അയർലണ്ടിലേക്ക് ഒരു കിടിലന്‍ ജോലി ഓഫർ: ടൂറിസ്റ്റ് ദ്വീപിലേക്ക് കെയർടേക്കർമാരെ വേണം
വമ്പന്‍ ജോലി ഓഫറുമായി ഗ്രേറ്റ് ബ്ലാസ്കറ്റ് ദ്വീപ്. 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാലത്തേക്കാണ് നിയമനം. ദ്വീപില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി കോഫി ഷോപ്പ് നടത്തുക, അവരെ നിയന്ത്രിക്കുക, മറ്റ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്നതാണ് ജോലി. അതായത് ഒരു കെയർ ടേക്കറായി നിങ്ങള്‍ പ്രവർത്തിക്കണമെന്ന് സാരം.
അയർലണ്ടിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ ദ്വീപില്‍ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ഒരു സീൽ കോളനിയും ചരിത്രാതീത സ്ഥലങ്ങളുമാണ് പ്രധാനമായും ഉള്ളത്. ബീച്ച് വിനോദത്തിനും പേര് കേട്ടതാണ് ഗ്രേറ്റ് ബ്ലാസ്കറ്റ് ദ്വീപ്. സഞ്ചാരികളുടെ ബോട്ട് യാത്രക്ക് ഉള്‍പ്പെടെ കെയർടേക്കർമാർ സഹായം ചെയ്ത് നല്‍കേണ്ടി വരും. ഇതോടൊപ്പം തന്നെ അതിഥികളുടെ താമസസൗകര്യം നിയന്ത്രിക്കുകയും വേണം.

അതിഥികൾ എത്തുന്നതിന് മുമ്പ് കോഫി ഷോപ്പ് തുറക്കുകയും ബാത്ത്റൂമുകൾ വൃത്തിയാക്കുകയും ചെയ്തുകൊണ്ടായിരിക്കും കെയർടേക്കറുടെ ഒരു ദിനം ആരംഭിക്കുക ചെക്ക്ഔട്ടുകൾ കൈകാര്യം ചെയ്യുന്നത് മുതൽ ഡേ ട്രിപ്പർമാർക്ക് സേവനം നൽകാനും പുതിയ അതിഥി ചെക്ക്-ഇന്നുകൾ കൈകാര്യം ചെയ്യാനും തുടങ്ങി തിരക്കേറിയ മണിക്കൂറുകളായിരിക്കും അടുത്തത്. എല്ലാത്തിനും ഉപരി സഞ്ചാരികളോട് മികച്ച രീതിയില്‍ പെരുമാറുകയും വേണം.
ദമ്പതികൾക്കോ അല്ലെങ്കിൽ രണ്ട് സുഹൃത്തുക്കൾക്കോ ഒന്നിച്ച് ജോലിയിൽ പ്രവേശിക്കാം. കോഫി ഷോപ്പിനൊപ്പം നാല് അവധിക്കാല കോട്ടേജുകളാണ് പ്രധാനമായും ദ്വീപിലുള്ളത്. ഇതിന്റെ മേല്‍നോട്ടമായിരിക്കും പ്രധാന ചുമതല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം തന്നെ കഠിനാധ്വാനം ചെയ്ത് പൈസയും ഉണ്ടാക്കാം.
കഠിനാധ്വാനം, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ ഈ ജോലിയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ദ്വീപ് അധികൃതർ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം കൂടുന്ന അവസരത്തിൽ രണ്ട് സഹായികളെ കൂടി നിയമിക്കും. സഞ്ചാരികള്‍ എത്തുന്ന മുഴുവന്‍ ദിവസവും പ്രവർത്തി ദിവസമായിരിക്കും.
വേനൽക്കാലത്ത് മാത്രം തഴച്ചു വളരുന്ന സസ്യങ്ങളും, പുഷ്പങ്ങളും ദ്വീപിന്റെ പ്രത്യേകതയാണ്. അയർലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയുടെ ഭാഗമായ കെറിയിൽ (Kerry) നിന്നും ഫെറിയുടെ (Ferry) സഹായത്തോടെയാണ് 1950 വരെ മത്സ്യത്തൊഴിലാളികളുടെ കേന്ദ്രമായ ദ്വീപിലേക്ക് എത്താന്‍ സാധിക്കുകയുള്ളു.
അപേക്ഷകർക്ക് ഇംഗ്ലീഷിൽ പ്രവീണ്യം വേണം. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ കഴിയുന്നവരും ദ്വീപിലേക്ക് സ്വന്തം ചെലവിൽ എത്തിപ്പെടാൻ സാധിക്കുന്നവരുമായിരിക്കണം. അതേസമയം, ഇത്തരം ജോലി വാഗ്ധാനങ്ങള്‍ നല്‍കുന്ന ഒട്ടനവധി ദ്വീപുകളും രാജ്യങ്ങളും യൂറോപ്പിലുണ്ട്.












Click it and Unblock the Notifications