യുഎഇയിൽ ജോലിക്ക് ആളെ വേണം; നിർമ്മാണ മേഖലയിലും സാങ്കേതിക മേഖലയിലും വൻ അവസരങ്ങൾ
തൊഴിൽ തേടി പോകുന്നവരെ അടുത്ത വർഷവും ദുബായ് നിരാശരാക്കില്ല. നിർമ്മാണ, സാങ്കേതികവിദ്യാ, ഊർജ്ജ മേഖലകളിൽ 2026 ൽ വമ്പൻ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഡിജിറ്റൽ പരിവർത്തനവും ഊർജ നിക്ഷേപ പദ്ധതികളും വലിയ അവസരങ്ങൾക്ക് വഴിതുറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നത്.
സങ്കീർണ്ണമായ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യാനും ഡിജിറ്റൽ വിതരണം ത്വരിതപ്പെടുത്താനും കഴിവുള്ളവരെയാണ് കമ്പനികൾക്ക് ആവശ്യം. ഡാറ്റാ സെൻ്റർ മാനേജർമാർ, പ്രോജക്ട് മാനേജർമാർ, സിവിൽ എഞ്ചിനീയർമാർ എന്നിവർക്ക് മുൻഗണന ലഭിക്കും. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം നേതൃത്വഗുണവും ഡിജിറ്റൽ കഴിവുകളും ഉള്ളവർക്ക് കൂടുതൽ അവസരങ്ങളുണ്ടാകും.

തൊഴിൽ വിപണിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സ്വാധീനം അടുത്ത വർഷവും ശക്തമായിരിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ഥാപനങ്ങൾ ആളുകളെ നിയമിക്കുന്ന രീതികളെയും ജോലികളുടെ ഘടനയെയും ഇത് മാറ്റിമറിക്കുകയാണ്. 'റിക്രൂട്ട്‌മെൻ്റിൻ്റെ ഒരു പ്രധാന ഭാഗമായി ഇപ്പോൾ നിർമിതബുദ്ധി മാറിയിരിക്കുന്നു,. ഇത് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, അവരെ വേഗത്തിൽ തിരഞ്ഞെടുക്കാനും, ആദ്യഘട്ട അഭിമുഖങ്ങൾ നടത്താനും സഹായിക്കുന്നു. വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ സമീപനം നിയമന പ്രക്രിയകൾക്ക് വേഗത നൽകുകയും, പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കും' ഇന്നവേഷൻസ് ഗ്രൂപ്പ് ഡയറക്ടർ നിഖിൽ നന്ദ പറഞ്ഞു.
അതേസമയം എഐയുടെ അപ്രമാധിത്വം പല തൊഴിലുകളേയും കാര്യമായി ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ച് അടിസ്ഥാന തസ്തികകളിലായിരിക്കും തൊഴിൽ നഷ്ടം കൂടുക. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപഭോക്തൃ സേവന സംവിധാനങ്ങളുടെ വളർച്ചയോടെ കോൾ സെന്റർ ജീവനക്കാർ, ചില കസ്റ്റമർ സർവീസ് റോളുകൾ, വിശകലന വിദഗ്ദ്ധരുടെ ചില തസ്തികകൾ എന്നിവയുടെ ആവശ്യകത കുറയുകയാണ്, ഇവർ പറഞ്ഞു.
പ്രതിഭാശാലികൾ ധാരാളമുള്ളതാണ് ദുബായ് വിപണി. അതുകൊണ്ട് തന്നെ യുഎഇയുടെ തൊഴിൽ കമ്പോളം മത്സരാധിഷ്ഠിതമായി തുടരും. അതിവിദഗ്ധരായ തൊഴിലാളികളെയാണ് കമ്പനികൾക്ക് ആവശ്യം.രാജ്യത്തിന്റെ ശക്തവും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥ പുതിയ തൊഴിലവസരങ്ങൾ നിരന്തരം സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും, കുടിയേറ്റ നയങ്ങൾ ഉദാരമായതിനാൽ ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾ ഈ ജോലികൾക്കായി മത്സരിക്കുന്ന സാഹചര്യമാണ് ഉള്ളത്.
ഹൈബ്രിഡ് ജീവനക്കാർക്കും പ്രാദേശിക വൈദഗ്ധ്യത്തിനും പ്രാധാന്യം വർധിച്ചുവരികയാണ്. വിവിധ റോളുകളിൽ പ്രവർത്തിക്കാൻ കഴിവുള്ളവരെയാണ് കമ്പനികൾ ഇപ്പോൾ തേടുന്നത്. സാങ്കേതികവിദ്യയും മാനുഷിക കഴിവുകളും സമന്വയിപ്പിക്കുന്നവർക്കാണ് ഭാവി, ഡാറ്റാ അനലിറ്റിക്സ് അറിയുന്ന ഒരു മാർക്കറ്റിംഗ് വിദഗ്ധനോ, അല്ലെങ്കിൽ റിക്രൂട്ട്‌മെന്റിനായി എഐ ഉപയോഗിക്കാൻ കഴിയുന്ന ഒരു എച്ച്ആർ പ്രൊഫഷണലോ ആകട്ടെ, അവർക്ക് തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ ലഭിക്കും, ചില റിക്രൂട്ടിങ് സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി.
യുഎഇയിൽ ജോലി ചെയ്തവരാണോ?
ദുബായിൽ ജോലി തേടി പോകുന്നവരോട് കമ്പനികൾ ആദ്യം തിരക്കുന്ന ചോദ്യം യുഎഇയിലെ പ്രവർത്തന പരിചയം ഉണ്ടോയെന്നാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ പോലും അത് ഉദ്യോഗാർത്ഥികളെ തുണക്കും.സാംസ്കാരികപരമായ കാര്യങ്ങൾ മുതൽ ബിസിനസ്സ് നിയന്ത്രണങ്ങൾ വരെയുള്ള പ്രാദേശിക വിപണിയുടെ സൂക്ഷ്മതകൾ മനസ്സിലാക്കുന്നത് ഒരു പ്രധാന നേട്ടമായി കണക്കാക്കുന്നുണ്ട്. ആഗോള പരിചയം ഇപ്പോഴും പ്രധാനമാണ്, പക്ഷേ ജിസിസി പരിചയം നിയമനത്തിൽ വളരെ നിർണായകയാണ്, വിദഗ്ധർ പറഞ്ഞു.
2026-ൽ ശമ്പളത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നില്ലെങ്കിലും എഐ, ഓട്ടോമേഷൻ, ഉയർന്ന പ്രകടനമുള്ള സെയിൽസ് റോളുകൾ എന്നിവയിലെ വിദഗ്ധർക്കുള്ള പാക്കേജുകൾ വർദ്ധിക്കുന്നുണ്ട്. എന്നാൽ, ആനുകൂല്യ പാക്കേജുകളിൽ മാറ്റങ്ങൾ വരുന്നുണ്ട്. കുടുംബ ആനുകൂല്യങ്ങളും സ്കൂൾ അലവൻസുകളും വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും ഇവർ ചൂണ്ടിക്കാട്ടി..












Click it and Unblock the Notifications