'കാനഡയിലും ഇസ്രായേലിലും ജോലി, ശമ്പളം ലക്ഷങ്ങള്‍': വന്‍ വാഗ്ദാനവുമായി വരുന്നവരുണ്ടോ? സൂക്ഷിക്കണം
വിദേശ രാജ്യങ്ങളിലേക്കെന്ന പേരില്‍ നടക്കുന്ന വ്യാജ റിക്രൂട്ട്മെന്റുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ / ഇസ്രായേൽ / യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്.

അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും, പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്യാംചന്ദ്.സി (IFS) അറിയിച്ചു. 1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്.
വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625 ഇ-മെയിൽ : [email protected]) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ: [email protected]) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പരാതിനല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.
അതേസമയം, ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിപ്പ് നടത്തിയ ഒരു ട്രാവല്‍ ഏജന്‍സിയെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊച്ചി തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ന്യൂസിലാന്‍ഡില്‍ പഴത്തോട്ടത്തില്‍ ജോലിവാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. പുലര്‍ച്ചെ യാത്രയ്ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയപ്പോളാണ് വഞ്ചിക്കപ്പെട്ട വിവരം ഉദ്യോഗാർത്ഥികള്‍ അറിയുന്നത്.
ന്യൂസിലാന്‍ഡില്‍ കിവി പഴത്തോട്ടത്തില്‍ രണ്ടരലക്ഷം രൂപയുടെ ജോലിയായിരുന്നു റിക്രൂട്ടിങ് ഏജന്‍സി ഉദ്യോഗാർത്ഥികള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. 15000 രൂപ പ്രോസസിങ് ഫീസും ഫോട്ടോയും പാസ്പോർട്ടിന്റെയും പാന്‍കാർഡിന്റെയും പകർപ്പും ആദ്യം നല്‍കി. പിന്നാലെ ഇവരുടെ വിസയുമെത്തി. ഓരോ ഉദ്യോഗാർത്ഥിയും അഞ്ച് ലക്ഷം വീതമായിരുന്നു ആകെ നല്‍കിയത്. ഇവരോട് യാത്രക്കൊരുങ്ങി കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പിന് ഇരയായ വിവരം മനസ്സിലാക്കുന്നത്.












Click it and Unblock the Notifications