800 ൽ നിന്ന് 7000ത്തിലേക്ക്; അയർലന്റിലേക്ക് ഒഴുകി ഇന്ത്യൻ വിദ്യാർത്ഥികൾ..വെറുതെയല്ല ഈ കുത്തൊഴുക്ക്,കാരണം ഇതാ
കഴിഞ്ഞ വർഷം വരെ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി ഏറ്റവും കൂടുതൽ പോകുന്ന രാജ്യം കാനഡയായിരുന്നു. കുറഞ്ഞ ട്യൂഷൻ ഫീസ്, പിആർ, പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരങ്ങൾ, പഠനം കഴിഞ്ഞാലുള്ള ജോലി സാധ്യതകൾ ഇവയെല്ലാമാണ് കാനഡയിലേക്ക് ആളുകളെ പ്രധാനമായും ആകർഷിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഇന്ത്യക്കാർക്ക് കാനഡ വേണ്ടാതായിരിക്കുകയാണ്. അന്താരാഷ്ട്ര കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നിയമങ്ങൾ പലതും കാനഡ കർശനമാക്കിയതിന് പിന്നാലെയാണ് ഇത്. ട്യൂഷൻ ഫീസ് ഉയർത്തിയും വർക്ക് പെർമിറ്റ് നിയന്ത്രിച്ചും പാർട്ട് ടൈം ജോലി ചെയ്യാനുളള സമയം വെട്ടിക്കുറച്ചുമെല്ലാമാണ് കാനഡ നിയന്ത്രണങ്ങൾ നടപ്പാക്കിയത്.

അതേസമയം കാനഡ കടുപ്പിച്ചതോടെ മറ്റ് വിദേശ രാജ്യങ്ങിലേക്ക് ചേക്കേറുകയാണ് യുവാക്കൾ. പലരും യുകെ, ന്യൂസിലാന്റ് , ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളാണ് വിദേശപഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇവയ്ക്കൊപ്പം തന്നെ അയർലൈന്റും ഇന്ത്യക്കാരുടെ പ്രിയ ഇടമായി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ. അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് മുംബൈയിലെ അയർലൻഡ് കോൺസൽ ജനറൽ അനിത കെല്ലി വ്യക്തമാക്കുന്നത്.
2013-ൽ രാജ്യത്ത് എന്റോൾ ചെയ്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വെറും 800 ആയിരുന്നു. എന്നാൽ 2022 ഓടെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. ഏകദേശം 7000ത്തോളമായി ഇത് ഉയർന്നു', കല്ലി വ്യക്തമാക്കി. അന്താരാഷട്ര വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമെന്ന നിലയിൽ അയർലന്റിന്റെ പ്രധാന്യം വർധിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ബിരുദ പഠനത്തിന് മാത്രമല്ല, ബിരുദാനന്തര ബിരുദ പഠനത്തിന് എത്തുന്നവരുടെ എണ്ണവും ഒട്ടും കുറവല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വളർച്ചയുടെ കാരണങ്ങൾ ഇതാ
ഗുണനിലവാരമുള്ള വിദ്യാഭ്യാസം തന്നെയാണ് ഒന്നാമത്തെ കാര്യം. ട്രിനിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ തുടങ്ങിയ ലോകത്തിലെ തന്നെ പ്രമുഖ സർവ്വകലാശാലകൾ അയർലൻഡിലുണ്ട്. ഉയർന്ന അക്കാദമിക നിലവാരത്തിലുള്ള പ്രോഗ്രാമുകളാണ് ഈ കോളേജുകൾ വാഗ്ദാനം ചെയ്യുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ താങ്ങാനാവുന്ന ട്യൂഷൻ ഫീസ് ആണ് അയർലൻഡിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. പഠനം പൂർത്തിയാക്കിയാലും രണ്ട് വർഷം രാജ്യത്ത് തുടരാനും ജോലി ചെയ്യാനുമുള്ള അനുമതിയും വിദ്യാർത്ഥികൾക്ക് ലഭിക്കും. അന്താരാഷ്ട്ര പ്രവൃത്തിപരിചയം നേടാനുള്ള അവസരങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് ഏറെ സഹായകമാണ്.
ഏതൊക്കെ കോഴ്സുകള്ഡ പഠിക്കാം
ബിസിനസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്
ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാനേജ്മെൻ്റ്, മാർക്കറ്റിംഗ്, ഫിനാൻസ്, ഇൻ്റർനാഷണൽ ബിസിനസ്സ് തുടങ്ങിയ ബിസിനസ് സംബന്ധിയായ കോഴ്സുകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രിയമാണ്. ബിസിനസ് സൗഹൃദമായ രാജ്യമാണ് അയർലൻഡ്. അതുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കിയാൽ ഇന്റേൺഷിപ്പിനും തൊഴിലിനും ഉള്ള അവസരങ്ങൾ നിരവധിയാണ്.
എൻജിനീയറിംഗ്
ഉയർന്ന നിലവാരമുള്ള എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് പേരുകേട്ട രാജ്യമാണ് അയർലൻഡ്. മെക്കാനിക്കൽ , ഇലക്ട്രിക്കൽ , സിവിൽ , എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, മറ്റ് അനുബന്ധ മേഖലകൾ എന്നിവ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. വൈവിദ്യമാർന്ന തൊഴിൽ അവസരങ്ങളും മേഖല വാഗ്ധാനം ചെയ്യുന്നു.
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
കമ്പ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ കോഴ്സുകൾ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വമ്പൻ മൾട്ടിനാഷ്ണൽ കമ്പനികളുടെ ആസ്ഥാനം കൂടിയാണ് അയർലൻഡ്. പരമ്പരാഗതമായ ഐടി വിഭാഗങ്ങൾക്ക് പുറമെ സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ എന്നിങ്ങനെ വൈവിധ്യമാർന്ന കോഴ്സുകൾ പഠിക്കാനും അവസരം ഉണ്ട്.
ഹെൽത്ത് ആന്റ് മെഡിസിൻ
മെഡിസിൻ, നഴ്‌സിംഗ്, ഫാർമസി, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റ് കോഴ്സുകൾ എന്നിവ വാഗ്ധാനം ചെയ്യുന്ന പ്രശസ്തമായ മെഡിക്കൽ സ്കൂളുകളും സ്ഥാപനങ്ങളും അയർലൻഡിലുണ്ട്.












Click it and Unblock the Notifications