വ്യോമസേനയില്‍ എയര്‍മാനാകാം... പ്ലസ് ടു യോഗ്യത മതി; ശമ്പളം എത്രയെന്നോ?
വ്യോമസേനയില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനയുടെ ഗ്രൂപ്പ്‌വൈ (നോണ്‍ ടെക്‌നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മാന്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ പുരുഷന്‍മാരായിരിക്കണം. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷ സെപ്റ്റംബര്‍ 25 മുതല്‍ ആരംഭിക്കും.
മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു സ്‌കീമിലേക്കുള്ള തിരഞ്ഞെടുപ്പിന് കുറഞ്ഞത് 50% മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയിച്ചവരായിരിക്കണം അപേക്ഷകര്‍. ഇംഗ്ലിഷിന് 50% മാര്‍ക്ക് നേടിയിരിക്കണം. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നിവ പഠിച്ച് 50% മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. അപേക്ഷകര്‍ 2005 ജൂലൈ 2നും 2009 ജൂലൈ 2നും മധ്യേ ജനിച്ചവരും (രണ്ടു തീയതിയും ഉള്‍പ്പെടെ) അവിവാഹിതരുമായിരിക്കണം.
മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ബിഎസ്സി ഫാര്‍മസി സ്‌കീമിലേക്കുള്ള തിരഞ്ഞെടുപ്പിന് ഡിപ്ലോമ / ബിഎസ്സി ഫാര്‍മസി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 50% മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയവും ഇംഗ്ലിഷിന് 50% മാര്‍ക്കും വേണം. 50% മാര്‍ക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാര്‍മസി, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍/ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
2002 ജൂലൈ 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ച അവിവാഹിതര്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ആയിരിക്കണം അപേക്ഷകര്‍. വിവാഹിതര്‍ ആണ് അപേക്ഷകരെങ്കിലും 2002 ജൂലൈ 2നും 2005 ജൂലൈ 2നും മധ്യേ ജനിച്ചവരായിരിക്കണം. 20 വര്‍ഷത്തേക്കായിരിക്കും നിയമനം. ഇത് പിന്നീട് ഉദ്യോഗാര്‍ത്ഥിക്ക് 57 വയസാകുന്നത് വരെ നീട്ടി കിട്ടും. പരിശീലന സമയത്ത് പ്രതിമാസം 14,600 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും.
പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ശാരീരികക്ഷമതാ പരിശോധനയില്‍ 7 മിനിറ്റില്‍ 1.6 കി.മീ. ഓട്ടം പൂര്‍ത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവര്‍ക്കും ഡിപ്ലോമ/ബിഎസ്സി ഫാര്‍മസി യോഗ്യതക്കാര്‍ക്കും ഏഴര് മിനിറ്റ് അനുവദിക്കും).
10 പുഷപ്, 10 സിറ്റപ്, 20 സ്‌ക്വാട്‌സ് എന്നീ പരീക്ഷണങ്ങളും ശാരീരിക ക്ഷമതാ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ശാരീരികയോഗ്യത ഇനി പറയുന്ന വിധത്തിലായിരിക്കണം. ഉയരം 152 സെമീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികമായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.airmenselection.cdac.in












Click it and Unblock the Notifications