ഇതുപോലെ ഒരു ജോലി വേറെ കിട്ടില്ല: ഹോട്ടലില്‍ സുഖവാസം, സ്വന്തമായി വണ്ടിയും, ചെയ്യേണ്ടത് ഇത്രമാത്രം
നിലവിലെ ജോലിയില്‍ മടുത്തിരിക്കുന്നവരാണോ നിങ്ങള്‍, അല്ലെങ്കില്‍ ഒരു ജോലി നോക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവർണ്ണാവസരം. ആദ്യം തന്നെ പറയാം ഇന്ത്യയിലെങ്ങുമല്ല, അങ്ങ് കരീബിയയിലെ ഒരു ഹോട്ടലിലാണ് ജോലി. നിങ്ങള്‍ അവിടെ പോയി ഭാരപ്പെട്ട ഒരു പണിയും എടുക്കേണ്ടതില്ല. ചെയ്യേണ്ടത് ഹോട്ടലുമായി ബന്ധപ്പെട്ട മികച്ച സോഷ്യല്‍ മീഡിയ കണ്ടന്റ് സൃഷ്ടിക്കുക എന്നുള്ളത് മാത്രമാണ്.
അതായത് മികച്ച റീലുകള്‍, ഷോർട്സ് വീഡിയോ എന്നിവ സൃഷ്ടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള ഒരു വ്ളോഗറാണ് നിങ്ങളെങ്കില്‍ ഈ ജോലിക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം. ബോർഡ്‌വാക്ക് ബോട്ടിക് ഹോട്ടൽ അരൂബയാണ് സോഷ്യല്‍ മീഡിയ കണ്ടന്റർ പോസ്റ്റിലേക്ക് ആളെ ക്ഷണിച്ചിരിക്കുന്നത്. ഏത് രാജ്യത്ത് നിന്നുള്ളവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

ഒരു മാസത്തേക്കായിരിക്കും താല്‍ക്കാലിക നിയമനം. ഹോട്ടല്‍ അധികൃതർക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഇത് ഒരു വർഷം വരെ നീട്ടാം. നിയമിക്കപ്പെട്ടാല്‍ താമസവും ഭക്ഷണവും ഉള്‍പ്പടേയുള്ള എല്ലാ ചിലവുകളും ഹോട്ടല്‍ വഹിക്കും. "വിമാനക്കൂലി, സഞ്ചരിക്കാന്‍ വാഹനം എന്നിവ ഉൾപ്പെടെ ഒരു മാസത്തെ താമസത്തിനായി ഒരു മികച്ച സോഷ്യല്‍ മീഡിയ കണ്ടന്റ് സൃഷ്ടാവിനെ ഞങ്ങള്‍ തേടുകയാണ്" ഹോട്ടലിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ ഷാരി സീൽഡ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ആർക്കും ഈ പോസ്റ്റിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന മത്സരാർത്ഥിയെ ആഗസ്റ്റ് 7 ന് പ്രഖ്യാപിക്കും. സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും നിയമനം അംഗീകരിച്ചുകൊണ്ടുള്ള കത്ത് ലഭിക്കുക. അപേക്ഷകന്‍ ഏത് രാജ്യത്ത് നിന്നുള്ള ആളാണെങ്കിലും അവിടം മുതലുള്ള വിമാനക്കൂലി നല്‍കും.
കരീബിയൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിലൊന്നാണ് അരൂബ. അതിമനോഹരമായ തീരപ്രദേശങ്ങളാലും പാറക്കെട്ടുകളാലും ചുറ്റപ്പെട്ട ദ്വീപില്‍ ഒരു മാസം ചെലവഴിക്കാൻ താൽപ്പര്യമുള്ള സോഷ്യല്‍ മീഡിയ കണ്ടന്റ് സൃഷ്ടാക്കള്‍ക്ക് ഹോട്ടലിന്റെ വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാനും ജോലിയെക്കുറിച്ച് കൂടുതല്‍ അറിയാനും സാധിക്കും.
ഇൻസ്റ്റാഗ്രാം സ്റ്റോറികളും റീലുകളും വഴി ദ്വീപിൽ ചെലവഴിച്ച ദിവസങ്ങൾ ഡോക്യുമെന്റ് ചെയ്യൽ, ഹോട്ടലിനെയും അറൂബയെയും ഒരു ലക്ഷ്യസ്ഥാനമായി ഫീച്ചർ ചെയ്യുന്ന പുതിയ ഉള്ളടക്കം സൃഷ്ടിക്കൽ, എന്നിവയോടൊപ്പം ബോർഡ്‌വാക്കിന്റെ മാർക്കറ്റിംഗ് ടീമുമായി ബന്ധപ്പെട്ട് അവരുടെ സ്ട്രാറ്റജികള്‍ക്ക് അനുസരിച്ച് പ്രവർത്തിക്കല്‍ എന്നീ ജോലികളായിരിക്കും തിരഞ്ഞെടുക്കപ്പെട്ടാല്‍ ചെയ്യേണ്ടി വരിക.
'ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡ്രോൺ പൈലറ്റിംഗ്, എഡിറ്റിംഗ്, അണ്ടർവാട്ടർ ഫോട്ടോ, വീഡിയോഗ്രാഫി, മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ അനുഭവം, സ്ഥിതിവിവരക്കണക്കുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു സ്രഷ്ടാവിനെ ഞങ്ങൾ അന്വേഷിക്കുന്നു' റിസോർട്ടിലെ മാർക്കറ്റിംഗ്, ഗസ്റ്റ് എക്സ്പീരിയൻസ് അസിസ്റ്റന്റ് മാനേജർ തൃഷ റെയിൻ കെമെയർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications