വിദേശജോലി എന്ന സ്വപ്‌നം പൊലിയുന്നോ...? ന്യൂസിലാന്റും ബാലികേറാമലയാകും? പുതിയ നിയമം ഇങ്ങനെ
സിഡ്നി: വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്. കാനഡ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളൊക്കെ തങ്ങളുടെ തൊഴില്‍ വിസയില്‍ കാര്യമായ മാറ്റം വരുത്തിയത് ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വിദേശത്തൊരു ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തടസമായിരുന്നു. ഇപ്പോഴിതാ അതേവഴിയില്‍ നീങ്ങിയിരിക്കുകയാണ് ന്യൂസിലാന്റും.
കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് കുടിയേറ്റത്തെ തുടര്‍ന്ന് തങ്ങളുടെ തൊഴില്‍ വിസ പ്രോഗ്രാമില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ന്യൂസിലാന്റ് അറിയിച്ചു. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് പോലും ഇംഗ്ലീഷ് ഭാഷാജ്ഞാനം നിര്‍ബന്ധമാക്കുക, മിക്ക തൊഴിലുടമകളുടെ തൊഴില്‍ വിസകള്‍ക്കും മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയ പരിധിയും നിശ്ചയിക്കുക തുടങ്ങിയ നടപടികളാണ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നത്.

കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ള പരമാവധി തുടര്‍ച്ചയായ താമസം അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുകയും ചെയ്യും. നൈപുണ്യക്കുറവുള്ള സെക്കന്‍ഡറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.
അതേസമയം, നൈപുണ്യ ദൗര്‍ലഭ്യം ഇല്ലാത്ത ജോലികള്‍ക്കായി ന്യൂസിലന്‍ഡുകാരെ മുന്‍നിരയില്‍ നിര്‍ത്തുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്,'' സ്റ്റാന്‍ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്റിന്റെ കുടിയേറ്റ നയങ്ങളെ അതിന്റെ സാമ്പത്തിക ആവശ്യങ്ങളുമായി യോജിപ്പിക്കുന്നതിനും കുടിയേറ്റക്കാരുടെ ചൂഷണം ലഘൂകരിക്കുന്നതിനുമായാണ് പരിഷ്‌കരിക്കുന്നത് എന്നും എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.
ഇംഗ്ലീഷ് ഭാഷാ ആവശ്യകത ഉള്ളതിനാല്‍ കുടിയേറ്റക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നന്നായി മനസിലാക്കാനും തൊഴിലുടമയെക്കുറിച്ച് അറിയാനും സാധിക്കും എന്നും സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു. കൂടാതെ, വെല്‍ഡര്‍മാര്‍, ഫിറ്റര്‍മാര്‍, ടര്‍ണറുകള്‍ എന്നിങ്ങനെ 11 റോളുകള്‍ ഗ്രീന്‍ ലിസ്റ്റിലേക്ക് ചേര്‍ക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വര്‍ക്ക് ടു റെസിഡന്‍സ് പാതയും പുതിയ അപേക്ഷകര്‍ക്ക് നിര്‍ത്തലാക്കും.
കഴിഞ്ഞ വര്‍ഷം, ഏകദേശം 173,000 ആളുകള്‍ ന്യൂസിലന്റിലേക്ക് കുടിയേറിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റില്‍, കൊവിഡ് മഹാമാരി അവസാനിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടായി. ഇത് കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്തിരുന്നു.
കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം കണ്ട ന്യൂസിലാന്റിന്റെ അയല്‍രാജ്യമായ ഓസ്ട്രേലിയയും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎല്‍ടിഎസിന്റെ സ്‌കോറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലിക വിസയ്ക്കുള്ള ഐഇഎല്‍ടിഎസ് സ്‌കോര്‍ 6.0ല്‍ നിന്ന് 6.5 ആയാണ് ഉയര്‍ത്തിയത്.












Click it and Unblock the Notifications