പൊതുമേഖലാ സ്ഥാപനത്തില്‍ 118 ഓളം ഒഴിവ്... ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങിക്കാം; ഈ യോഗ്യതകളുണ്ടോ?
പൊതുമേഖലാ ജലവൈദ്യുത കമ്പനിയായ എന്‍എച്ച്പിസി ലിമിറ്റഡ് ട്രെയിനി ഓഫീസര്‍ തസ്തികയിലേക്കും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. എച്ച് ആര്‍, പി ആര്‍, നിയമം എന്നീ വിഭാഗങ്ങളിലേക്കാണ് ട്രെയിനി ഓഫീസര്‍മാരെ ആവശ്യമുള്ളത്. ആകെയുള്ള 118 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒമ്പത് മുതല്‍ റിക്രൂട്ട്‌മെന്റ് വിന്‍ഡോ തുറന്നിട്ടിരിക്കുകയാണ്.
ഡിസംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ട്രെയിനി ഓഫീസര്‍ (എച്ച്ആര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ എച്ച്ആര്‍ മേഖലയില്‍ പിജി ബിരുദമോ ഡിപ്ലോമയോ ആവശ്യമാണ്. ഏറ്റവും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും സാധുതയുള്ള യുജിസി നെറ്റ് സ്‌കോറും ആവശ്യമാണ്. ട്രെയിനി ഓഫീസര്‍ (പിആര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കമ്മ്യൂണിക്കേഷന്‍, ജേര്‍ണലിസം, പബ്ലിക് റിലേഷന്‍ വിഷയങ്ങളില്‍ പിജി ബിരുദമോ ഡിപ്ലോമയോ ആവശ്യമാണ്.

ഏറ്റവും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും സാധുതയുള്ള യുജിസി നെറ്റ് സ്‌കോറും ആവശ്യമാണ്. ട്രെയിനി ഓഫീസര്‍ (നിയമം) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷത്തെ എല്‍എല്‍ബിയോ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രിയോ വേണം. സാധുതയുള്ള ക്ലാറ്റ് (പിജി) സ്‌കോറും ആവശ്യമാണ്. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസതികയിലേക്ക് സാധുതയുള്ള രജിസ്‌ട്രേഷനോട് എംബിബിഎസ് ബിരുദം വേണം.
രണ്ട് വര്‍ഷത്തെ യോഗ്യതാനന്തര പരിചയവും വേണം. ട്രെയിനി ഓഫീസര്‍മാരുടെ പ്രായപരിധി 30 വയസും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രായപരിധി 35 വയസുമാണ്. സര്‍ക്കാര്‍ ചട്ടപ്രകാരം എസ് സി, എസ്ടി, ഒബിസി (നോണ്‍ ക്രീമിലെയര്‍), പിബ്ല്യുബിഡി, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. ജനറല്‍ വിഭാഗക്കാര്‍ക്ക് നികുതി അടക്കം 708 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, വനിതകള്‍, പിബ്ല്യുബിഡി, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
ട്രെയിനി ഓഫീസര്‍മാര്‍ക്ക് 50000-160000 വരെയാണ് പ്രതിമാസ ശമ്പളം. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് 60000-180000 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം. ട്രെയിനി ഓഫീസര്‍മാര്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ അക്കാദമിക് യോഗ്യതയും യുജിസി നെറ്റ്/ക്ലാറ്റ് സ്‌കോറുകളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും ആശയവിനിമയം, നേതൃത്വം, വിശകലന കഴിവുകള്‍ എന്നിവയും വിലയിരുത്തും.
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരെ എംബിബിഎസ് പരീക്ഷയുടെ സ്‌കോറുകളും വ്യക്തിഗത അഭിമുഖത്തിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുക. മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള യോഗ്യതയുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nhpcindia.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.












Click it and Unblock the Notifications