ജർമ്മനിയിൽ ജോലി നേടാം: സുവർണ്ണാവസരവുമായി ജർമ്മൻ ഓപ്പർജ്യൂണിറ്റി കാർഡ്
ജർമ്മനിയിൽ ജോലി തേടുന്ന ഇന്ത്യക്കാർക്കുള്ള ഒരു സുവർണ്ണാവസരമാണ് ജർമ്മൻ ഓപ്പർജ്യൂണിറ്റി കാർഡ്. ജോലി ഓഫർ ഇല്ലാതെ തന്നെ ജർമ്മനിയിൽ പ്രവേശിച്ച് ഒരു വർഷത്തേക്ക് ജോലി തേടാൻ അനുവദിക്കുന്നു എന്നതാണ് ഓപ്പർജ്യൂണിറ്റി കാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ മാർഗ്ഗത്തിലൂടെ ജർമ്മനിയില്‍ എത്തുന്നവർക്ക് രണ്ടാഴ്ചത്തെ ട്രയൽ ജോലിയോ ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട്-ടൈം ജോലിയോ ചെയ്യാം. യോഗ്യതയുള്ള ജോലി ഓഫർ ലഭിച്ചാൽ, ദീർഘകാല വർക്ക് വിസയ്ക്കോ മറ്റൊരു താമസാനുമതിക്കോ ജർമ്മനിയിലെ പ്രാദേശിക ഫോറിനേഴ്സ് അതോറിറ്റിയിൽ അപേക്ഷിക്കാനും സാധിക്കും.
അപേക്ഷിക്കാന്‍ രണ്ട് വഴികള്‍
ഓപ്പർജ്യൂണിറ്റി കാർഡിന് അപേക്ഷിക്കാൻ രണ്ട് വഴികളുണ്ട്. വിദഗ്ധ തൊഴിലാളിയായോ പോയിന്റ് സിസ്റ്റം വഴിയോ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വിദഗ്ധ തൊഴിലാളികൾക്ക് ജർമ്മനിയിൽ അംഗീകരിക്കപ്പെട്ട യൂണിവേഴ്സിറ്റി ബിരുദമോ വൊക്കേഷണൽ യോഗ്യതയോ ഉണ്ടായിരിക്കണം. പോയിന്റ് സിസ്റ്റം ആവശ്യമില്ല. പോയിന്റ് അടിസ്ഥാനത്തിൽ അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 6 പോയിന്റ് നേടണം. വിദ്യാഭ്യാസ യോഗ്യത, ഭാഷാ വൈദഗ്ധ്യം, തൊഴിൽ പരിചയം എന്നിവയെ അടിസ്ഥാനമാക്കിയാണ് പോയിന്റ് നിശ്ചയിക്കുക. ഇതിന് അംഗീകൃത ബിരുദമോ കുറഞ്ഞത് രണ്ട് വർഷത്തെ വൊക്കേഷണൽ പരിശീലനമോ, ജർമൻ ഭാഷയിൽ A1 ലെവലോ ഇംഗ്ലീഷിൽ B2 ലെവലോ പരിജ്ഞാനവും ആവശ്യമാണ്.

അപേക്ഷകർ ജർമ്മനിയിൽ ജീവിക്കാൻ മതിയായ സാമ്പത്തിക ശേഷി തെളിയിക്കണം. 2025-ലെ കണക്കനുസരിച്ച്, മാസം 1091 യൂറോ ഇതിനായി ആവശ്യമാണ്. ഇത് ബ്ലോക്ക്ഡ് അക്കൗണ്ട് വഴിയോ ഡിക്ലറേഷൻ ഓഫ് കമ്മിറ്റ്മെന്റ് വഴിയോയാണ് തെളിയിക്കേണ്ടത്.
അപേക്ഷ ഓൺലൈനായി Consular Services Portal വഴിയോ ഇന്ത്യയിലെ ജർമൻ കോണ്‍സുലേറ്റില്‍ നേരിട്ടോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയിൽ പോയിന്റ് കാൽക്കുലേറ്റർ ഉപയോഗിച്ച് പോയിന്റുകൾ കണക്കാക്കാം. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ട ജർമൻ കോണ്‍സുലേറ്റുകള്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു.
ബാംഗ്ലൂർ: കർണാടക, കേരളം
ചെന്നൈ: തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി
കൊൽക്കത്ത: ബിഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
മുംബൈ: ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദാമൻ ദിയു, ദാദ്ര & നഗർ ഹവേലി
ന്യൂഡൽഹി: ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ജമ്മു & കാശ്മീർ, ലഡാക്ക്, സിക്കിം, ഉത്തരാഖണ്ഡ്, ഭൂട്ടാൻ, ആന്റമാൻ & നിക്കോബാർ, ലക്ഷദ്വീപ്.
ചില ജർമൻ മിഷനുകൾ സേവന ദാതാക്കളുമായി ചേർന്ന് അപേക്ഷകൾ പരിശോധിക്കുന്നു, ഇതിന് അധിക ഫീസ് ഈടാക്കിയേക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.make-it-in-germany.com/en/visit-and-discover/opportunity-card/ സന്ദർശിക്കുക. ജർമ്മനിയിൽ ജോലി തേടുന്നതിന് മുമ്പ് യോഗ്യതകളും ഭാഷാ വൈദഗ്ധ്യവും ശ്രദ്ധാപൂർവ്വം പരിശോധിക്കണം.












Click it and Unblock the Notifications