ജോലി ഉറപ്പ്: അസാപ് കേരളയുടെ മെഡിക്കൽ കോഡിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കോവിഡാനന്തര ലോകക്രമത്തിൽ ആതുര ശുശ്രുഷ രംഗത്തെ പല പ്രധാന തൊഴിലുകൾക്കും പ്രസക്തി വർധിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിംഗ്. വളരെ വേഗം ജോലി ലഭിക്കുന്നതും മികച്ച പ്രതിഫലവുമുള്ള ഒരു തൊഴിലാണിത്. ഈ രംഗത്തെ അവസരങ്ങൾ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള അവതരിപ്പിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിംഗ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.
പൂർണമായും ഓൺലൈൻ കോഴ്സാണിത്. 60 ശതമാനം മാർക്കോടെയുള്ള സയൻസ് ബിരുദമാണ് യോഗ്യത. 254 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. കോഴ്സ് ഫീസ് 28,733 രൂപയാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70 ശതമാനം പേർക്കും അസാപ് കേരള തൊഴിൽ ഉറപ്പ് നൽകുന്നു. കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ടിന്റെ സഹായത്തോടെ എറണാകുളം ജില്ലയിലെ വനിതകൾക്ക് മാത്രമായി സ്കോളർഷിപ് സൗകര്യം ഉണ്ട്.

മറ്റു ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ലോൺ സൗകര്യവും അസാപ് കേരള ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ വിവരങ്ങൾ കോഡുകളായി രേഖപ്പെടുത്തുകയും ഭാവി ആവശ്യങ്ങൾക്കുള്ള വിവരശേഖരമാക്കി സൂക്ഷിക്കുകയുമാണ് മെഡിക്കൽ കോഡറുടെ പ്രധാന ജോലി. ഇന്ത്യയിൽ നിലവിൽ ഈ മേഖലയിൽ 5000 ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ ലഭ്യതയനുസരിച്ചു ഈ മേഖലയിലുള്ള കമ്പനികൾ കൂടുതലായി കേരളത്തിൽ ഓഫീസുകൾ തുറക്കാനുള്ള പദ്ധതിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9495999713 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എം.ഡി.എസ് കോഴ്സ് പ്രവേശനം
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് നാലു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 'PG Dental 2023 - Candidate Portal' എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം പ്രൊഫൈൽ പേജിൽ ലഭ്യമായ 'Memo details' എന്ന മെനു ഐറ്റം ക്ലിക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.












Click it and Unblock the Notifications