ഒന്നരലക്ഷം രൂപ വരെ ശമ്പളമുള്ള കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം, ബിരുദക്കാര്‍ക്കും അവസരം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫരീദാബാദിലെ എന്‍ എച്ച് പി സി ലിമിറ്റഡിലെ വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലായി ആകെ 248 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്തംബര്‍ രണ്ടിനാണ് അപേക്ഷാ ജാലകം തുറന്നത്.
അസിസ്റ്റന്റ് രാജ്ഭാഷ ഓഫിസര്‍, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇ & സി), സൂപ്പര്‍വൈസര്‍, സീനിയര്‍ അക്കൗണ്ടന്റ്, ഹിന്ദി ട്രാന്‍സ്ലേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 30 വയസാണ്. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് മാനദണ്ഡപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. ശമ്പളം, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ അറിയാം...

അസിസ്റ്റന്റ് രാജ്ഭാഷ ഓഫിസര്‍
ഹിന്ദിയില്‍ പിജി (ബിരുദത്തില്‍ ഇംഗ്ലിഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കില്‍ ഇംഗ്ലിഷില്‍ പിജി (ബിരുദത്തില്‍ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം) ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ മുതല്‍ 140000 വരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇ & സി)
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍ / ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലൊന്നില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,600 രൂപ മുതല്‍ 1,19,500 രൂപ വരെ ശമ്പളം ലഭിക്കും.
സൂപ്പര്‍വൈസര്‍ (ഐടി)
ഏതെങ്കിലും ബിരുദം. ഡിഒഇഎസിസി എ ലെവല്‍ കോഴ്‌സ്/ തത്തുല്യ ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ 3 വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കില്‍ ബിസിഎ/ബിഎസ്സി (കംപ്യൂട്ടര്‍ സയന്‍സ്/ഐടി) എന്നിവ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,600 രൂപ മുതല്‍ 1,19,500 രൂപ വരെ ശമ്പളം ലഭിക്കും.
സീനിയര്‍ അക്കൗണ്ടന്റ്
സിഎ ഇന്റര്‍ ജയം/സിഎംഎ ഇന്റര്‍ ജയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 29,600 രൂപ മുതല്‍ 1,19,500 രൂപ വരെയായിരിക്കും ശമ്പളം.
ഹിന്ദി ട്രാന്‍സ്ലേറ്റര്‍
ഹിന്ദിയില്‍ പിജി (ബിരുദത്തില്‍ ഇംഗ്ലിഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കില്‍ ഇംഗ്ലിഷില്‍ പിജി (ബിരുദത്തില്‍ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം) ഉണ്ടായിരിക്കണം. ഒരു വര്‍ഷ പരിചയം അല്ലെങ്കില്‍ ട്രാന്‍സ്ലേഷനില്‍ ബിരുദം/ ഡിപ്ലോമ (ഇംഗ്ലിഷില്‍ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും) ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,000 രൂപ മുതല്‍ 1,05,000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ 708 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, വിമുക്തഭടന്‍മാര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് www.nhpcindia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.












Click it and Unblock the Notifications