
രണ്ട് ജോലികളിൽ ഏർപ്പെടുന്നത് സംബന്ധിച്ച നിയമങ്ങളിലും സർകാർ ഇളവ് വരുത്താനൊരുങ്ങുന്നുണ്ട്. കൂടാതെ വിദേശ പ്രൊഫഷണൽ യോഗ്യതകൾക്കായുള്ള താമസ നിയന്ത്രണങ്ങളും ലളിതമാക്കിയേക്കും. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള പ്രൊഫഷണലുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടികൾ.
അതേസമയം ഇന്ത്യക്കാരുടെ പ്രിയ ഇടമായി ജർമ്മനി മാറിയെന്നാണ് അടുത്തിടെ പുറത്തുവന്ന ചില കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 146 ശതമാനം വർദ്ധിച്ചെന്നാണ് ജർമ്മനിയിലെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ കണക്കുകൾ പറയുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെത്തിയതും ഇന്ത്യയിൽ നിന്നാണത്രേ. ഇതുവരെ 42,600 വിദ്യാർത്ഥികൾ പഠനത്തിനായി ജർമ്മനിയിൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നുവെന്ന വാർത്തകൾ മലയാളികൾ അടക്കമുള്ളവർക്ക് ആശങ്ക തീർത്തിട്ടുണ്ട്. റഷ്യ യുക്രെയ്ൻ യുദ്ധമാണ് തിരിച്ചടിയായത്. എന്നിരുന്നാലും വൈദഗ്ധ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications