ജോലി ഒന്നും ആയില്ലേ? എങ്കില്‍ ഫെബ്രുവരി 1 ന് ആലപ്പുഴയില്‍ എത്തൂ: സംസ്ഥാനത്ത് ഇത്തരമൊന്ന് ആദ്യം
കൊല്ലം: അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടപ്പിലാക്കുന്നു. തൊഴില്‍ ഉറപ്പാക്കുയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'വിജ്ഞാന കേരളം' ജനകീയ പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം മുന്‍ ധനകാര്യ മന്ത്രിയും പദ്ധതി ഉപദേഷ്ടാവുമായ ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
യുവാക്കള്‍ക്ക് ആത്മവിശ്വാസവും നൈപുണ്യ പരിശീലനവും നല്‍കാന്‍ ജനകീയ ഇടപെടല്‍ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും ജനപങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ജോബ് സ്റ്റേഷനുകളും പഞ്ചായത്തുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കും.

ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആലപ്പുഴയില്‍ എല്ലാ ജില്ലക്കാര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയില്‍ ആദ്യ തൊഴില്‍മേള സംഘടിപ്പിക്കും. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മേളകള്‍ ഒരുക്കും. വിവിധ തൊഴിലുകളില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കുകയും വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലന കോഴ്സ് സംഘടിപ്പിക്കുകയും ചെയ്യും. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര എന്നിവര്‍ സംസാരിച്ചു.
അതേസമയം സംസ്ഥാന സർക്കാറിന്റെ കീഴില്‍ പ്രവർത്തിക്കുന്ന നിരവധി വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ഏതാനും ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) യുടെ ഒരു ഒഴിവിലേക്ക് ജനുവരി 16ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16ന് രാവിലെ 10.30ന് സി.ഡി.സി.യിൽ എത്തിച്ചേരേണ്ടതാണ്. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വർഷത്തെ കാലയളവിലേക്കാണ്.
താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിൻ്റെ താത്കാലിക ഒഴിവുണ്ട്. ശമ്പളം 24520/- രൂപ. യോഗ്യത ബി.എസ്.സിനഴ്സിംഗ്/ജി.എൻ.എം/എ.എൻ.എം, പാലിയേറ്റീവ് നഴ്സിംഗ് സട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രേഷൻ
എറണാകുളം ജില്ലയിലുള്ള 41 വയസിന് താഴെയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ജനുവരി 14 ന് മുൻപായി രജിസ്റ്റർ ചെയ്യുക.
ഫോൺ: 0484 2312944
അപേക്ഷ ക്ഷണിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ വിവിധ പ്രോജക്ടുകളിൽ പ്രോജക്ട് സയന്റിസ്റ്റ്/ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: https://iav.kerala.gov.in/2021/07/06/advertisements/ .
ഗസ്റ്റ് ലക്ചറര്‍ നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 10 ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി-ടെക് ബിരുദമാണ് യോഗ്യത. എം ടെക്ക് ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228.












Click it and Unblock the Notifications