വിസിറ്റിങ് വിസയില്‍ എത്തിയാല്‍ ജോലി ലഭിക്കില്ല: ലക്ഷങ്ങള്‍ ശമ്പളവുമില്ല, ജയിലിലുമായേക്കും
തിരുവനന്തപുരം: മലയാളികളുടെ വിദേശ ജോലി മോഹത്തെ ചൂഷണം ചെയ്യാനായി നിരവധിയാളുകളാണ് ഇന്ന് രംഗത്തുള്ളത്. ലക്ഷങ്ങള്‍ ഫീസായി വാങ്ങി സന്ദർശക വിസയില്‍ ആളുകളെ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുന്ന ഏജന്‍സികള്‍ യഥാർത്ഥത്തില്‍ ആളുകളെ വലിയ പ്രശ്നത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയിരും അറിയിച്ചിരിക്കുകയാണ്.
സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തികച്ചും തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും സർക്കാർ ഏജന്‍സി ആവശ്യപ്പെടുന്നു. ഇന്ത്യയിൽനിന്നും സന്ദർശക വീസയിൽ ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്ലൻഡ്, മ്യാൻമാർ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായതായി വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

ഉദ്യോഗാർത്ഥികള്‍ ശ്രദ്ധിക്കേണ്ടത്
ഇത്തരത്തില്‍ പോകുന്നവരെ വലിയ രീതിയുള്ള തട്ടിപ്പിനും ഇരയാക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തമെന്നും നോർക്ക വ്യക്തമാക്കുന്നു.
തൊഴിൽ വീസയുടെ ആധികാരികത, തൊഴിൽ നൽകുന്ന കമ്പനിയുടെ വിവരങ്ങൾ, റിക്രൂട്ട്മെന്റ് ഏജൻസിയുടെ പ്രവർത്തന മികവ്, മുൻപ് തൊഴിൽ ലഭിച്ചവരുടെ അഭിപ്രായം എന്നിവ തൊഴിൽ അന്വേഷകർ കൃത്യമായി മനസിലാക്കണം. റിക്രൂട്ട്മെന്റ് ഏജൻസിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണോയെന്ന് ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന തൊഴിൽ അന്വേഷകർക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്.
എന്താണ് സന്ദർശക വിസ
ഒരു രാജ്യത്തേക്കുള്ള സന്ദർശക വീസയെന്നത് ആ രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അതായത് സന്ദർശക വിസയില്‍ എത്തി ജോലി ചെയ്യാന്‍ സാധിക്കില്ല. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അത് തട്ടിപ്പാണെന്ന് ആദ്യം തന്നെ തിരിച്ചറിയണം. ഒരു രാജ്യവും സന്ദർശക വീസയിൽ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാൽ അതു നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. അത്തരത്തില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ട്.
തിരിച്ചുവരാനും പറ്റില്ല
ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും ഏജൻസികള്‍ വാഗ്ദാനം ചെയ്ത ജോലി ആവില്ല വിദേശ രാജ്യത്ത് ചെല്ലുമ്പോൾ ലഭിക്കുക. കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴിൽ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ല. ഇത്തരത്തിൽ പോയ പലരും തിരിച്ചു വരുന്നില്ല. അവരുടെ സ്ഥിതി എന്താണെന്നു പോലും അറിയാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ പിന്നീട് ബന്ധപ്പെടാൻ കഴിയാറില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണെന്നും നോർക്ക അറിയിച്ചു.












Click it and Unblock the Notifications