കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി അസിസ്റ്റന്റ് ഒഴിവ്; 23,300 രൂപ ശമ്പളം..അപേക്ഷിക്കാം
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 22 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
എസ്എസ്എൽസി വിജയവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തെ ഡിപ്ലോമ ഇൻ സേഫ്റ്റി/ഫയർ യോഗ്യതയുമാണ് അപേക്ഷകർക്ക് വേണ്ടത്. ഇതിനൊപ്പം ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം, ഫാക്ടറി, നിർമാണ കമ്പനി അല്ലെങ്കിൽ എൻജിനീയറിങ് കമ്പനി എന്നിവയിലൊന്നിൽ കുറഞ്ഞത് ഒരു വർഷത്തെ സേഫ്റ്റി ട്രെയിനിംഗോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.

2026 ജൂലൈ 22-ന് പ്രായം 45 വയസ്സ് കവിയരുത് (1981 ജൂലൈ 23-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം). ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപകടസാധ്യതയുള്ള തൊഴിൽ മേഖലയായതിനാൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാനാകില്ല.
വ്യക്തിഗത മികവും പ്രൊജക്റ്റുകളുടെ ആവശ്യകതയും പരിഗണിച്ച് പരമാവധി അഞ്ച് വർഷം വരെയായിരിക്കും കരാർ കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം പ്രതിമാസം 23,300 രൂപ ശമ്പളമായി ലഭിക്കും. കൂടാതെ വാർഷിക ശമ്പള വർദ്ധനവിനും സാധാരണ ജോലി സമയത്തിന് പുറമെ ജോലി ചെയ്യുന്നവർക്ക് അധിക വേതനത്തിനും അർഹതയുണ്ടായിരിക്കും. കൊച്ചിയിലോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷിപ്പ്‌യാർഡിന്റെ മറ്റ് പ്രൊജക്റ്റ് സൈറ്റുകളിലോ കപ്പലുകളിലോ ജോലി ചെയ്യാൻ ഉദ്യോഗാർത്ഥികൾ തയ്യാറായിരിക്കണം.
ഓൺലൈൻ അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കൊച്ചിൻ ഷിപ്പ്‌യാർഡിൽ വെച്ച് നടക്കുന്ന പ്രാക്ടിക്കൽ ടെസ്റ്റ് (70 മാർക്ക്), ശാരീരികക്ഷമതാ പരീക്ഷ (30 മാർക്ക്) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. റണ്ണിങ്, പുഷ്-അപ്പുകൾ എന്നിവ ശാരീരികക്ഷമതാ പരീക്ഷയുടെ ഭാഗമായിരിക്കും.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴി വേണം ഫീസടയ്ക്കാൻ. എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസില്ല. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.cochinshipyard.in
കരാർ നിയമനം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന എംസിആർസി പദ്ധതിയിലേക്ക് വേണ്ടി സ്പീച്ച് തെറാപ്പിസ്റ്റ് (8 ഒഴിവുകൾ), ഫിസിയോ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്) തസതികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വേണ്ടി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം, സ്പീച്ച് തെറാപ്പിസ്റ്റ്/ ഫിസിയോ തെറാപ്പിസ്റ്റ്മാരുടെ പ്രതിമാസ വേതനം 39.690 രൂപയാണ്.
താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 9ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാസർഗോഡ് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633651648 ൽ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications