കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ കമ്പനി സെക്രട്ടറിയാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ കമ്പനി സെക്രട്ടറി യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ( ഐ സി എസ് ഐ ) അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 27 - ന് ആരംഭിച്ചു. 2024 ജനുവരി 3 വരെ ആണ് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരിക്കുക.
18 തസ്തികകളിലെ ഒഴിവ് നികത്താന്‍ വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. തസ്തികയിലേക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിയുടെ അസോസിയേറ്റ് അംഗം ആയിരിക്കണം.

അതായത് ഉദ്യോഗാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫൈനല്‍ പരീക്ഷ പാസായിരിക്കണം. കൂടാതെ നിര്‍ദ്ദിഷ്ട പ്രായോഗിക പരിശീലന ആവശ്യകതകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. പ്രായം 35 വയസില്‍ കൂടാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 'യംഗ് പ്രൊഫഷണല്‍' എന്ന പദവിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകന് കുറഞ്ഞത് 2 വര്‍ഷത്തെ പോസ്റ്റ് യോഗ്യത ( സി എസ് ) പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ ഏകീകൃത പ്രതിഫലം പ്രതിമാസം 41,000 രൂപ ആയിരിക്കും. ഇതില്‍ 1,000 രൂപ കണ്‍വെയന്‍സ് അലവന്‍സ് ഉള്‍പ്പെടും. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് അടിസ്ഥാന വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് റെസ്യൂമെ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
രാജ്യത്തെ കമ്പനി സെക്രട്ടറിമാരുടെ തൊഴില്‍ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉള്ള ഇന്ത്യയിലെ ഏക അംഗീകൃത പ്രൊഫഷണല്‍ ബോഡി ആണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ. 1980 -ലെ കമ്പനി സെക്രട്ടറി ആക്ട് എന്ന പാര്‍ലമെന്റിന്റെ നിയമ പ്രകാരം രൂപീകരിച്ച ഒരു പ്രധാന ദേശീയ പ്രൊഫഷണല്‍ ബോഡി ആണിത്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അധികാര പരിധിയില്‍ ആണ് ഐ സി എസ് ഐ പ്രവര്‍ത്തിക്കുന്നത്. ഐ സി എസ് ഐയുടെ ആസ്ഥാനം ന്യൂദല്‍ഹിയില്‍ ആണ്. ഇത് കൂടാതെ ന്യൂദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ നാല് റീജിയണല്‍ ഓഫീസുകളും ഇന്ത്യയില്‍ ഉടനീളം 72 ശാഖകളും ഉണ്ട്.












Click it and Unblock the Notifications