ജോലി പെന്‍ഗ്വിനുകളുടെ എണ്ണമെടുക്കല്‍, ശമ്പളം 2 ലക്ഷം വരെ; റിസ്‌കെടുക്കാന്‍ തയ്യാറാണോ?
തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കാത്തവരുണ്ടായിരിക്കില്ല. എന്നാല്‍ അവിടെ ഒരു ജോലി അവസരം കൂടി വന്നാലോ? ലോകത്തിലെ തന്നെ അപൂര്‍വമായ ഒരു ജോലിക്കായി അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ് യുകെ അന്റാര്‍ട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ്. ജോലി എന്താണെന്നല്ലേ? പെന്‍ഗ്വിനുകള്‍ എണ്ണുക, മെയിലുകള്‍ സോര്‍ട്ട് ചെയ്യുക എന്നതാണ് ഇവിടത്തെ ജോലി.
മഞ്ഞുമൂടിയ ഭൂഖണ്ഡത്തിലെ പോസ്റ്റ് ഓഫീസില്‍ അഞ്ച് ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം യുകെ അന്റാര്‍ട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ചിലര്‍ക്ക് പെന്‍ഗ്വിന്‍ ജനസംഖ്യയുടെ സെന്‍സസ് നടത്താനും മറ്റുള്ളവര്‍ക്ക് മെയില്‍ സോര്‍ട്ടിംഗുമായിരിക്കും ചുമതല. 2024 നവംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെ അഞ്ച് മാസത്തേക്കാണ് നിയമനം.

അന്റാര്‍ട്ടിക്കയിലെ പോര്‍ട്ട് ലോക്ക്‌റോയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലായിരിക്കും ജോലി. ഒരു ബേസ് ലീഡര്‍, ഒരു ഷോപ്പ് മാനേജര്‍, മൂന്ന് ജനറല്‍ അസിസ്റ്റന്റുമാര്‍ എന്നിവയിലേക്ക് ഒഴിവുകള്‍ വന്നിരിക്കുന്നത്. ഇതില്‍ മൂന്ന് സ്ഥാനങ്ങള്‍ യുകെ നിവാസികള്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുകയാണ്. ഗൗഡിയര്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പോര്‍ട്ട് ലോക്ക്റോയ്, അന്റാര്‍ട്ടിക്കയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നയിടങ്ങളില്‍ ഒന്നാണ്.
ഇത് പ്രതിവര്‍ഷം ഏകദേശം 18,000 ക്രൂയിസ് കപ്പല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനും 80000 കത്തുകളും പോസ്റ്റ്കാര്‍ഡുകളും പ്രോസസ്സ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കും, കൂടാതെ പോര്‍ട്ട് ലോക്ക്റോയിലെ 1,500 ജെന്റൂ പെന്‍ഗ്വിനുകളുടെ കോളനി നിരീക്ഷിക്കുകയും വേണം. പ്രതിമാസം യുകെ പൗണ്ട് 1,375 മുതല്‍ 1,985 വരെയാണ് ശമ്പളം.
അതായക് ഏകദേശം 1.44 ലക്ഷം രൂപ മുതല്‍ 2.08 ലക്ഷം രൂപ വരെ. ദ്വീപില്‍ പരിമിതമായ സൗകര്യങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. താമസ സൗകര്യം പങ്കിടാനും ഫോണോ ഇന്റര്‍നെറ്റ് ആക്സസ്സുകളോ ഇല്ലാതെ ദീര്‍ഘനേരം ജീവിക്കാനും അപേക്ഷകര്‍ തയ്യാറായിരിക്കണം. സന്ദര്‍ശക കപ്പലുകളില്‍ നിന്ന് ജെറി ക്യാനുകളില്‍ വെള്ളം ശേഖരിച്ച് വെക്കേണ്ടി വരും. പോര്‍ട്ട് ലോക്ക്‌റോയിലെ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
വരാനിരിക്കുന്ന അപേക്ഷകര്‍ ശാരീരികമായും മെഡിക്കല്‍പരമായും ആരോഗ്യമുള്ളവരായിരിക്കണം. വലിയ വാട്ടര്‍ ക്യാനുകള്‍ കൊണ്ടുപോകുക, പെട്ടികള്‍ ഉയര്‍ത്തുക, മഞ്ഞ് നീക്കുക തുടങ്ങിയ ജോലികളും പ്രസ്തുത തസ്തികയില്‍ ഉള്‍പ്പെടുന്നു. യുകെ അന്റാര്‍ട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് വഴി താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസ് ആണ് കുറഞ്ഞ പ്രായപരിധി.












Click it and Unblock the Notifications