ഇസ്രായേലില്‍ കൈ നിറയെ ജോലി; അതും കൃഷിയും നിർമ്മാണവും: കുടിയേറ്റത്തില്‍ വന്‍ വർധനവ്
ബെംഗളൂരു: കർണാടകയില്‍ നിന്നുള്ള വിദേശ തൊഴില്‍ അന്വേഷകരുടെ ഇഷ്ട്ര കേന്ദ്രമായി ഇസ്രായേല്‍ മാറുന്നു. തൊഴിലിനായി ഇസ്രായേല്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വർഷത്തില്‍ വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബെംഗളൂരുവിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസില്‍ (ആർ പി ഒ) നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വർഷം ഉടനീളം ഇസ്രായേലിലേക്കുള്ള തൊഴില്‍ കുടിയേറ്റം ശക്തമായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.
പല രാജ്യങ്ങളിലും വിദേശ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) നിർബന്ധമാണ്. ഇത്തരത്തില്‍ ഇസ്രായേലിലേക്കുള്ള പി സി സിക്കായി കർണാടകയിൽ നിന്നും അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായെന്നാണ് റീജിയണൽ പാസ്‌പോർട്ട് ഓഫീസില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

'പടിഞ്ഞാറൻ ഏഷ്യ, ഓസ്‌ട്രേലിയ, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് വേണ്ടി ഞങ്ങള്‍ പി സി സികൾ നൽകുന്നു. നിലവിൽ ഇസ്രായേലിലേക്കുള്ള പി സി സികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023-ൽ ഇസ്രായേലിലേക്ക് ആകെ 1576 പി സി സികളാണ് നല്‍കിയതെങ്കില്‍ 2024-ൽ ഇതുവരെ 2200 പേർക്ക് ഞങ്ങൾ സർട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് പി സി സികളുടെ ആവശ്യം വർദ്ധിച്ചത്.' പാസ്‌പോർട്ട് ഓഫീസർ കൃഷ്ണ കെ പറഞ്ഞു.
2024-ൽ ഇതുവരെ മൊത്തം 25000 പേർക്കാണ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നല്‍കിയത്. കുവൈറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകളുണ്ടായത്. 6000 പേർ കുവൈറ്റ് കുടിയേറ്റത്തിനായി സർട്ടിഫിക്കറ്റ് തേടിയെത്തി. ഓസ്‌ട്രേലിയ 2000, യുകെ 1382 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള അപേക്ഷകരുടെ എണ്ണം. അതേസമയം, യുകെയിലെ പി സി സി അപേക്ഷകരുടെ എണ്ണം 2023 ലെ 2396 ല്‍ നിന്നും ഈ വർഷം 1382 ആയി കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ തേടി ഇസ്രായേല്‍ 2023 നവംബറില്‍ കേന്ദ്ര സർക്കാറിനെ ഔദ്യോഗികമായി സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ കുടിയേറ്റം ശക്തമായത്. 10000 നിർമാണ തൊഴിലാളികളെയും 5000 ആരോഗ്യ പ്രവർത്തകരെയുമായിരുന്നു ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും ഇസ്രായേല്‍ തേടിയത്. ഫലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയെന്ന ബൃഹത്തായ പദ്ധതിയാണ് ഇസ്രായേലിനുള്ളത്.
അതേസമയം, ഇസ്രായേലില്‍ നിർമ്മാണ മേഖലയിലാണ് ഏറ്റവും അധികം തൊഴില്‍ അവസരങ്ങളുള്ളത്. വീട്ടുജോലിക്കും കൃഷിയിടങ്ങളിലേക്ക് ആളുകളെ ആവശ്യമുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെങ്കിലും മികച്ച വരുമാനം ലഭിക്കുന്നുവെന്നതാണ് ഇസ്രായേലിലേക്കുള്ള കുടിയേറ്റത്തിന് തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. ഇസ്രായേലിന് ആവശ്യത്തിന് ജോലിക്കാരെ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications