25 വയസായോ? ഈ യോഗ്യതകളുണ്ടോ? ഒരു ലക്ഷം വരെ ശമ്പളം വാങ്ങിക്കാം
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ( എച്ച് പി സി എല്‍ ) ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ hindustanpetroleum.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കണം.
63 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നി വിഭാഗങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ ആവശ്യമാണ്.

ഫയര്‍ ആന്‍ഡ് സേഫ്റ്റി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും സയന്‍സ് ബിരുദവും ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമയും ആണ് വേണ്ടത്. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 25 വയസിനും ഇടയില്‍ ആയിരിക്കണം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ റിഫൈനറി ഡിവിഷനുകളില്‍ ആയിരിക്കും നിയമനം. അതിനാല്‍ തന്നെ ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 1,20,000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. സിടിസി പേ ഗ്രേഡിന്റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പള നിലവാരത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. കൂടാതെ അടിസ്ഥാന ശമ്പളം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ക്ഷാമബത്ത, വീട്ടു വാടക അലവന്‍സ് (എച്ച് ആര്‍ എ), കഫറ്റീരിയ അലവന്‍സ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.
ജോയിന്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവിന് വിധേയരാകും. ഈ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥന്റെ പ്രകടനം വിലയിരുത്തുകയും കമ്പനിയുടെ നയങ്ങള്‍ക്കനുസൃതമായി സ്ഥിരീകരണത്തിനായി അവരെ പരിഗണിക്കുകയും ചെയ്തതിന് ശേഷം മാത്രമെ സ്ഥിരപ്പെടുത്തുകയുള്ളൂ.
എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ്, യു പി ഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് പോലുള്ള ഓണ്‍ലൈന്‍ മോഡുകള്‍ വഴി 1180 രൂപ (ജി എസ് ടി ഉള്‍പ്പെടെ) അപേക്ഷ ഫീസ് ആയി അടയ്ക്കണം. പേയ്മെന്റ് വിജയിച്ച് കഴിഞ്ഞാല്‍, സ്റ്റാറ്റസ് സ്വയമേവ അപ്ഡേറ്റ് ചെയ്യപ്പെടും. അപേക്ഷാ ഫീസ് ഒരു കാരണവശാലും റീഫണ്ട് ചെയ്യപ്പെടുന്നതല്ല.


Click it and Unblock the Notifications