ഐഎസ്ആര്‍ഒയില്‍ എസ്എസ്എല്‍സിക്കാര്‍ക്കടക്കം അവസരം; വേഗം അപേക്ഷിച്ചോ
ഐഎസ്ആര്‍ഒയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പ്രശസ്തമായ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഇസ്ട്രാക്) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ തല്പരരായ യുവതീ യുവാക്കള്‍ക്ക് മികച്ച അവസരമാണിത്.
ഈ റിക്രൂട്ട്മെന്റ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അവരുടെ തസ്തികകള്‍ക്കും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അനുസരിച്ച് രാജ്യത്തുടനീളമുള്ള വിവിധ ഐഎസ്ആര്‍ഒ സെന്ററുകളില്‍ നിയമിച്ചേക്കാം. ജൂണ്‍ 27 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

വ്യത്യസ്തങ്ങളായ മേഖലകളില്‍ മികച്ച യോഗ്യതയുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്-എ, ടെക്‌നീഷ്യന്‍-ബി, ഡ്രാഫ്റ്റ്‌സ്മാന്‍-ബി, കുക്ക്-എ എന്നീ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത്. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും വേറിട്ടതാണ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ഡിപ്ലോമ ഉണ്ടായിരിക്കണം. സയന്റിഫിക് അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബിഎസ്സി ബിരുദം ഉണ്ടായിരിക്കണം.
ലൈബ്രറി അസിസ്റ്റന്റ്-എ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈബ്രറി സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ വിജയിച്ച മാസ്റ്റേഴ്‌സ് ബിരുദം അനിവാര്യമാണ്. ടെക്‌നീഷ്യന്‍-ബി (ഇലക്ട്രോണിക്‌സ് മെക്കാനിക്, കാര്‍പെന്റര്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ്എസ്എല്‍സിയും പ്രസ്തുത ട്രേഡില്‍ ഐടിഐ അല്ലെങ്കില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റും വേണം.
ഡ്രാഫ്റ്റ്‌സ്മാന്‍-ബി (സിവില്‍, മെക്കാനിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ്എസ്എല്‍സി യോഗ്യതയ്ക്കൊപ്പം നിശ്ചിത ട്രേഡില്‍ ഐടിഐ ബിരുദം ആവശ്യമാണ്. കുക്ക്-എ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ്എസ്എല്‍സി വിജയവും പ്രസ്തുത മേഖലയില്‍ ആവശ്യമായ പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 18 നും 35 നും ഇടയിലായിരിക്കണം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതിയായ ജൂലൈ 20 അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം സംവരണ വിഭാഗങ്ങളായ ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.
വിവിധ ക്യാറ്റഗറികള്‍ക്കായി അപേക്ഷാ ഫീസില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യപ്പെടുന്നവര്‍ ആകെ 750 രൂപയാണ് അടയ്‌ക്കേണ്ടത്. ഇതില്‍ യഥാര്‍ത്ഥ അപേക്ഷാ ഫീസ് 250 രൂപയും ബാക്കി തുകയായ 500 രൂപ പ്രോസസിങ് ഫീസുമാണ്.
അതേസമയം ടെക്‌നീഷ്യന്‍-ബി, ഡ്രാഫ്റ്റ്‌സ്മാന്‍-ബി, കുക്ക്-എ എന്നീ തസ്തികകളില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആകെ 500 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഇതില്‍ അപേക്ഷാ ഫീസ് ഇനത്തില്‍ 100 രൂപയും പ്രോസസിങ് ഫീസായി 400 രൂപയും ഉള്‍പ്പെടുന്നു. അപേക്ഷകര്‍ എഴുത്തുപരീക്ഷയിലോ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലോ പങ്കെടുക്കുകയാണെങ്കില്‍ മാത്രമാണ് ഈ പ്രോസസിങ് ഫീസ് പിന്നീട് ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുകയുള്ളൂ.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ആദ്യം എഴുത്തുപരീക്ഷ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുന്നതാണ്. ഇതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി പിന്നീട് പ്രായോഗിക പരീക്ഷ അഥവാ സ്‌കില്‍ ടെസ്റ്റ് ഉണ്ടായിരിക്കും. പരീക്ഷകളിലെ മാര്‍ക്ക് നിലവാരവും യോഗ്യതയും അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി ക്ഷണിക്കും.
തുടര്‍ന്ന് വിദ്ഗ്ദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കായികവും മാനസികവുമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം മാത്രമാണ് അന്തിമ നിയമനം നല്‍കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഹോം പേജില്‍ ലഭ്യമാകുന്ന കരിയര്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ഇസ്ട്രാക് റിക്രൂട്ട്മെന്റ് ലിങ്ക് തുറക്കാവുന്നതാണ്.
തുടര്‍ന്ന് നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി പുതിയൊരു യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം നിങ്ങളുടെ യോഗ്യതയും മറ്റ് വ്യക്തിഗത വിവരങ്ങളും വ്യക്തമായി അപേക്ഷാ ഫോമില്‍ പൂരിപ്പിക്കുക. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് പ്രമാണങ്ങളും ആവശ്യപ്പെട്ട വലിപ്പത്തില്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് ഓണ്‍ലൈനായി ഒടുക്കിയ ശേഷം ഫോം സമര്‍പ്പിച്ചു പകര്‍പ്പ് സൂക്ഷിക്കുക.















Click it and Unblock the Notifications