ഇംഗ്ലണ്ടിൽ തൊഴിലവസരം, റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്, ജനുവരി 31 മുതൽ അഭിമുഖങ്ങൾ
നോർക്ക റൂട്ട്സ് യുകെയിലെ വെയിൽസ് എൻഎച്ച്എസ്സിലേക്ക് (NHS) സൈക്യാട്രി ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു. പ്ലേബ് (PLAB) പരീക്ഷ ആവശ്യമില്ലാതെ ആകർഷകമായ കരിയർ സാധ്യതകളാണ് ഈ റിക്രൂട്ട്മെൻ്റിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 77-ാമത് വാർഷിക സമ്മേളനമായ എഎൻസിഐപിഎസ് 2026-ന് അനുബന്ധിച്ച് ഡൽഹിയിലാണ് അഭിമുഖങ്ങൾ നടക്കുന്നത്.
ന്യൂഡൽഹിയിലെ താജ് വിവാന്തയിൽ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെയാണ് അഭിമുഖങ്ങൾ. സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികയ്ക്ക് £62,117 മുതൽ £99,216 വരെയും, ഇൻ്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ തസ്തികയ്ക്ക് £100,870 മുതൽ £111,442 വരെയും വാർഷിക ശമ്പളം ലഭിക്കും.
സൈക്യാട്രിയിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് സ്പെഷ്യാലിറ്റി ഡോക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കാം. പന്ത്രണ്ട് വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്ക് ഇൻ്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടറാവാം. രണ്ട് വിഭാഗക്കാർക്കും പ്ലേബ് യോഗ്യത നിർബന്ധമില്ല. താല്പര്യമുള്ളവർ 2026 ജനുവരി 18-നോ അതിനുമുമ്പോ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

തിരഞ്ഞെടുക്കുന്ന ഡോക്ടർമാർക്ക് വെയിൽസിലെ മാനസികാരോഗ്യ സേവനങ്ങളിൽ മൂന്ന് വർഷം വരെ നിയമനം ലഭിക്കാൻ അവസരമുണ്ട്. പ്രവൃത്തിപരിചയം അനുസരിച്ച് £59,727 മുതൽ £95,400 വരെ വാർഷിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ചൈൽഡ് ആൻഡ് അഡോളസൻ്റ്, ഓൾഡർ അഡൽറ്റ്, അഡൽറ്റ് മെൻ്റൽ ഹെൽത്ത്, ലേണിംഗ് ഡിസെബിലിറ്റീസ് തുടങ്ങിയ ഉപവിഭാഗങ്ങളിലും അവസരങ്ങളുണ്ട്.
ശമ്പളത്തിന് പുറമെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. മൂന്ന് വർഷം വരെയുള്ള GMC രജിസ്‌ട്രേഷൻ സ്പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്‌ഫോളിയോ അക്‌സസ് ഫീസ് എന്നിവയുടെ റീഇംപേഴ്സ്മെൻ്റ്, £650 ഗ്രേറ്റ്വിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള എക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസ സൗകര്യം എന്നിവ ഇതിൽപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ 0471-2770536, 539, 540 അല്ലെങ്കിൽ 577 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെൻ്ററുമായി ഇന്ത്യയിൽ നിന്ന് ടോൾ ഫ്രീ നമ്പർ 1800 425 3939 വഴിയും വിദേശത്തുനിന്ന് +91 8802 012 345 (മിസ്ഡ് കോൾ സർവീസ്) വഴിയും ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications