എന്‍ഐഎയില്‍ ജോലിയാണോ സ്വപ്‌നം? ഈ യോഗ്യതയുള്ളവര്‍ക്ക് സുവര്‍ണാവസരം
എന്‍ ഐ എ ( നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ) കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ എക്‌സ്‌പെര്‍ട്ട് ( കണ്‍സള്‍ട്ടന്റ് ) തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. പ്രസ്തുത തസ്തികയില്‍ പത്ത് ഒഴിവുകളാണ് ഉള്ളത്. 65 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതകളും അനുഭവ സമ്പത്തും സംബന്ധിച്ച വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ബിരുദം ഉണ്ടായിരിക്കണം. റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, ഡി വൈ എസ് പി, അഡീ. ഡി വൈ എസ ്പി, എസ് പി അല്ലെങ്കില്‍ കേന്ദ്ര പൊലീസ് സേനയായ സി ബി ഐ, എന്‍ സി ബി, ഐ ബി, കാബിനറ്റ് സെക്രട്ടറി, എന്‍ ടി ആര്‍ ഒ, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, ഡി ആര്‍ ഐ, സംസ്ഥാന പൊലീസ് എന്നിവരെയാണ് എന്‍ ഐ എ തേടുന്നത്.

അപേക്ഷകര്‍ സ്ഥാപനത്തെ കുറിച്ചും അഡ്മിനുമായി ബന്ധപ്പെട്ട ജോലികളെ കുറിച്ചും അറിവുള്ള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കുന്നത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കേസുകള്‍, ഇന്റലിജന്‍സ് ജോലികള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജോലികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
ഒരു വര്‍ഷത്തേക്കാണ് നിയമനം. പരാമവധി അഞ്ച് വര്‍ഷം വരേയോ അല്ലെങ്കില്‍ 65 വയസ്സ് വരേയോ ( ഏതാണോ ആദ്യം ) നീട്ടാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് അഭിമുഖം വഴിയായിരിക്കും. മെയ് 6, 7 ( തിങ്കള്‍, ചൊവ്വ ) തിയതികളില്‍ രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. വേദി: എന്‍ ഐ എ, ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സിജിഒ, കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി.
ഉദ്യോഗാര്‍ത്ഥികള്‍ റിപ്പോര്‍ട്ടിംഗ് സമയത്തിന് മുമ്പ് അഭിമുഖം നടക്കുന്ന സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. വൈകിയെത്തുന്നവരെ പരിഗണിക്കില്ല. കമ്മിറ്റി ആവശ്യപ്പെടുന്ന എല്ലാ പ്രസക്ത രേഖകളും അപേക്ഷകര്‍ അഭിമുഖത്തിന്റെ സമയത്ത് കൈവശം വെച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 09.12.2020 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമുള്ള പ്രതിമാസ ശമ്പളം ലഭിക്കും. വിരമിക്കുമ്പോള്‍ അവസാനമായി എടുത്ത ശമ്പളത്തില്‍ നിന്ന് അടിസ്ഥാന പെന്‍ഷന്‍ കിഴിച്ച് പ്രതിഫലം നിശ്ചയിക്കും.












Click it and Unblock the Notifications