ഫോട്ടോഗ്രാഫറാണോ? ദിവസം 1000 രൂപ സമ്പാദിക്കാം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവസരം
ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുളളവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യാന്‍ അവസരം വന്നിരിക്കുകയാണ്. ദേവസ്വം ഫോട്ടോഗ്രാഫര്‍ എന്ന തസ്തികയിലെ ഒഴിവുകള്‍ നികത്താന്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നവംബര്‍ 13 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഫോട്ടോഗ്രാഫര്‍ കം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കായിരിക്കും നിയമനം. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ 2024 ജനുവരി 1-ന് 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം 1000 രൂപ വേതനം നല്‍കും. പത്താം ക്ലാസ് പാസായ ഹിന്ദു ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ഫോട്ടോഗ്രാഫിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. എച്ച്ഡി ഡിജിറ്റല്‍ ക്യാമറ കൈവശം ഉള്ളവരായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനിപ്പറയുന്ന രേഖകള്‍ സഹിതം (മതം, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പുകളും ബയോഡാറ്റയും) ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഗുരുവായൂരില്‍ സ്ഥിരനിയമനം
അതേസമയം ദേവസ്വത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള 439 തസ്തികകളിലേക്ക് സ്ഥിര നിയമനം നടത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം. ഒരു മാസത്തിനകം നിയമന വിജ്ഞാപനം ഇറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ദേവസ്വത്തില്‍ ആകെ 1029 തസ്തികകളാണ് ഉള്ളത്. ഇതില്‍ 590 തസ്തികകളില്‍ സ്ഥിരം ജീവനക്കാരാണ് ഉള്ളത്.
ബാക്കി 439 തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ നീക്കം. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇവര്‍ക്ക് സ്ഥിര നിയമനത്തില്‍ പ്രത്യേക പരിഗണനയും പ്രായപരിധിയില്‍ ഇളവും ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഇവര്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ തിരഞ്ഞെടുക്കപ്പെടൂ.
ഗുരുവായൂര്‍ ക്ഷേത്രം, ഓഫീസ്, കീഴേടം ക്ഷേത്രങ്ങള്‍, ഗസ്റ്റ് ഹൗസുകള്‍, ആനക്കോട്ട, ഗോകുലം, മെഡിക്കല്‍ സെന്റര്‍, ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ വരിക. റൂം ബോയ്‌സ് (119), സാനിറ്ററി വര്‍ക്കര്‍ (115), വാച്ച് മാന്‍ (31), പശുപാലകര്‍ (30), എല്‍ഡി ക്ലാര്‍ക്ക് (23), അസി. ലൈന്‍മാന്‍ (16), ഹെല്‍പര്‍ (14), കീഴേടം ശാന്തിക്കാര്‍ (12), വിളക്കു തുടയ്ക്കല്‍ (8), പ്ലംബര്‍ (6), ഗ്രേഡ് 2 വര്‍ക്കര്‍ (4), ആയ (3) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.












Click it and Unblock the Notifications