യൂറോപ്പിൽ ഉയർന്ന ശമ്പളമുള്ള ജോലി എങ്ങനെ സ്വന്തമാക്കാം? 5 തന്ത്രങ്ങൾ പങ്കുവെച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ
യൂറോപ്യൻ രാജ്യങ്ങളിലും ജർമ്മനിയിലുമൊക്കെ ഉയർന്ന ശമ്പളമുള്ള ഒരു ഐടി ജോലി സ്വന്തമാക്കുക എന്നത് വലിയൊരു വിഭാഗം ടെക്കികളുടെയും സ്വപ്നമാണ്. ഇപ്പോഴിതാ, ജർമ്മനിയിലെയും മറ്റ് യൂറോപ്യൻ യൂണിയൻ കമ്പനികളിൽ നിന്നും 100000 യൂറോയ്ക്ക് മുകളിൽ (ഏകദേശം 90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അടിസ്ഥാന ശമ്പളമുള്ള ഒന്നിലധികം ജോലി ഓഫറുകൾ നേടിയെടുത്ത ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം ആറ് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഈ ടെക്കി ഇതിനകം തന്നെ ഇന്ത്യയിലിരുന്ന് റിമോട്ട് ആയി ജോലി ചെയ്തുകൊണ്ട് പ്രതിവർഷം 75 ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നുണ്ടായിരുന്നു. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ തന്നെ സഹായിച്ച 5 പ്രധാന കാര്യങ്ങൾ ഇദ്ദേഹം പങ്കുവെക്കുന്നു. വിദേശ ജോലി ആഗ്രഹിക്കുന്നവർക്കായി ആ തന്ത്രങ്ങൾ ഇതാ:

1. തുടർച്ചയായി അപേക്ഷിക്കുക
വിദേശത്ത് ജോലി കണ്ടെത്തുക എന്നത് പൂർണ്ണമായും ഒരു 'നമ്പേഴ്സ് ഗെയിം'ആണെന്ന് ഇദ്ദേഹം പറയുന്നു. അതായത്, നമ്മൾ എത്രത്തോളം കൂടുതൽ കമ്പനികളിലേക്ക് അപേക്ഷ അയക്കുന്നുവോ, അത്രത്തോളം വിജയസാധ്യത കൂടും. വിദേശ അപേക്ഷകർക്ക് വിസ സ്പോൺസർഷിപ്പ് നൽകാൻ തയ്യാറുള്ള കമ്പനികൾ വളരെ കുറവായിരിക്കും. അതിനാൽ മടുപ്പുകൂടാതെ വലിയ തോതിൽ ജോലികൾക്ക് അപ്ലൈ ചെയ്തുകൊണ്ടിരിക്കുക എന്നത് മാത്രമാണ് ഏക വഴി.
2. വമ്പൻ കമ്പനികളിലെ പരിചയവും ശമ്പളം ചോദിച്ചു വാങ്ങാനുള്ള മിടുക്കും
യൂറോപ്പിലെ ഏറ്റവും മുൻനിരയിലുള്ള ഐടി കമ്പനികളിൽ ഉയർന്ന പദവികൾ ലഭിക്കണമെങ്കിൽ ഫേസ്ബുക്ക്, ആസമോൺ, ആപ്പിൾ, നെറ്റ്ഫ്ളിക്സ്, ഗൂഗിൾ പോലുള്ള വൻകിട കമ്പനികളിലോ അല്ലെങ്കിൽ വേഗത്തിൽ വളരുന്ന മികച്ച ടെക് കമ്പനികളിലോ ഉള്ള മുൻകാല പ്രവൃത്തിപരിചയം വലിയൊരു മുൻതൂക്കം നൽകും. അതോടൊപ്പം തന്നെ, ഇന്റർവ്യൂവിൽ വിജയിച്ചാൽ മികച്ച ശമ്പളം കൃത്യമായി ചോദിച്ചു വാങ്ങാനുള്ള മിടുക്കും ഉണ്ടായിരിക്കണം.
