ദുബായിൽ ക്ലീനിങ്ങ് ബോയി ആയി തുടങ്ങി, 8 മാസങ്ങൾക്കിപ്പുറം സ്വന്തമായി കാർ വാങ്ങി'; ഗൗരവിന്റെ കഥ വൈറൽ
ദുബായിൽ പോയി ജീവിത വിജയം നേടിയ നിരവധി കഥകൾ നമ്മൾ കേട്ടിട്ടില്ലേ, അക്കൂട്ടത്തിൽ ഇതാ പുതിയൊരാൾ കൂടി. ഇന്ത്യക്കാരനായ ഗൗരവ് എന്ന യുവാവണ് അനുഭവം പങ്കുവെച്ച് എത്തിയിരിക്കുന്നത്. ദുബായിൽ ഒരു ക്ലീനിങ് ജോലിയിൽ തുടങ്ങിയ ഗൗരവ് ഒടുവിൽ എട്ട് മാസത്തിനുള്ളിൽ സ്വന്തമായി കാർ വാങ്ങിയ സന്തോഷമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഒരു ഫ്രെയിമിൽ ക്ലീനിങ് ജോലി ചെയ്യുന്നതും അടുത്ത ഫ്രെയിമിൽ പുതിയ കാറിനടുത്ത് അഭിമാനത്തോടെ നിൽക്കുന്നതുമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് വിശദമായ കുറിപ്പും ഗൗരവ് എഴുതിയിട്ടുണ്ട്. ഗൗരവിന്റെ കുറിപ്പ് ഇങ്ങനെ
'2025 ഫെബ്രുവരി 2 നാണ് ഞാൻ വിസിറ്റ് വിസയിൽ ദുബായിൽ എത്തുന്ന്. ഇന്ത്യയിൽ സുഖകരമായ ജീവിതം നയിച്ചിരുന്ന കുടുംബത്തെ അറിയിക്കാതെയാണ് ഞാൻ പോന്നത്. കൈയ്യിൽ പൈസ വളരെ കുറവായിരുന്നു, എന്നാൽ മനസിൽ നിറയെ സ്വപ്നങ്ങളും.

ആദ്യകാലങ്ങളിൽ ദുബായിൽ തനിക്ക് നിരവധി കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു. എന്റെ മേഖലയായ റിയൽ എസ്റ്റേറ്റ് മേഖലയിൽ അവസരങ്ങൾ ലഭിച്ചില്ല. അതിജീവനത്തിനായി ഒരു ക്ലീനിങ് ജോലി സ്വീകരിക്കേണ്ടി വന്നു. എന്നാൽ ഓരോ രാത്രിയിലും ഞാൻ നൂറിലധികം കമ്പനികളിലേക്ക് അപേക്ഷകൾ അയച്ച് പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നു."
രണ്ട് മാസത്തെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഒരു വഴിത്തിരിവുണ്ടായി. രണ്ട് മാസത്തിന് ശേഷം എല്ലാം മാറി. എനിക്ക് ഒടുവിൽ ഒരു സെയിൽസ് ജോലി ലഭിച്ചു. എട്ട് മാസങ്ങൾക്കിപ്പുറം ഞാൻ എൻ്റെ ആദ്യത്തെ കാർ ദുബായിൽ വാങ്ങി'. ഗൗരവ് കുറിച്ചു. ഈ നേട്ടം കേവലം ഒരു കാർ സ്വന്തമാക്കുന്നതിലുപരി വലിയയൊരു നേട്ടമാണെന്നും ഗൗരവ് പറഞ്ഞു.
'ഇതൊരു കാറിനെക്കുറിച്ചുള്ള കഥയല്ല, മറിച്ച് ഉയർച്ചയുടെ കഥയാണ്. നിങ്ങൾക്ക് വലിയ സ്വപ്നങ്ങളും അതിനായി ശ്രമിക്കാനുള്ള ധൈര്യവും ഉണ്ടെങ്കിൽ ഒരിക്കലും കളഞ്ഞിട്ട് പോകരുത്. നിങ്ങളിൽ വിശ്വസിക്കുക, ശക്തമായി മുന്നോട്ട് പോകുക, പോസിറ്റീവായിരിക്കുക. നിങ്ങളുടെ പരിമിതികളെ മറികടക്കുമ്പോഴാണ് വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്', ഗൗരവ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഗൗരവിന്‌റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് ഗൗരവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വളരെ വേഗത്തിലുള്ള വളർച്ച എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളുടെ നേട്ടം വളരെയേറെ പ്രോചദനകരമാണെന്ന് ചിലർ കുറിച്ചു. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള താക്കോൽ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications