കാനഡയെ തള്ളി ഇന്ത്യക്കാർ..പുതിയ ലക്ഷ്യ സ്ഥാനം ജർമ്മനി; കുത്തൊഴുക്കിന് കാരണം ഇതാണ്
കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ കാനഡയെ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ സാധ്യത തേടുകയാണ് വിദ്യാർത്ഥികൾ. ജർമ്മനിയാണ് ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ പ്രിയ ഇടമെന്നാണ് അടുത്തിടെ പുറത്തുവന്ന ചില സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. 32.6 ശതമാനം പേരാണ് ജർമ്മനിയാണ് മികച്ച ഇടമെന്ന് സർവ്വേയിൽ അഭിപ്രായപ്പെട്ടത്.
ജർമ്മനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതായി ജർമ്മനിയിലെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ കണക്കുകളും പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 146 ശതമാനം വർദ്ധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെത്തിയതും ഇന്ത്യയിൽ നിന്നാണത്രേ. ഇതുവരെ 42,600 വിദ്യാർത്ഥികൾ പഠനത്തിനായി ജർമ്മനിയിൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ജീവിതച്ചെലവിലെ വർദ്ധനവ്, കുടിയേറ്റ വിരുദ്ധ നയങ്ങൾ,കാനഡ-ഇന്ത്യ സംഘർഷം എന്നിവയെല്ലാമാകാം കാനഡയെ ഉപേക്ഷിച്ച് ഇത്തരത്തിൽ ജർമ്മനിയിലേക്ക് പോകാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

ശാസ്ത്രാധിഷ്ഠിത കോഴ്സുകൾക്ക് മികച്ച ഇടമായതിനാലാണ് ജർമ്മനി തിരഞ്ഞെടുത്തതെന്ന് ഇന്ത്യൻ വിദ്യാർത്ഥികളിൽ ഒരാളായ പരോമിത ഭട്ടാചാര്യ പറയുന്നു. 'യുഎസിലും യുകെയിലും ഞാൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഈ രണ്ട് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജർമ്മനിയിലാണ് കൂടുതൽ സാധ്യതകൾ ഉള്ളത്, ശാസ്ത്രാധിഷ്ഠിത കോഴ്സുകൾക്ക് മികച്ച സാഹചര്യങ്ങളാണ് ജർമ്മനി ഒരുക്കുന്നത്', അവർ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസ് മാത്രമേ ആവശ്യമുള്ളൂവെന്നതും ജർമ്മനിയെ ഇഷ്ടയിടമാക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 'എസ് ടി ഇ എം പ്രോഗ്രാമുകൾ, കുറഞ്ഞ ട്യൂഷൻ ഫീസ്, ധാരാളം സ്കോളർഷിപ്പ് അവസരങ്ങൾ ,ഗവേഷണം, പ്രായോഗിക അനുഭവം എന്നിവയെല്ലാം ജർമ്മനിയെ വിദ്യാർത്ഥികൾക്കിടയിൽ ആകർഷകമാക്കുന്നുണ്ട്. കാനഡയോട് വിദ്യാർത്ഥികൾക്ക് താത്പര്യം ഉണ്ടെങ്കിലും എസ് ടി ഇ എം മേഖലകളിലെ സ്പെഷലൈസേഷൻ, സാമ്പത്തിക നേട്ടങ്ങൾ, സ്വാഗതാർഹമായ അന്തരീക്ഷം എന്നിവ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികളിൽ ജർമ്മനിയിൽ 107 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പാർപ്പിട, താമസ പ്രതിസന്ധിയില്ല
കാനഡയെ അപേക്ഷിച്ച് പാർപ്പിട പ്രതിസന്ധി ഇവിടെ ഇല്ലെന്നതും വിദ്യാർത്ഥികളെ ജർമ്മനി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. മാത്രമല്ല മതിയായ തൊഴിലവസരങ്ങളും ഇവിടെയുണ്ട്. 'പാർട്ട് ടൈം ജോലി തിരഞ്ഞെടുക്കുമ്പോൾ തന്നെ എന്റെ ഫീൽഡുമായി ബന്ധപ്പെട്ട ജോലി എനിക്ക് ലഭിക്കുന്നുണ്ട്. അതായത് കാനഡയിൽ തന്റ് സുഹൃത്തുക്കൾ ഗ്രോസറികളിൽ കഴിയുമ്പോഴാണ് എന്നെ സംബന്ധിച്ച് മികച്ച അവസരം ജർമ്മനിയിൽ ലഭിക്കുന്നത്. പഠനത്തോടൊപ്പം തന്നെ സാങ്കേതി വൈദഗ്ധ്യം വളർത്താനുള്ള അവസരമാണ് എനിക്ക് ഇവിടെ ലഭിക്കുന്നത്', ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സഫിൻ ചൗധരി പറഞ്ഞു.
യുകെ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളത് പോലെ പാർപ്പിട പ്രതിസന്ധിയില്ലെന്നും സഫിൻ ചൂണ്ടിക്കാട്ടി.' വിദ്യാർത്ഥികളെ സംബന്ധിച്ച് താമസ സ്ഥലം പ്രധാനമാണ്. യൂനിവേഴ്സിറ്റി നൽകുന്ന താമസ സൗകര്യങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ,അപ്പാർട്ട്മെൻ്റുകൾ, ഹോംസ്റ്റേകൾ എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. കാമ്പസിന് സമീപത്ത് തന്നെ താമസം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം', വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. മികച്ച പോസ്റ്റ് സ്റ്റഡി വർക്ക് വിസയും ജർമ്മനി അനുവദിക്കുന്നുവെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
ജർമ്മനിയിൽ പഠനം പൂർത്തിയാക്കിയാൽ 18 മാസത്തെ പോസ്റ്റ് സ്റ്റഡി വിസ ലഭിക്കും.ഈ സമയത്ത് മികച്ച ജോലി കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും, ജോലിയും ചെയ്യാൻ സാധിക്കും. വിദ്യാർത്ഥികൾ അവരുടെ സ്റ്റുഡൻ്റ് വിസ കാലഹരണപ്പെടുന്നതിന് മുമ്പ് തന്നെ ഈ പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. അവസാന സെമസ്റ്റർ സമയത്ത് തന്നെ അപേക്ഷിക്കുന്നതാണ് ഉത്തമം.












Click it and Unblock the Notifications