3. ജോലി നിഷേധിക്കപ്പെട്ടാൽ വിഷമിക്കരുത്
അപേക്ഷകൾ നിരസിക്കപ്പെടുമ്പോൾ അത് വ്യക്തിപരമായി എടുത്ത് വിഷമിക്കരുത്. മിക്കപ്പോഴും നിങ്ങളുടെ കഴിവുകേട് കൊണ്ടാവില്ല അത് സംഭവിക്കുന്നത്. വിസ സ്പോൺസർഷിപ്പിന്റെ തടസ്സങ്ങളില്ലാത്ത, നിങ്ങളുടേതിന് സമാനമായ കഴിവുകളുള്ള ഏതെങ്കിലും യൂറോപ്യൻ സ്വദേശിക്ക് ആ ജോലി ലഭിച്ചത് കൊണ്ടാകാം നിങ്ങൾക്ക് അവസരം നഷ്ടപ്പെടുന്നത്. അതിനാൽ നിരാശപ്പെടാതെ മുന്നോട്ട് പോവുക.
4. ശരാശരിയിലും മികച്ചവരായിരിക്കുക
ഒരു ഇന്ത്യൻ ഉദ്യോഗാർത്ഥി എന്ന നിലയിൽ നിങ്ങൾ അപേക്ഷിക്കുമ്പോൾ, അവിടുത്തെ പ്രാദേശികരായ ജർമ്മൻ അല്ലെങ്കിൽ യൂറോപ്യൻ ഉദ്യോഗാർത്ഥികളുടെ ശരാശരി നിലവാരത്തേക്കാൾ വളരെ മികച്ച കഴിവ് നിങ്ങൾക്കുണ്ടെന്ന് കമ്പനിക്ക് ബോധ്യപ്പെടണം. എങ്കിൽ മാത്രമേ ഒരു വിദേശിയെ വലിയ തുക മുടക്കി സ്പോൺസർ ചെയ്യാൻ കമ്പനികൾ തയ്യാറാവുകയുള്ളൂ.
5. സൗഹൃദപരമായ പെരുമാറ്റം പ്രധാനം
സാങ്കേതികമായ അറിവുകൾക്ക് പുറമെ, ഇന്റർവ്യൂ ചെയ്യുന്നവരുമായി നല്ല രീതിയിൽ ആശയവിനിമയം നടത്താനും സൗഹൃദപരമായി പെരുമാറാനും ഉദ്യോഗാർത്ഥിക്ക് കഴിയണം. നിങ്ങളോടൊപ്പം ഒന്നിച്ച് ജോലി ചെയ്യാൻ മറ്റുള്ളവർക്ക് താല്പര്യം തോന്നുന്ന രീതിയിലുള്ള പെരുമാറ്റം ഇന്റർവ്യൂവിൽ വലിയൊരു പോസിറ്റീവ് ഘടകമാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിന് വലിയ പിന്തുണയാണ് മറ്റ് ഉദ്യോഗാർത്ഥികളിൽ നിന്നും ലഭിക്കുന്നത്. ജർമ്മനിയിൽ ജോലി ചെയ്യുന്ന ചിലർ ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം ഒരു പ്രധാന ഉപദേശം കൂടി നൽകുന്നുണ്ട്: ജർമ്മനിയിലെ ആദ്യത്തെ 6 മാസത്തെ പ്രൊബേഷൻ കാലയളവ് വളരെ ഗൗരവമായി കാണണമെന്നും, സ്ഥിരതാമസം വേഗത്തിൽ ലഭിക്കാൻ ജർമ്മൻ ഭാഷ (B1 ലെവൽ വരെ) പഠിക്കുന്നത് നന്നായിരിക്കുമെന്നും അവർ ഓർമ്മിപ്പിക്കുന്നു.













Click it and Unblock the Notifications