250 പേർ കൂടി ജർമ്മനിയിലെത്തി, ആഘോഷം: ഇനിയുമുണ്ട് അവസരങ്ങള്‍, അതും കേരള സർക്കാർ വഴി
തിരുവനന്തപുരം:കേരളത്തിൽ നിന്നുള്ള നഴ്സുമാരെ ജർമനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിൾ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്സ് അധികൃതരും ജർമൻ പ്രതിനിധികളും പങ്കെടുത്ത ആഘോഷപരിപാടി തിരുവനന്തപുരത്ത് നടന്നു. മൂന്ന് ദിനങ്ങളിലായി നടന്ന, നിർവഹണ ഏജൻസി കളുടെ സംയുക്ത സമ്മേളനത്തിലാണ് ആഘോഷച്ചടങ്ങും സംഘടിപ്പിച്ചത്.
നോർക്ക റൂട്ട്സ്,ജർമ്മൻ ഫെഡറൽ ഏജൻസി, ജി ഐ എസ് തുടങ്ങിയ ഏജൻസികളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ട്രിപ്പിൾ വിൻ പദ്ധതി നടപ്പാക്കി വരുന്നത്. 2022-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാല് അഭിമുഖങ്ങൾ നടത്തുകയും 250 - ൽ അധികം നഴ്സുമാരെ ജർമനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 754 നഴ്സുമാർ ജർമൻ ഭാഷാ പരിശീലനത്തിലാണ്. 2025 ഫെബ്രുവരി അവസാനത്തോടെ ആയിരത്തോളം നഴ്സുമാരെ ജർമനിയിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് നോർക്ക റൂട്ട്സ്. അടുത്ത ഘട്ട റിക്രൂട്ട്മെന്റും ഉടന്‍ തന്നെ പ്രഖ്യാപിക്കും.

കേരളത്തിലെ നഴ്സുമാർക്ക് അവസരങ്ങളുടെ പുത്തൻ വാതായനങ്ങൾ തുറന്ന് കൊടുക്കാൻ ട്രിപ്പിൾ വിൻ പദ്ധതിക്ക് ആയിട്ടിട്ടുണ്ടന്നും 252 പേർ ജർമനിയിലെത്തി ജോലിയിൽ പ്രവേശിച്ചത് നോർക്കയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണെന്നും ചടങ്ങിന് അദ്ധ്യത വഹിച്ച നോർക്ക റൂട്ട്സ് റസിഡൻൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ അറിവും അർപ്പണബോധവും ലോകം മുഴുവൻ അംഗീകരിക്കുന്നതാണെന്നും ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ നിരവധി നഴ്സുമാർക്ക് സുരക്ഷിത കുടിയേറ്റം സാധ്യമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ നേർക്ക സെക്രട്ടറി ഡോ. കെ. വാസുകി പറഞ്ഞു.
ട്രിപ്പിൾ വിൻ പദ്ധതിയെ സംബന്ധിച്ച്നോർക്ക സി ഇ ഒ അജിത് കോളശ്ശേരിയും ജർമനിയിലെ ഇന്റർനാഷണൽ സർവീസ് ഡിവിഷൻ മേധാവി തോഴ്റ്റെൻ റോൾസ്മിയർ എന്നിവർ ആമുഖപ്രഭാഷണം നടത്തി. ഫെഡൽ റിപ്പബ്ലിക്ക് ഓഫ് ജർമനി കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, നോർക്ക അഡീഷണൽ സെക്രട്ടറി സിന്ധു എസ്, ന്യൂഡൽഹിയിലെ ലേബർ ആൻ്റ് സോഷ്യൽ അഫയേഴ്സ് ജർമൻ കൗൺസൽ മീക് ജെയ്ഗെർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ചടങ്ങിന് നോർക്ക റൂട്ട്സ് റിക്രൂട്ട്മെൻ്റ് മാനേജർ പ്രകാശ് പി. ജോസഫ് സ്വാഗതവും ഹോം ആതൻ്റിക്കേഷൻ ഓഫീസർ സുഷമാ ഭായ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications