ഐഎസ്ആര്‍ഒയില്‍ ജോലി നേടാം, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം ഇത്ര
ഐ എസ് ആര്‍ ഒ ( ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ) അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 ല്‍ നിന്ന് ഏപ്രില്‍ 15 വരെ നീട്ടി. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സംബന്ധമായ വിവരങ്ങള്‍ക്ക് ഐ എസ് ആര്‍ ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ 10 പോയിന്റ് സ്‌കെയിലില്‍ 6.32 സി ജി പി എ ഉണ്ടായിരിക്കണം. സര്‍വകലാശാല നിര്‍ദ്ദേശിക്കുന്ന കോഴ്‌സിന്റെ നിശ്ചിത കാലയളവിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ 10 പോയിന്റ് സ്‌കെയിലില്‍ 6.32 സി ജി പി എ ഉണ്ടായിരിക്കണം. സര്‍വകലാശാല നിര്‍ദ്ദേശിക്കുന്ന കോഴ്‌സിന്റെ നിശ്ചിത കാലയളവിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയില്‍ മിനിറ്റില്‍ 60 വാക്കുകളുടെ വേഗതയും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിലുള്ള പ്രാവീണ്യവും മുന്‍ഗണന നല്‍കും.
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കൊമേഴ്സ്യല്‍ / സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഡിപ്ലോമയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡ് / യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച പ്രകാരം 10-പോയിന്റ് സ്‌കെയിലില്‍ 6.32 സി ജി പി എ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരും ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരാണ്. ഉദ്യോഗാര്‍ത്ഥികള്‍ 2024 മാര്‍ച്ച് 31- ന് 18- നും 28- നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്സിന്റെ ലെവല്‍-4-ല്‍ അനുസരിച്ച് 25500 രൂപ മുതല്‍ 81100 രൂപ വരെ ലഭിക്കും. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 25,500 രൂപയായിരിക്കും. കൂടാതെ, ഡിപ്പാര്‍ട്ട്മെന്റല്‍ ഹൗസിംഗ്, ട്രാന്‍സ്പോര്‍ട്ട് സൗകര്യം ലഭിക്കാത്തവര്‍ക്ക് യഥാക്രമം ഡിയര്‍നസ് അലവന്‍സ്, ഹൗസ് റെന്റ് അലവന്‍സ്, പോസ്റ്റിംഗ് സ്ഥലത്ത് പ്രാബല്യത്തിലുള്ള നിശ്ചിത നിരക്കില്‍ ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് എന്നിവ നല്‍കും.
ഓണ്‍ലൈന്‍ മോഡില്‍ മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയൂ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷ ഓണ്‍ലൈനായി https://www.prl.res.in/OPAR ല്‍ രജിസ്റ്റര്‍ ചെയ്യാം.












Click it and Unblock the Notifications