കാനഡയിലും ജർമ്മനിയിലും ജോലി വാങ്ങണ്ടേ: ഒഇടിയും ഐഇഎല്‍ടിഎസും പഠിക്കാം; അതും കുറഞ്ഞ നിരക്കില്‍
കോഴിക്കോട്: വിദേശത്ത് ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍, എങ്കില്‍ തീർച്ചയായും മികച്ച രീതിയില്‍ ഇംഗ്ലീഷും ജർമ്മനും അടക്കം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരായിരിക്കും. വിദേശ കുടിയേറ്റം മുന്നില്‍ കാണുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നിരവധി ഒ ഇ ടി, ഐ ഇ എല്‍ ടി എസ് കോച്ചിങ് സ്ഥാപനങ്ങള്‍ നാട്ടില്‍ പ്രവർത്തിക്കുന്നുണ്ട്. പല സ്ഥാപനങ്ങളും വളരെ ഉയർന്ന് ഫീസാണ് കോഴ്സിനായി വിദ്യാർത്ഥികളില്‍ നിന്നായി ഈടാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി മാറുന്നതാണ് നോർക്കയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എന്‍ ഐ എഫ് എല്‍) സെന്ററുകള്‍.
ഇപ്പോഴിതാ കോഴിക്കോട് പ്രവർത്തിക്കുന്ന എന്‍ ഐ എഫ് എല്‍) സെന്ററില്‍ ഒ ഇ ടി, ഐ ഇ എല്‍ ടി എസ് (OFFLINE/ONLINE) ജര്‍മ്മന്‍ എ1, എ2, ബി1, ബി2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ഡിസബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.

ഒ ഇ ടി, ഐ ഇ എല്‍ ടി എസ് (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ ബി പി എല്‍/എസ് സി/എസ് ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി എസ് ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). മുൻകാലങ്ങളിൽ ഒ ഇ ടി, ഐ ഇ എല്‍ ടി എസ് പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.
ഓഫ്‌ലൈൻ കോഴ്സില്‍ 03 ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). ഐ ഇ എല്‍ ടി എസ് ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. ഒ ഇ ടി (ഓൺലൈൻ-04 ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി എസ് ടി ഉള്‍പ്പെടെ).
ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-8714259444 (കോഴിക്കോട്) എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.












Click it and Unblock the Notifications