സ്വപ്ന ജോലി കയ്യെത്തും ദൂരത്ത്; 171 നഴ്‌സുമാര്‍ യുകെയിലേക്ക് പറക്കും, ഓഫര്‍ ലെറ്റര്‍ ലഭിച്ചു
കൊച്ചി: കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന നോര്‍ക്ക - യു.കെ കരിയര്‍ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ സമാപനം. യു.കെ. ആരോഗ്യ മേഖലയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന് കീഴിലുളള വിവിധ സ്ഥാപനങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്‌മെന്റ്. നഴ്‌സുമാര്‍, സൈക്രാട്രി, അനസ്‌തെറ്റിക്സ്റ്റ്, ജനറല്‍ മെഡിസിന്‍ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍ എന്നീ തസ്തികകളിലേയ്ക്കായിരുന്നു ഒഴിവുകള്‍.
അപേക്ഷ നല്‍കിയവരില്‍ നിന്നും യോഗ്യതയും പരിചയവും പരിശോധിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്.
മെയ് 5, 6 ദിവസങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടായിരുന്നു. ഇവരില്‍ നിന്നുള്ള 171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

യു.കെ യില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്മെന്റ് ഫെയറിനാണ് ഇത്തവണയും കൊച്ചി സാക്ഷിയായത്. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ ഒ, കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം ടി.കെ തുടങ്ങിയവര്‍ ഫെയറിന് നേതൃത്വം നല്‍കി.
യു കെയിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വര്‍ക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാര്‍ത്ത്, നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ ഐ സി ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നിഗേല്‍ വെല്‍സ്, വെല്‍ഷ് ഗവണ്‍മെന്റില്‍ വര്‍ക്ക് ഫോഴ്‌സ് സ്ട്രാറ്റജി മേധാവി ഇയാന്‍ ഓവന്‍ എന്നിവരയിരുന്നു യു.കെ സംഘത്തിന് നേതൃത്വം നല്‍കിയത്. 30 പേരടങ്ങിയ സംഘമാണ് അഭിമുഖങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയത്.
യു കെയില്‍ എന്‍ എച്ച് എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പും യു കെയിലെ മാനസിക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയില്‍സ് സര്‍ക്കാരിന്റെ പ്രതിനിധികളും ബ്രിട്ടനില്‍ നിന്നുളള തൊഴില്‍ ദാതാക്കളുടെ പ്രതിനിധികള്‍, ഇന്റര്‍വ്യൂ പാനലിസ്റ്റുകള്‍, യു കെ എന്‍ എച്ച് എസ്സ് നിരീക്ഷകര്‍ എന്നിവരും ഫെയറില്‍ പങ്കെടുത്തു.












Click it and Unblock the Notifications